പണ്ടേതോ കവിപുംഗവൻ ഗണപതിക്കായിട്ടുടച്ചൂ ജവാ-
ലാണ്ടൊന്നിൽ കുറയാതെ തേങ്ങ, ദിനവും പ്രാർത്ഥിക്കയും ചെയ്തു പോൽ
മണ്ടത്തങ്ങൾ ചമച്ചിടുന്ന പരിഷക്കൂട്ടത്തിനുൻമൂലനം
കൊണ്ടീ കൈരളി, ധന്യഭാഷയതിനെ കാത്തീടണം ദേവ നീ
ഇത്ഥം ഭക്തനു ദാസനായ ഭഗവാൻ ഭൂമൗ നിരീക്ഷിക്കവേ
ഹസ്തം പാടെ വിറച്ചിരുന്നിവനുമാ തൂലികാ ദർശനത്താൽ
ചിത്തം, മേ, കവിതാങ്കുരത്തിനടിമപ്പെട്ടോരു നേരത്തിലാ-
ണത്തന്വീമണിയാലപിച്ചു, ഭഗവൻ നിദ്രക്കു കീഴ്പ്പെട്ടുപോയ്
വാണീദേവി മൊഴിഞ്ഞു, 'നീയെഴുത്തുവിൻ കാവ്യങ്ങ,ളീപ്പയ്യനെ
പാണീലാളനമേകി, നിദ്ര, മടിയിൽത്തന്നേ ശയിപ്പിച്ചിടും'
ഏണാക്ഷീമണി വാക്കു കേട്ടു മഠയൻ ഞാനും കുറിക്കുന്നിതാ
നാണം ലേശവുമേശിടാതെ പറയാൻ വാക്കൊന്നു മാത്രം , ക്ഷമ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ