(ദില്ലിയില്‍ നിന്നു ഗായത്രി പ്രസിദ്ധീകരിക്കുന്ന 'പ്രണവം' ത്രൈമാസികത്തിന്‍റെ 2015 ഏപ്രില്‍ [വിഷു] ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)
എന്‍റെ കുട്ടിക്കാലത്ത് ഞാൻ ഏറെ അതിശയത്തോടെയും അതിലേറെ ബഹുമാനത്തോടെയും
നോക്കി നിൽക്കുമായിരുന്ന,
എനിക്കൊട്ടും മനസ്സിലാകാത്ത വലിയ വലിയ കാര്യങ്ങൾ പറഞ്ഞിരുന്ന,
ഒരിക്കൽ സിനിമക്കു പോകാൻ അച്ഛൻ അനുവദിക്കാതിരുന്നപ്പോൾ, ഏട്ടനോട്
അനുവാദം ചോദിക്കാൻ അപേക്ഷിച്ചപ്പോൾ, വേണ്ടെന്നു പറഞ്ഞ കാര്യം വീണ്ടും ചോദിക്കുന്നത്
ശരിയല്ലെന്നു പറഞ്ഞ് എന്നെ നിരാശപ്പെടുത്തിയ,
കുളിച്ചാൽ തുവർത്താൻ മടിച്ചിരുന്ന,
അതിനെപ്പറ്റി ചോദിച്ചാൽ ചിരിച്ചു തള്ളുമായിരുന്ന,
കോളേജിൽ വച്ചു പുക വലിക്കാൻ തുടങ്ങിയ,
ബീഡിയെക്കാൾ സിഗരട്ടിനാണ് കൂടുതൽ ‘കിക്ക്’ എന്നു പറഞ്ഞിരുന്ന,
പുഴയിൽ കുളിക്കാൻ പോകുമ്പോൾ റോഡരുകിലുള്ള കശുമാവിൻ തോട്ടത്തിൽ
നിന്നു ഉടമസ്ഥൻ അറിയാതെ കശുവണ്ടി എടുത്ത് കടയിൽ കൊടുത്ത്, ഒരു കശുവണ്ടിക്ക് മൂന്ന്‍
എന്ന കണക്കിൽ നിലക്കടല വാങ്ങി എനിക്കു തരാറുണ്ടായിരുന്ന,
ഒരിക്കൽ കത്തയച്ചപ്പോൾ ‘നാരായണൻ ചേട്ടൻ’ എന്ന് വിലാസത്തിൽ എഴുതിയതിന്,
നാരായണൻ ചെട്ടിയാരെ അന്വേഷിച്ച് പോസ്റ്റ്‌മാൻ ഒരുപാട് അലഞ്ഞുവെന്നു എന്നോടു കള്ളം പറഞ്ഞ,
ചേട്ടൻ, ചേച്ചി എന്നൊന്നും വിലാസത്തിൽ എഴുതരുതെന്ന് എന്നെ സ്നേഹപൂർവ്വം
ഉപദേശിച്ച,
വായനയിൽ അതീവ ആകൃഷ്ടനായിരുന്ന,
എല്ലാ ദിവസവും കുറഞ്ഞത് നൂറു പേജെങ്കിലും വായിച്ചിരുന്ന,
ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം സമ്പാദിച്ച,
ഒരൊറ്റ കഥയുടെ പ്രസിദ്ധീകരണം കൊണ്ട് ഭാരതം മുഴുവൻ ഒരൊറ്റ ദിവസം
കൊണ്ട് പ്രസിദ്ധനായ,
നിർദോഷമായ ഒരു കഥയിൽ, ഇല്ലാത്ത അർത്ഥങ്ങൾ കല്‍പിച്ചു നൽകി മതഭ്രാന്തന്മാർ
ജനങ്ങളെ ഇളക്കിവിട്ടതുമൂലം ഉണ്ടായ ബഹളത്തിന്‍റെ ഫലമായി ദിവസങ്ങളോളം ഒളിച്ചു താമസിക്കേണ്ടി
വന്ന,
അന്നു ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് മനം നൊന്ത് പിന്നീട് ഒരിക്കലും കഥ എഴുതാത്ത,
ഞാൻ ദില്ലിക്കു വരാനും ഇവിടെ ജീവിതം കെട്ടിപ്പടുക്കാനും കാരണക്കാരനായ,
എന്‍റെ ആദ്യ ട്രെയിൻ യാത്രയിൽ എന്‍റെ സഹചാരിയായിരുന്ന,
നഗ്നപാദനായി കേരളത്തിൽ നിന്നു പുറപ്പെട്ട എനിക്ക് പാദരക്ഷകൾ
വാങ്ങിച്ചു തന്ന,
ദില്ലിയിൽ പാദരക്ഷകൾ ശരീരത്തിന്‍റെ ഭാഗമാണെന്നു എനിക്കു പറഞ്ഞു
തന്ന,
രണ്ടു ബോഗികളിൽ ആയിരുന്നതുകൊണ്ട് എല്ലാ സ്റ്റേഷനിലും എന്നെ കാണാൻ
വരുമായിരുന്ന,
അടുത്ത ബോഗിയിൽ ഞാനുണ്ട്, പേടിക്കണ്ട, എന്ന്‍ എനിക്കു ധൈര്യം
തന്നിരുന്ന,
ഗ്രാന്റ് ട്രങ്ക് എക്സ്പ്രസ്സിലെ ആദ്യ ദില്ലി യാത്രയുടെ അവസാനം,
മൂന്നു ദിവസം ഒരു കുടുംബം പോലെ കഴിഞ്ഞവരെ പിരിയുന്നതോർത്ത് കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ ‘ഇതൊന്നും സാരമില്ല, ഇനി
ഇതുപോലെ എത്രയെത്ര യാത്രകൾ നടത്തേണ്ടതാണ്’ എന്ന് പറഞ്ഞ് പുറത്തു തട്ടി സമാധാനിപ്പിച്ച,
ദില്ലിയിലെ ഓരോ കാൽ വയ്പിലും എന്‍റെ കൈ പിടിച്ചു നടത്തിയിരുന്ന,
ദില്ലിയെന്തെന്നും ദില്ലിയിലെ ജീവിതം എന്തെന്നും എനിക്കു മനസ്സിലാക്കിത്തന്ന,
തണുപ്പുകാലത്ത്, എനിക്കു കമ്പിളി ഉടുപ്പുകൾ ഇല്ലാതിരുന്ന സമയത്ത്,
അണിയാൻ സ്വന്തം കമ്പിളി ഉടുപ്പുകൾ എടുത്തു തന്ന,
ഹിന്ദി സംസാരിക്കാൻ അറിയില്ലാതിരുന്ന സമയത്ത് ആരെങ്കിലും എന്തെങ്കിലും
ചോദിച്ചാൽ ‘ഹിന്ദി പതാ നഹി’ അല്ലെങ്കിൽ ‘ഹിന്ദി മാലും നഹി’ എന്നു പറയാൻ പറഞ്ഞു തന്ന,
ദില്ലിയിലെ ആദ്യ ദിനങ്ങളിൽ ഗ്രേറ്റർ കൈലാഷിൽ നിന്ന്‍ കരോൾ ബാഗിലേക്കും
തിരിച്ചും ഏതു ബസ്സിൽ കയറണമെന്നും എവിടെ ഇറങ്ങണമെന്നും മനസ്സിലാക്കി തന്ന,
ദില്ലി മലയാളി അസ്സോസിയേഷനിൽ അംഗത്വത്തിന് അപേക്ഷ അയച്ചിട്ടുണ്ടെന്നു
പറഞ്ഞപ്പോൾ ഉറക്കെ ഉറക്കെ ചിരിച്ച,
ഒരു പക്ഷെ അവർക്ക് ഇത്തരത്തിലൊരു
കത്ത് ആദ്യമായിട്ടായിരിക്കും ലഭിച്ചിരിക്കുക എന്നു പറഞ്ഞ് എന്നെ കളിയാക്കിയ,
പിന്നീടു അവരുടെ മറുപടി ലഭിക്കാഞ്ഞപ്പോൾ ‘ഇപ്പോഴെന്തായി? ഞാൻ
പറഞ്ഞില്ലേ?’ എന്നു ചോദിച്ച് എന്നെ ഉത്തരം മുട്ടിച്ച,
മുട്ടക്കറിയുണ്ടാക്കി ഒരു വികൃതി ഒപ്പിക്കാൻ വേണ്ടി എന്നെക്കൊണ്ടു
കഴിപ്പിച്ച് എന്നെ പറ്റിച്ച,
വയറിളക്കം മൂലം ഞാൻ വശം കെട്ടപ്പോൾ ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ,
വെളുപ്പാൻ കാലമാവുന്നതുവരെ ഒരുമിച്ചിരുന്നു ചീട്ടു കളിക്കാറുണ്ടായിരുന്ന,
ശരിയായി പരിശീലിച്ചാൽ മത്സരപരീക്ഷയിൽ നൂറിൽ നൂറു മാർക്ക് വാങ്ങാമെന്നു
സ്വന്തം പരിശ്രമത്തിലൂടെ തെളിയിച്ച,
നാട്ടുനടപ്പിനെ അവഗണിച്ച് അമ്മാവന്‍റെ മകളെ ജീവിതസഖിയാക്കിയ,
രണ്ടു ഉറ്റ സുഹൃത്തുക്കളുടെ വിവാഹം ഒരേ ദിവസം തീരുമാനിക്കപ്പെട്ടപ്പോൾ,
വീട്ടുകാരുടെ സമ്മതമില്ലാതെ നടത്തിയ മിശ്രസംസ്ഥാന വിവാഹത്തിനു പോയ,
മറ്റേ സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കാത്തതു മൂലം അയാളുടെ
സൗഹൃദം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തേണ്ടി വന്ന,
പുകവലിക്കുന്നതിലും മദ്യപിക്കുന്നതിലും തെറ്റില്ലെന്നു ജീവിതത്തിലൂടെ
വിളിച്ചുപറഞ്ഞ,
ജീവിതം ആസ്വദിക്കണമെന്നു ചെറുപ്പകാലത്തും, ജീവിതത്തെ അനുസരിപ്പിക്കണമെന്നു
ഇടക്കാലത്തും ജീവിതത്തെ അടിമയാക്കണമെന്നു വാർദ്ധക്യത്തിലും ഉച്ചൈസ്തരം ഉദ്ഘോഷിച്ച,
ആരോടും ഏതു സമയത്തും പുരാണ കഥകളും മഹത്തുക്കളുടെ ജീവിത കഥകളും
പറയാൻ ഏറെ തല്പരനായിരുന്ന,
ജീവിതത്തിന്‍റെ അർത്ഥം സദാ അന്വേഷിച്ചുകൊണ്ടിരുന്ന,
ജീവിതത്തിന്‍റെ തത്വശാസ്ത്രം പറഞ്ഞു തരാൻ എപ്പോഴും ഉത്സാഹം കാണിച്ചിരുന്ന,
ശരീരത്തിന്‍റെ നശ്വരതയെപ്പറ്റി നല്ലപോലെ ബോധവാനായിരുന്ന,
പതിവായി മണിക്കൂറുകളോളം ഭാഗവതവും മറ്റു പുരാണഗ്രന്ഥങ്ങളും വായിക്കാറുണ്ടായിരുന്ന,
വായനയുടെ സമയത്ത് വിശക്കരുതെന്നു വയറിനെപ്പോലും പറഞ്ഞു പരിശീലിപ്പിച്ച,
ഭക്തിയും അറിവും ഒരു പ്രദർശന വസ്തുവാക്കാൻ ഇഷ്ടപ്പെടാത്ത,
പൂജ കഴിഞ്ഞാൽ പ്രായഭേദമെന്യേ അവിടെയുള്ള എല്ലാവരുടേയും നെറ്റിയിൽ
പ്രസാദം സ്വയം ചാർത്തിക്കൊടുക്കുമായിരുന്ന,
മകൾ, പിന്നീടു മരുമകളും, ഗർഭിണിയായിരുന്നപ്പോൾ ഭാഗവത സപ്താഹം നടത്തി പിറക്കാൻ പോകുന്ന കുഞ്ഞിനു
ഭഗവാന്‍റെ കഥകൾ പറഞ്ഞു കൊടുത്ത,
നൊച്ചൂർ വെങ്കട്ടരാമന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിൽ ആനന്ദവും
ആവേശവും കണ്ടെത്തിയിരുന്ന,
നോയിഡയിൽ വീടു വാങ്ങാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുംചെയ്ത,
എപ്പോഴും മിട്ടായി കൈയിൽ കരുതി വയ്ക്കുകയും അവ കുട്ടികൾക്കും
മുതിർന്നവർക്കും യഥേഷ്ടം ചിരിയിൽ ചാലിച്ചു വിതരണം ചെയ്യുകയും ചെയ്തിരുന്ന,
ബന്ധുക്കളെ തന്നാലാവും വിധം സഹായിക്കാൻ എപ്പോഴും അവസരം പാർത്തിരുന്ന,
എത്രയോ ബന്ധുജനങ്ങളെ ദില്ലിയിൽ കൊണ്ടു വരുകയും ജോലി ശരിയാക്കി
കൊടുക്കുകയും ചെയ്ത,
ദില്ലിയിൽ ചിന്നിച്ചിതറി കിടക്കുന്ന ബന്ധുക്കൾ എല്ലാ മാസവും
ഒരു തവണ കൂടിച്ചേരണമെന്ന് തീരുമാനിക്കയും അങ്ങനെ ഒരു സംരംഭത്തിനു നേതൃത്വം കൊടുക്കുകയും
നീണ്ട കാലത്തോളം നടത്തിക്കൊണ്ടു പോവുകയും ചെയ്ത,
ജീവിതകാലം നീട്ടിക്കൊണ്ടു പോകുവാൻ വേണ്ടി മാത്രം ഇഷ്ടകാര്യങ്ങൾ
ചെയ്യാതിരിക്കാനും അനിഷ്ടകാര്യങ്ങൾ ചെയ്യാനും വിസമ്മതിച്ച,
ഒടുവിൽ തനിക്കു ക്യാൻസർ എന്ന മഹാരോഗമാണെന്നു സ്ഥിരീകരിച്ചപ്പോൾ
അതിനെ ശാന്തമായി അഭിമുഖീകരിക്കുകയും മന്ദഹാസത്തോടെ സ്വീകരി ക്കുകയും ചെയ്ത,
ഒരുത്തമ തത്വജ്ഞാനിയെപ്പോലെ നിർവികാരനായി മരണത്തെ സ്വീകരിക്കാൻ
തയ്യാറായ,
ജീവൻ നിലനിർത്താൻ വേണ്ടി, അല്ലെങ്കിൽ അല്പം കൂടി നീട്ടിക്കിട്ടാൻ
വേണ്ടി മാത്രമായുള്ള ചികിത്സകളും മരുന്നുകളും ഉപയോഗിക്കാൻ ആദ്യം വിസമ്മതിച്ച,
ഒടുവിൽ ബന്ധുക്കളുടെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി ചികിൽസക്കു
സമ്മതിച്ച,
എന്നിട്ടും ഒടുവിൽ ഈശ്വരന്‍റെ നിശ്ചയത്തിനു മുമ്പിൽ നിരുപാധികം ആയുധം വച്ചു കീഴടങ്ങിയ,
2015 ഏപ്രിൽ മാസം പന്ത്രണ്ടാം തീയതി ഈ ലോകത്തോടു തന്നെ യാത്ര
പറഞ്ഞ,
ഞങ്ങളുടെയൊക്കെ ജീവിതത്തിൽ ഒരു ശൂന്യത സൃഷ്ടിച്ച് കടന്നുപോയ,
നാരായണനേട്ടന്,
ഈ അനുജന്‍റെ ആദരാജ്ഞലികൾ!
വാട്സാപ്പില്‍ കിട്ടിയത്:
മറുപടിഇല്ലാതാക്കൂഞാന് പല പ്രാവശ്യം നാരായണനേട്ടനോടു സംസാരിച്ചിട്ടുണ്ട്. പെട്ടെന്നോര്‍മ്മ വരുന്നത് ഞാന്‍ ദില്ലിയിലെത്തിയ ആദ്യ നാളുകളില്‍ ആര്‍.കെ.പുരം അയ്യപ്പ ക്ഷേത്രത്തില്‍ വച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ ജോലി സാദ്ധ്യതകളെപ്പറ്റിയും പരിശ്രമിക്കേണ്ടുന്ന രീതികളെപ്പറ്റിയും സ്നേഹത്തൊടെ പറഞ്ഞു തന്നത് ഓര്‍ക്കുന്നു. ഒരു പ്രാവശ്യമെങ്കിലും അദ്ദേഹത്തോടു സംസാരിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാവരുടേയും ഓര്‍മ്മയില്‍ നില്‍ക്കും.
പി. സന്തോഷ് കുമാര്‍
Received through WhatsApp:
മറുപടിഇല്ലാതാക്കൂJayanthan chetta,
The best suited memoriam a younger brother could present. Our heartfelt condolences. May his soul RIP.
Gopalakrishnan, Faridabad.
Received through e-mail:
മറുപടിഇല്ലാതാക്കൂIt is too emotional, Jayanthanetta.
Asha Raman
ഇ-മെയിലില്‍ കിട്ടിയത്:
മറുപടിഇല്ലാതാക്കൂജീവിതത്തിന്റെ അർത്ഥം സദാ അന്വേഷിച്ചുകൊണ്ടിരുന്ന...
Nice .. Some people are like that .. they make impressions
not to be impressive.. Just to be ....
nicely written
P M Narayanan
Chief Producer (South Asia)
ARD First German Television
Thank you, Shri Narayanan, for your comments.
ഇല്ലാതാക്കൂReceived through e-mail:
മറുപടിഇല്ലാതാക്കൂDear Jayanthan Ji,
Even though I don't know "Narayanan Cehttan" personally through your article one could realize 'what a good personality he was' .
Really all your articles are amazing.
Preethi
Thank you, Preethi, for your comments.
ഇല്ലാതാക്കൂ