Visit my English blog at http://jayanthanpk.blogspot.in

2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

ഗാന്ധി ജയന്തി


ജയശ്രി എന്നും രാവിലെ അഞ്ചര മണിക്ക് എഴുന്നേൽക്കും, എത്ര താമസിച്ചു കിടന്നാലും. അവധി ദിവസങ്ങളിൽ മാത്രം അൽപം താമസിക്കും. എഴുന്നേറ്റാൽ അര മണിക്കൂറോളം വ്യായാമം ചെയ്യും. മുമ്പ് നടുവിനു വേദന വന്നപ്പോൾ തുടങ്ങിയതാണ്. പതിവ്എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ തെറ്റിക്കാറില്ല. ഇല്ലത്ത് രാത്രിയിൽ തങ്ങാൻ ആരെങ്കിലും ഉണ്ടായിരിക്കുമ്പോഴോ അല്ലെങ്കിൽ നാട്ടിൽ പോകുന്ന സമയങ്ങളിലോ മാത്രമാണ് പതിവു തെറ്റിക്കാൻ നിർബ്ബന്ധിതയാകാറ്.

ഇന്ന് ആറരയായിട്ടും എഴുന്നേൽക്കാനുള്ള മട്ടൊന്നും കണ്ടില്ല. ഈശ്വരാ, നടുവു വേദന കൂടുതലായിരിക്കുമോ? വേദനയുണ്ടെന്ന് ഇന്നലെ പറഞ്ഞിരുന്നു.

ഞാൻ ചോദിച്ചു, "എന്തേ, നടുവു വേദന കൂടുതലാണോ? ഇന്ന് ഓഫീസിൽ പോകുന്നില്ലേ?"

ഒരു കള്ളച്ചിരിയോടെ മറുപടി, "ഇന്ന് ഒക്ടോബർ രണ്ടല്ലേ?"

! അതു ശരിയാണല്ലോ. ഇന്നു ഗാന്ധി ജയന്തി. വെറും ജയന്തിയല്ല, 150-)മതു ജയന്തി - ഒക്ടോബർ 2, 2019.

പതിവായി ഓഫീസിൽ പോകുന്നതു നിർത്തിയതിനുശേഷം അവധി ദിവസങ്ങളുടെ പ്രാധാന്യവും അവ മനസ്സിൽ ചൊരിയുന്ന കുളുർമ്മയും പാടെ മറന്നുപോയി!

***************

മോഹൻദാസ് എന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന എം.കെ. ഗാന്ധി എന്ന മഹാത്മാ ഗാന്ധി, നമ്മുടെ രാഷ്ട്രപിതാവ്, ജനിച്ചിട്ട് ഇന്നു 150 വർഷം തികയുന്നു.

രണ്ടു മൂന്നു ദിവസമായി പത്രത്തിൽ നിറയെ ഗാന്ധിജിയെപ്പറ്റിയുള്ള ലേഖനങ്ങളും പടങ്ങളും ആയിരുന്നു. ഇന്നും ഉണ്ട്. എല്ലാ ലേഖനങ്ങളും കൂടി ചേർത്താൽ ഗാന്ധിയെപ്പറ്റി ഒരു പി.എച്ച്.ഡി. ചെയ്യാനുള്ള അറിവു കിട്ടും, തീർച്ച. എനിക്ക് ഏതായാലും അങ്ങനെയുള്ള മോഹമൊന്നും ഇല്ലാത്തതിനാൽ മുഴുവനൊന്നും വായിക്കാൻ മിനക്കെട്ടില്ല.

ഇന്നു ഫേസ്ബുക്, ട്വിറ്റർ, വാട്സാപ്പ്, എന്നു വേണ്ട സോഷ്യൽ മീഡിയയുടെ എല്ലാ ശാഖകളിലും നൂറു കണക്കിനു ഗാന്ധി ജയന്തി ആശംസകൾ തലങ്ങും വിലങ്ങും പ്രവഹിക്കും. മുന്നോട്ട് അയക്കുന്നതിനു (ഫോർവേഡ്) മുമ്പ് അതിലുള്ള സന്ദേശം വായിക്കാനും മനസ്സിലാക്കാനും അതിൻറെ അന്തസ്സത്ത ഉൾക്കൊള്ളാനും നമ്മിൽ എത്ര പേർ മിനക്കെടാറുണ്ട്? (ഈയിടെ ഞാനെഴുതിയ ഒരു കവിത ചിലർക്കൊക്കെ വാട്സാപ്പിൽ അയച്ചു കൊടുത്തു. ഏതാനും മിനിറ്റിനുള്ളിൽ ആദ്യത്തെ പ്രതികരണം കിട്ടി, തംസ് അപ്പിൻറെ രൂപത്തിൽ. ഇത്ര പെട്ടെന്ന് കവിത വായിച്ചു കഴിഞ്ഞല്ലോ എന്നോർത്ത് അതിശയവും അഭിമാനവും തോന്നി. സ്വയം (ആരും കാണാതെ!) പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തു. കുറച്ചു നേരം കഴിഞ്ഞപ്പോൾ അടുത്ത പ്രതികരണം, "ബാക്കിയെവിടെ അമ്മാവാ?" അപ്പോഴാണു ശ്രദ്ധിച്ചത്. പ്രതിയെടുത്ത് ഒട്ടിച്ചപ്പോൾ പകുതിയേ വന്നിരുന്നുള്ളു! അപ്പോൾ തംസ് അപ്പ്?)

പൊതു ഖജനാവിൽ നിന്നും ഗാന്ധിജിയുടെ പടമുള്ള നോട്ടുകൾ കവർച്ച ചെയ്യുന്നവർ, സ്വന്തം കീശ വീർപ്പിക്കാൻ വേണ്ടി പൊതുജനങ്ങളെ ഞെക്കി  പിഴിയുന്നവർ, സ്വന്തം നേട്ടത്തിനു വേണ്ടി നിയമം വളച്ചൊടിക്കുന്നവർ, പ്രളയവും വരൾച്ചയും ആഘോഷിക്കുന്നവർ, ഓരോ ദുരന്തത്തിനു ശേഷവും വസ്തു വകകളും കൊട്ടാരങ്ങളും കോടിക്കണക്കിനു വിലയുള്ള വാഹനങ്ങളും മറ്റും വാരിക്കൂട്ടുന്നവർ, പണത്തിനും പെണ്ണിനും പ്രതികാരത്തിനും അധികാരത്തിനും വേണ്ടി ബന്ധുക്കളേയും സുഹൃത്തുക്കളേയും അപരിചിതരേയും നിഷ്ക്കരുണം വെട്ടി നുറുക്കുന്നവർ, എല്ലാവരും ഇന്നു ഗാന്ധി ജയന്തി ആഘോഷിക്കും.

രാഷ്ട്രീയമായിട്ടും സാമൂഹികമായിട്ടും ഗാന്ധിയെ എതിർത്തവരും ഗാന്ധിവധം ആഘോഷിച്ചവരും, ഗാന്ധിപ്രതിമകൾ തകർത്തവരും, ഗാന്ധിയുടെ ഘാതകനെ പൂജിച്ചവരും ഇന്നു ഗാന്ധി ജയന്തി ആഘോഷിക്കും. ഗാന്ധിയുടെ ഗുണഗണങ്ങൾ വാനോളം പുകഴ്ത്തും. ഗാന്ധിയുടെ ആദർശങ്ങൾ അന്നത്തേതുപോലെ ഇന്നും പ്രസക്തമാണെന്നും അവ വില മതിക്കാനാകാത്തവയാണെന്നും ഘോര ഘോരം ഉദ്ഘോഷിക്കും.

കറുപ്പ് എത്രമാത്രം തീവ്രമാണോ അത്രമാത്രം വെളുപ്പിൻറെ പ്രകാശവും ശോഭയും കൂടുമല്ലോ. അതുപോലെ എത്രമാത്രം അഹിംസയും അരാജകത്വവും കൂടുന്നുവോ അത്രമാത്രം ഗാന്ധിജിയുടെ ആദർശങ്ങൾ കൂടുതൽ ശോഭിക്കും. മുമ്പൊക്കെ ഒരു ലക്ഷത്തിൻറെ, അല്ലെങ്കിൽ അഞ്ചു ലക്ഷത്തിൻറെ, ഒക്കെ അഴിമതി കാണിച്ചാൽ വലിയ ആശ്ചര്യവും വാർത്തയുമൊക്കെ ആകുമായിരുന്നു. ഇന്നോ?

ഇന്നു ഗാന്ധി ജയന്തി ആഘോഷിക്കാൻ മദ്യപിച്ചു ലക്കു കെടുന്നവർ എത്രയെങ്കിലും ഉണ്ടാകും. (ഓണത്തിനു കുടിച്ചു തീർത്ത മദ്യത്തിൻറെ കണക്കുകൾ പത്രത്തിൽ വായിക്കാറില്ലേ?) ഗാന്ധിജി സ്നേഹിച്ച എത്രയെത്ര മൃഗങ്ങളും പക്ഷികളും ഇന്ന് തീന്മേശകളിൽ ഗാന്ധി ഭക്തരുടെ താൽകാലിക സുഖത്തിനു വേണ്ടി ഹോമിക്കപ്പെടും?

(ഇതുപോലെ ബ്ലോഗിലെഴുതിയും ചിലരൊക്കെ കയ്യടി വാങ്ങാൻ നോക്കും!!)

ഭിക്ഷക്കാർ, ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലാത്തവർ, തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർ, ഇവരൊന്നും ഒരു പക്ഷെ ഇന്നു ഗാന്ധിജയന്തി ആഘോഷിക്കില്ല. പത്രങ്ങളിൽ പേര് വരുന്നതോ, യോഗങ്ങളിൽ പ്രസംഗിക്കുന്നതോ ടീവീയിൽ പടം വരുന്നതോ ഒന്നും അവർക്കു വിഷയമല്ല. ഉച്ചക്കു വിശപ്പു മാറ്റുന്നതെങ്ങനെ എന്നായിരിക്കും അവരുടെ ചിന്ത.

നാളെ മുതൽ എല്ലാം പഴയതു പോലെ.

ഖജനാവു കൊള്ളയടിക്കലും, കൈക്കൂലി കണക്കു പറഞ്ഞു മേടിക്കലും പട്ടാപ്പകലുള്ള നടുറോഡിലെ വെട്ടിക്കൊലകളും രാഷ്ട്രീയക്കാരുടെ പൊള്ള വാഗ്ദാനങ്ങളും എല്ലാം പഴയതു പോലെ തുടരും. ഇതല്ലേ വർഷങ്ങളായി കണ്ടു വരുന്നത്?

***************

"ഇന്നെന്താ രാവിലെ മുതൽ കമ്പ്യൂട്ടറിൻറെ മുമ്പിലാണല്ലോ. കുളിയും ജപവും ഒന്നുമില്ലേ? വിശന്നു തുടങ്ങിയില്ലേ?" ജയശ്രിയാണ്.

"ദാ വരുന്നു."


7 അഭിപ്രായങ്ങൾ:

  1. ഇന്നത്തെ "പ്രായോഗിക" രാഷ്ട്രീയത്തിൽ, ഗാന്ധിയൻ തത്വങ്ങളും മൂല്യങ്ങളും പിന്തുടരുന്ന ഒരു രാഷ്ട്രീയക്കാരൻ പോലും ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ പേരും ഓർമ്മകളും പരമാവധി ചൂഷണം ചെയ്യുന്നതല്ലാതെ..

    അമ്മാവാ എഴുത്തു തുടരൂ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒത്തിരി നന്ദി, വിനുക്കുട്ടാ.

      ശരിയാണു നീ പറഞ്ഞത്. കെട്ടിപ്പടുക്കുന്നതിനേക്കാൾ 'പ്രായോഗികം' തച്ചുടക്കുന്നതാണ്. അതാണല്ലോ ഇവിടെ നടക്കുന്നതും.

      ഇല്ലാതാക്കൂ
  2. Mahatma Gandhi has a universal appeal and relevance. I am positive that things will improve. Please continue your blog.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Thank you, Vivek. Optimism is the best path to hope. But many times one tends to become at least a realist, if not a pessimist.

      I don't know why you were unable to record your name. I tried. The blog does not allow me to modify any comment.

      ഇല്ലാതാക്കൂ
  3. വാട്സാപ്പിൽ കിട്ടിയത്:

    പരമ സത്യം. എങ്കിലും എവിടെയൊക്കെയോ ചില മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് എന്ന സത്യവും മറച്ചു വയ്ക്കാനാവില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ വേണ്ടി ആണെങ്കിലും ചിലരൊക്കെ നല്ല പ്രവൃത്തികൾ ചെയ്തു തുടങ്ങിയിട്ടുണ്ട്.

    വേണി

    മറുപടിഇല്ലാതാക്കൂ
  4. നന്ദി, വേണീ.

    ശരിയാണു വേണി പറഞ്ഞത്. നല്ല കാര്യങ്ങൾ ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ വരുന്നതു കൊണ്ടു കുഴപ്പമില്ല, നല്ലതു തന്നെ. പക്ഷെ സോഷ്യൽ മീഡിയയിൽ വരാൻ വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമ്പോഴാണു കാര്യങ്ങൾ വഷളാകാൻ സാദ്ധ്യതയുള്ളത്.

    മറുപടിഇല്ലാതാക്കൂ
  5. You have a great passion for writing. I enjoy reading only. So please keep it up.
    Regards,

    മറുപടിഇല്ലാതാക്കൂ