Visit my English blog at http://jayanthanpk.blogspot.in

2015, ഏപ്രിൽ 15, ബുധനാഴ്‌ച

മൊട്ട


(ദെല്‍ഹിയില്‍ നിന്നു ഗായത്രി പ്രസിദ്ധീകരിക്കുന്ന 'പ്രണവം' ത്രൈമാസികയുടെ 2014 സെപ്റ്റംബര്‍
ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)


'മുട്ട'യാണോ 'മൊട്ട'യാണോ ശരി? കോഴി ഇടുന്നത് 'മുട്ട'യാണ്‌. കോഴി'മൊട്ട' എന്നാരും പറയാറില്ല. എന്നാല്‍ അതേ വാക്ക് തലയെപ്പറ്റിയാകുമ്പോള്‍ അത് മൊട്ടയായി മാറുന്നു. 'മുട്ടത്തല' എന്നാരും പറയാറില്ല. അതെപ്പോഴും 'മൊട്ടത്തല' തന്നെ. റ്റോംസിന്റെ കുട്ടികളായ ബോബന്റേയും മോളിയുടേയും കൂട്ടുകാരന്റെ പേരും 'മൊട്ട' എന്നാണല്ലോ.

അന്നു ഞായറാഴ്ച്ചയായിരുന്നു. ബാര്‍ബര്‍ ഷോപ്പില്‍ പതിവിലേറെ തിരക്ക്. കാത്തിരിക്കുന്നവര്‍ക്ക് ഇരിക്കാന്‍ വേണ്ടി ഒരു പഴയ ബെഞ്ച്. ഏഴു പേര്‍ക്കിരിക്കാം. അതില്‍ ഇപ്പോള്‍ തന്നെ എട്ടു പേരുണ്ട്. 'ഒന്നൊതുങ്ങിയിരിക്കാമോ' എന്നു ചോദിക്കാനാഞ്ഞപ്പോഴേക്കും ഏറ്റവും അറ്റത്തിരുന്ന കൊമ്പന്‍ മീശയുള്ള തടിയന്‍ എന്നെ ഒന്നു നോക്കി. ഞാന്‍ സാവധാനം മുറിയുടെ മൂലയിലേക്കു വലിഞ്ഞു. 'എനിക്കു ചെറുപ്പമാണ്‌, അല്‍പനേരം നില്‍ക്കാന്‍ വിഷമമൊന്നുമില്ല' എന്നു മനസ്സില്‍ പറയുകയും ചെയ്തു. എന്നാല്‍ 'അല്പനേര'ത്തിനു മണിക്കൂറുകള്‍ ദൈര്‍ഘ്യമുണ്ടായേക്കുമെന്നു അപ്പോള്‍ ചിന്തിച്ചില്ല. അല്ല, ചിന്തിച്ചാലും കാര്യമൊന്നുമില്ലായിരുന്നു താനും.


ഞായറാഴ്ച്ചത്തെ തിരക്കൊഴിവാക്കാന്‍ വേണ്ടി ഞാന്‍ വല്ലപ്പോഴുമൊക്കെ മറ്റു ദിവസങ്ങളില്‍ ബാര്‍ബര്‍ഷോപ്പില്‍ വരാറുണ്ട്. ചൊവ്വാഴ്ച്ചയാണ്‌ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അവധി. ഈ നിയമം ഇന്ത്യ ഒക്കെയും ബാധകമാണെന്നു തോന്നുന്നു. ഡെല്‍ഹിയില്‍ ഓരോ മേഖലയിലും കടകള്‍ക്ക് ആഴ്ച്ചയില്‍ ഓരോ ദിവസമാണ്‌  അവധി. അതെനിക്ക് ആദ്യമാദ്യം വല്ലാത്ത ആശ്ചര്യമുണ്ടാക്കിയിരുന്നു. നാട്ടില്‍ എല്ലായിടത്തും ഞായറാഴ്ച്ചയാണല്ലോ കടകള്‍ക്ക് അവധി. ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അവധി, പക്ഷെ, ചൊവ്വാഴ്ച്ച തന്നെ, ഇവിടെയും നാട്ടിലും, ഇന്ത്യയിലൊട്ടാകെയും. അതിന്റെ രഹസ്യമെന്താണാവോ!


ഞാന്‍ മുടി വെട്ടാന്‍ ചെല്ലുമ്പോള്‍ അവിടുത്തെ തല മൂത്ത ബാര്‍ബര്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിക്കും. 'യാതൊരു നിര്‍ബന്ധവുമില്ലാത്ത ഒരു തല ദാ വന്നു' എന്നാണാ ചിരിയുടെ അര്‍ഥം. 'മുടിയുടെ നീളം നല്ലവണ്ണം കുറക്കണം' എന്നു മാത്രമാണെന്റെ ആവശ്യം. കസേരയിലിരുന്നാല്‍ പിന്നെ എന്റെ തല മുഴുവനായും അയാളുടെ കത്രികക്കും കൈവിരലുകള്‍ക്കും മുമ്പില്‍ സമര്‍പ്പിക്കും (തലയുടെ പുറം മാത്രം, അകത്തു വല്ലതും ഉണ്ടെങ്കില്‍ അതെന്റെ സ്വന്തം!). 

ഓരോ സ്റ്റേജിലും ബാര്‍ബര്‍ക്കു നിര്‍ദ്ദേശം കൊടുക്കുന്ന ചിലരെ കാണാറുണ്ട്. മുടി വെട്ടിക്കഴിഞ്ഞാല്‍ ഒരു പത്തു മിനിട്ടെങ്കിലും കസേരയില്‍ നിന്നെഴുണേല്‍കാതെ കണ്ണാടിയില്‍ നോക്കിയിരിക്കും. തലയിലെ ഓരോ മുടിയുടേയും നീളവും സ്ഥാനവും ആകൃതിയും ശ്രദ്ധിക്കും. ഏതെങ്കിലും ഒരു മുടിക്ക് ഒന്നോ രണ്ടോ മില്ലീമീറ്റര്‍ നീളം കൂടിയാല്‍ അതെടുത്തു പറഞ്ഞു ശരിയാക്കും. എവിടെയെങ്കിലും അവര്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ നീളം കുറഞ്ഞു പോയെങ്കിലോ? പിന്നെ ബഹളം തന്നെ. അടുത്തുള്ള മറ്റു മുടികളുടെയൊക്കെ നീളം കുറപ്പിക്കും. എന്നിട്ട് ശരിക്കു ജോലി ചെയ്യാന്‍ അറിയില്ലെന്നു പറഞ്ഞ് ബാര്‍ബറെ  കുറെ ചീത്തയും വിളിക്കും. ഒരിക്കല്‍ ഒരാള്‍ മുടി വെട്ടിയതു പറഞ്ഞതുപോലെ ആയില്ലെന്നു പറഞ്ഞ് പാവം ബാര്‍ബര്‍ക്കു മുഴുവന്‍ കൂലി പോലും കൊടുക്കാതെ പോയി.

ഇനി ഷേവിങ്ങിന്റെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. ഷേവിങ്ങ് എന്നു പറഞ്ഞാല്‍ സാധാരണ അര്‍ത്ഥത്തിലുള്ള ഷേവിങ്ങ് മാത്രമല്ല. പിന്നേയോ, പുരികത്തിലേയും മൂക്കിലേയും ചെവിയിലേയും നീളം കൂടിയ രോമങ്ങള്‍ കൂടി വെട്ടി ശരിയാക്കണം. ചിലര്‍ക്കൊക്കെ കക്ഷത്തിലും ഷേവു ചെയ്തു കൊടുക്കണം! നോക്കണേ പാവം ബാര്‍ബറുടെ ഒരു ഗതികേട്! വേറെയും എവിടെയെങ്കിലും ഷേവു ചെയ്തു കൊടുക്കാറുണ്ടോയെന്നറിയില്ല. പക്ഷെ അതെന്തായാലും പരസ്യമായി പതിവില്ല. അത്രയും സമാധാനം!

നമുക്കു തിരിച്ചു വരാം. കസേരകള്‍ നാലെണ്ണം ഉണ്ടായിരുന്നെങ്കിലും ബാര്‍ബര്‍മാര്‍ മൂന്നുപേരേയുണ്ടായിരുന്നുള്ളു. അവയില്‍ മൂന്നിലും മൂന്നു തലകളും അവയുടെ താഴെ മൂന്നു ദേഹങ്ങളും. പ്രായമായ തലകളായിരുന്നു അവ മൂന്നും. ഒരാളുടെ തലയില്‍ ഗോദ്‌‌റേജിന്റെ മുടി കറുപ്പിക്കുന്ന എണ്ണ തേച്ചിരിക്കുന്നു. ഇനി ഒരു മണിക്കൂറെങ്കിലും അയാള്‍ക്ക് അവിടെയിരുന്ന് ഉറങ്ങാം. അയാളുടെ തലയില്‍ എണ്ണ തേച്ച ബാര്‍ബര്‍ക്ക് അത്രയും സമയം വിശ്രമമാണ്‌. പുറത്തു പോയി ബീഡി വലിക്കുകയോ, മൂത്റമൊഴിക്കുകയോ, ആരെയെങ്കിലും കണ്ട് സൊറ പറഞ്ഞിരിക്കുകയോ ആകാം.

മറ്റൊരാളുടെ മുഖത്തു മുഴുവന്‍ വെളുത്ത ചായം തേച്ചു പിടിപ്പിച്ചിരിക്കുന്നു. ഇയ്യാളും ഒരു മണിക്കൂറെങ്കിലും കഴിഞ്ഞെങ്കിലേ കസേര കാലിയാക്കൂ എന്നു തീര്‍ച്ച. ഇവര്‍ക്കു രണ്ടുപേര്‍ക്കും മാത്രമല്ല, മറ്റു പലര്‍ക്കും ഇതൊരു വെറും ബാര്‍ബര്‍ ഷോപ്പല്ല, അതിന്റെ സാധാരണ അര്‍ത്ഥത്തില്‍. പിന്നേയോ? ഒരു ബ്യൂട്ടി പാര്‍ലര്‍. തല കറുപ്പിക്കുക, മുഖത്തിനു സൗന്ദര്യവും തിളക്കവും വര്‍ദ്ധിപ്പിക്കുക, ദേഹം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞും ചവിട്ടി അരച്ചും പ്രായം കുറക്കുക തുടങ്ങിയ കലാപരിപാടികളൊക്കെ അവിടെ നടക്കാറുണ്ട്. 

ഒന്നു മുടി വെട്ടിക്കണം, അതാണെന്റെ ആവശ്യം. അതു മാത്രം. ചിലപ്പോഴൊക്കെ ഒന്നു ഷേവും ചെയ്യിക്കും. പണ്ടൊക്കെ ഒരേ ബ്ളേഡ് കൊണ്ട് പലരുടേയും ഷേവിങ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അതു പതിവില്ല. ഒരു ബ്ളേഡ് ഒടിച്ച് അതിന്റെ ഒരു പകുതി കൊണ്ടാണു പ്രയോഗം. ഒരു ഷേവിങ്ങ് കഴിഞ്ഞാല്‍ അതു വലിച്ചെറിയുകയും ചെയ്യും. ങ്ഹും, എന്തായാലും അതുകൊണ്ട്  ബ്ളേഡുകളുടെ ചെലവു  കൂടി എന്നര്‍ത്ഥം. എയിഡ്സ് വരുത്തിയ ഭരണപരിഷ്കാരങ്ങള്‍!

ഭിത്തിയില്‍ രണ്ടു മൂന്നു പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. അവയില്‍ ലോകത്തിലുള്ള, അല്ലെങ്കില്‍ ഇന്ത്യയിലെങ്കിലുമുള്ള, എല്ലാത്തരം മുടി മുറിക്കല്‍ ഫാഷനുകളുടേയും ഫോട്ടോയുണ്ട്. അവയ്കെല്ലാം ഓരോ പേരും. എല്ലാം ഹിന്ദി സിനിമയുമായി ബന്ധപ്പെട്ട പേരുകളാണ്‌. ഷാരുഖ് കട്ട്, ആമീര്‍ കട്ട്, ഗജിനി കട്ട്, എന്നിങ്ങനെ. 

ചിന്തിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ഇനിയും എത്ര തലകള്‍ കഴിഞ്ഞാലാവോ, എന്റെ തലയുടെ ഊഴം വരിക. ദൈവമേ, മുഖത്തു പെയിന്റടിച്ചിരുന്നയാളുടെ പണി കഴിഞ്ഞെന്നു തോന്നുന്നു. അയാളെഴുന്നേറ്റു. അല്പം ആശ്വാസം.

മുമ്പൊരിക്കല്‍ എന്നോടും ബാര്‍ബര്‍ അനിയന്‍ പറഞ്ഞതാണ്‌ തലയില്‍ ചായം തേയ്ക്കാമെന്നും മുഖത്തു പെയിന്റടിച്ച് തിരുമ്മി കുട്ടപ്പനാക്കിയെടുക്കാമെന്നും മറ്റും. കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ട് അയാള്‍ ചോദിച്ചു, "ചെയ്യട്ടെ?" 

ഞാന്‍ പറഞ്ഞു, "വേണ്ട".  

അയാള്‍ വിടാനുള്ള ഭാവമില്ല. എന്റെ അറുപതു വയസ്സായ മുഖത്തും തലയിലും ദേഹത്തും അയാളുടെ കൈക്രിയ കഴിയുമ്പോള്‍ എനിക്കു പത്തു വയസ്സെങ്കിലും പ്രായം കുറവു തോന്നിക്കുമത്രെ. മുഖത്തു നല്ല തിളക്കം വരുമത്രേ. ഇതൊക്കെ ചെയ്യാന്‍ വെറും നാനൂറു രൂപ മാത്രം മതിയത്രെ. ആഴ്ച്ചയിലൊരിക്കല്‍ ചെയ്താല്‍ മതി. ഒരു മാസത്തെ തുക അച്ചാരമായി കൊടുത്താല്‍ ഡിസ്കൗണ്ട് ഉണ്ട്, 1600ന്റെ സ്ഥാനത്ത്  1500 രൂപ കൊടുത്താല്‍ മതി. പത്തു വയസ്സു കുറയുമെങ്കില്‍ 1500 രൂപയെന്താ വലിയൊരു തുകയാണോ? അല്ലേയല്ല. മഹാനായ യയാതി മഹാരാജാവ് സ്വന്തം മകന്റെ യൗവനം ഇരന്നു വാങ്ങിച്ചില്ലേ? പിന്നെ വെറും സാധാരണ മനുഷ്യനായ എനിക്ക് ഒരല്പം അത്യാഗ്രഹം തോന്നിയെങ്കില്‍ എന്നെ കുറ്റം പറയല്ലേ.

പക്ഷെ ഒരു കുഴപ്പമുണ്ടല്ലൊ. എനിക്കിപ്പോള്‍ വയസ്സ് അറുപത്. പത്തു വയസ്സു (വെര്‍ച്വല്‍ ആയിട്ടാണെങ്കിലും) കുറഞ്ഞാല്‍ അപ്പോള്‍ 50. അതു ശരിയാവില്ലല്ലോ. ജയശ്രീക്ക് 54 വയസ്സായി. ങ്ഹാ, അതിന്‌ ഒരു എളുപ്പവഴിയുണ്ട്. ജയശ്രിയേയും നിര്‍ബന്ധിച്ച് ഏതെങ്കിലും ബ്യൂട്ടി പാര്‍ലറില്‍ അയയ്ക്കാം . അപ്പോള്‍ ജയശ്രീക്കു വയസ്സ് 44. അതു കൊള്ളാം. അപ്പോഴുമുണ്ട് വേറൊരു ചെറിയ പ്രശ്നം. മൂത്ത മകന്‍ ശ്രീജിക്ക് 33 വയസ്സായി. അവന്റേയും പ്രായം തത്തുല്യമായി കുറച്ചില്ലെങ്കില്‍ ജയശ്രീക്കു 11 വയസ്സുള്ളപ്പോള്‍ അവനെ പ്രസവിച്ചെന്നു വരും. ഹേയ്, അതേതായാലും വേണ്ട. ഏറ്റവും എളുപ്പം എനിക്കു പ്രായം കുറക്കാതിരിക്കുക തന്നെ. അതുകൊണ്ട് അയാള്‍ ചൊദിച്ചപ്പോളൊക്കെ 'വേണ്ട' എന്നു തന്നെ ഉത്തരം പറഞ്ഞു. മനസ്സിനു ചെറുപ്പമാണെങ്കില്‍ പിന്നെ ദേഹത്തിന്‌ അല്പം പ്രായം തോന്നിച്ചാലെന്താ? (എല്ലാ മുന്തിരിങ്ങകളും മധുരിക്കണമെന്നില്ലല്ലൊ.)

ഏകദേശം രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണെന്റെ ഊഴം വന്നത്. ഈശ്വരാ, ഇനിയും രണ്ടോ മൂന്നോ മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ഇതുപോലെ വന്നു കാത്തിരിക്കണമല്ലോയെന്നോര്‍ത്തപ്പോള്‍ അല്പം മടുപ്പു തോന്നി. അപ്പോഴാണ് ഒരാശയം മനസ്സിലുദിച്ചത്. തലയങ്ങു മൊട്ടയടിച്ചാലോ? കഴിഞ്ഞ വര്‍ഷത്തെ ചൂടുകാലത്തും ഇങ്ങനെ ഒരാശയം മനസ്സില്‍ ഉദിച്ചതാണ്‌. പിന്നെയെന്തോ, അതു നടന്നില്ല. അത്രക്കങ്ങു ധൈര്യമുണ്ടായില്ല എന്നു പറയുന്നതാവും ശരി.

ഒടുവില്‍ അതു തന്നെ ബാര്‍ബറോടു പറഞ്ഞു. "തല ഷേവു ചെയ്തേക്കൂ".


"റേസര്‍ ഉപയോഗിക്കട്ടേ?", അയാളുടെ ഉള്ളിലൊരു സംശയം. മുഴുവനായും തല ഷേവു ചെയ്യാന്‍ വിരളമായേ അവസരം കിട്ടാറുള്ളൂ. പിന്നെ ചിലരൊക്കെ വന്ന് 'മെഷീന്‍' ഓടിക്കാന്‍ പറയും, തലയില്‍ക്കൂടി. ട്രാക്‍ടര്‍ കൊണ്ടു നിലം ഉഴുന്ന പോലെയാണ്‌ അത്. 'മെഷീന്‍' തലയാകമാനം  ഒന്നു കേറിയിറങ്ങി കഴിയുമ്പോള്‍ തല ഫ്ലാറ്റ്. കഷ്ടിച്ചു അര ഇഞ്ചു നീളത്തില്‍ മാത്രം മുടി ബാക്കി നില്‍ക്കും. കണ്ണന്‍ ഇടക്കിടക്കൊക്കെ അങ്ങനെ ചെയ്യാറുണ്ട്.


"അതെ, റേസര്‍ കൊണ്ടു തന്നെ", ഒന്നുകൂടി ഊന്നിപ്പറഞ്ഞു. പിന്നീട് അയാളുടെ കൈവിരലുകളുടേയും നടുവേ മുറിച്ച ഒരു പാതി ബ്ളേഡിന്റേയും വിളയാട്ടമായിരുന്നു എന്റെ തലയില്‍. വലിയൊരു കണ്ണാടി മുമ്പില്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ ഇടക്കൊന്നും നോക്കാനുള്ള ധൈര്യമുണ്ടായില്ല. ഒരു പത്തു മിനിട്ടു നേരത്തെ കൈക്രിയ കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, "കഴിഞ്ഞു, സാബ്."


പതിവായി വിളക്കു കൊളുത്തുമ്പോള്‍ പ്രാര്‍ഥിക്കാറുള്ള ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് 'ഓം തല്‍സല്‍' എന്നു പറഞ്ഞുകൊണ്ട് കണ്ണു തുറന്നു കണ്ണാടിയില്‍ നോക്കി. കണ്ണാടിയില്‍ കണ്ട രൂപം എന്റേതു തന്നെയാണെന്നു വിശ്വസിക്കാന്‍ കുറെ നേരമെടുത്തു. അയാളോട് ഒരു നന്ദിയും പറഞ്ഞ് എഴുന്നേറ്റു.


തലയില്‍ ചെയ്തതു ഷേവ് ആണെങ്കിലും പണം മുടി വെട്ടുന്നതിന്റെ തന്നെ വാങ്ങിച്ചു. അതില്‍ കുറവൊന്നുമുണ്ടായിരുന്നില്ല. അതു സാരമില്ല. ഇനിയേതായാലും ഒരു മൂന്നു നാലു മാസത്തേക്ക് ഈ ബഞ്ചിലിരുന്നു സമയം കളയേണ്ടതില്ലല്ലോ എന്നൊരു സമാധാനം. പതിവായിട്ടു കാണുന്നവര്‍ എങ്ങനെ പ്രതികരിക്കുമെന്നൊരു ചെറിയ ആശങ്കയുണ്ടായിരുന്നു മനസ്സില്‍. പിന്നെ, ങ്ഹാ, 'എന്റെ തല ശ്രദ്ധിക്കാന്‍ ഇവര്‍ക്കൊക്കെ എവിടെ സമയം?' എന്നും ഓര്‍ത്തു.


കണ്ണനാണ്‌ ആദ്യം പ്രതികരിച്ചത്. "ദേ, ഇതെന്താ അച്ഛനീ ചെയ്തത്?" പിന്നീട് ജയശ്രീയുടെ ഊഴം, എന്നോടല്ല, കണ്ണനോടാണ്‌ പറഞ്ഞത്, "കണ്ണാ, വരൂ, നമുക്കും പോയി മൊട്ടയടിച്ചിട്ടു വരാം." കഴിഞ്ഞ ആഴ്ച്ച പൂനെയില്‍ നിന്നു ശ്രീജി വിളിച്ചപ്പോള്‍ അവന്‍ തല മൊട്ടയടിച്ചെന്നു പറഞ്ഞിരുന്നു. അതിന്റേയും ഇതിന്റേയും പ്രതികരണം ഒന്നിച്ചായെന്നു മാത്രം. മുടി നഷ്ടപ്പെട്ടതു (നഷ്ടപ്പെടുത്തിയതു) കൊണ്ട് എനിക്കങ്ങനെ പ്രത്യേകിച്ചൊന്നും തോന്നിയില്ല. തലക്കല്പം ചൂട് (അകത്തല്ല, പുറത്ത്) കൂടുതല്‍ തോന്നി, അത്രമാത്രം.


കണ്ണനേതോ ഓട്ടോ എക്സിബിഷനു പോയപ്പോള്‍ കിട്ടിയ തൊപ്പിയും വച്ചുകൊണ്ടാണു പിറ്റേ ദിവസം ഓഫീസില്‍ പോയത്. കണ്ടപ്പോള്‍ പലരും ആദ്യം തന്നെ ചോദിച്ചത് ആരാ മരിച്ചത് എന്നാണ്‌. വടക്കെ ഇന്ത്യക്കാരുടെ ഒരാചാരമാണത്. അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ തല മൊട്ടയടിക്കും. എന്നാല്‍ നമ്പൂതിരിമാരെ സംബന്ധിച്ചിടത്തോളം അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ മൊട്ടയടിക്കയല്ല, താടിയും മുടിയും നീട്ടി വളര്‍ത്തുകയാണു മുമ്പൊക്കെ ചെയ്യാറ്, ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും. ആ ഒരു വര്‍ഷം പതിവായി മരിച്ചയാള്‍ക്ക് കൈവെലിയിടുകയും വേണം. ഇതിനു ദീക്ഷ എന്നാണു പറയുന്നത്. എന്റെ ഓര്‍മ്മയില്‍, പക്ഷെ, ആരും ദീക്ഷയെടുക്കുന്നതു കണ്ടിട്ടില്ല."അച്ഛന്‍ മരിച്ച ദീക്ഷക്കാലത്ത്", "അമ്മ മരിച്ച ദീക്ഷയില്‍", എന്നൊക്കെ കാരണവന്‍‌മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്, അത്രയേയുള്ളു. ഇപ്പോഴെവിടെ അതിനൊക്കെ സമയവും സൗകര്യവും? വര്‍ഷത്തിലൊരിക്കല്‍ മാതാപിതാക്കളുടെ ബലി ഇടാന്‍ പോലും ആര്‍ക്കും സാധിക്കാറില്ല. അല്ലെങ്കില്‍ അതിനത്രയും പ്രാധാന്യമേ കൊടുക്കുന്നുള്ളു എന്നും ധരിക്കാം.


ഇപ്പോള്‍ ഒരു വാഹനം വങ്ങിച്ചാല്‍ അതിനു 'ലൈഫ് റ്റൈം' റോഡ് ടാക്സ് ഒരുമിച്ച് അടക്കണം. ഈ പരിപാടി തുടങ്ങുന്നതിനു മുമ്പ് എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ട്രാന്‍സ്പോര്‍ട് ഓഫീസില്‍ വെയിലത്ത് വരി നിന്ന് റോഡ് ടാക്സ് അടക്കേണ്ട ഗതികേടായിരുന്നു. ഞാനും അതു കുറേ അനുഭവിച്ചതാണ്.  ഈ ലൈഫ് റ്റൈമിനു സമാനമായിട്ടായിരിക്കാം ഇപ്പോഴത്തെ 'ഡെത്ത് റ്റൈം' ശ്രാദ്ധം. കാശി, രാമേശ്വരം, ഗയ എന്നിവിടങ്ങളില്‍ പോയി ബലിയിട്ടാല്‍ പിന്നെ വര്‍ഷാവര്‍ഷം ബലിയിടേണ്ടതില്ല. എത്ര എളുപ്പം! എന്നിട്ടതിനു 'ബലി നിര്‍ത്തല്‍' എന്നൊരോമനപ്പേരും! അച്ഛനേയും അമ്മയേയും അവര്‍ മരിച്ച വാര്‍ഷികങ്ങളില്‍ പോലും ഓറ്ക്കാതിരിക്കാനുള്ള എളുപ്പവഴി. ഒരു കുമ്പസാരം. ഞാനും ഇതു തന്നെ ചെയ്തിട്ടുണ്ട്. അമ്മയുടെ കൂടെ ഗയയില്‍ പോയി അച്ഛന്റെ ബലിയിട്ടു; ഏട്ടന്റെ കൂടെ കാശിയില്‍ പോയി അമ്മയുടെ ബലിയുമിട്ടു.


സഹപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ "ഓ, ഒന്നുമില്ല, വെറുതെ വേനല്‍ക്കാലത്തെ സ്വാഗതം ചെയ്തതാണ്‌, അല്ലാതെ ഒന്നുമില്ല" എന്നു മറുപടി പറഞ്ഞു. ഏതായാലും തല മൊട്ടയടിക്കുന്നതിനെപ്പറ്റിയുള്ള കൂലങ്കുഷമായ ഒരു ചര്‍ച്ച തന്നെ പിന്നീട് സഹപ്രവര്‍ത്തകരുടെ ഇടയില്‍ ഉണ്ടായി. പക്ഷെ വൈകുന്നേരം തിരിച്ചു പോന്നപ്പോള്‍ കാറില്‍ വച്ച് ലക്ഷ്മിയും മൊഹുവയും കൂടിയുള്ള ചര്‍ച്ചയായിരുന്നു കൂടുതല്‍ പ്രധാനവും രസകരവും. തല മൊട്ടയടിക്കുന്നതിന്റെ ശാസ്ത്രീയവും മതപരവുമായ കാര്യങ്ങളാണു ചര്‍ച്ച ചെയ്തത്.


ഹിന്ദു സന്യാസിമാരും ക്രിസ്ത്യന്‍ സന്യാസിനിമാരും മൊട്ടയടിക്കുന്ന കാര്യം പൊന്തിവന്നു. പഴനിയിലും തിരുപ്പതിയിലും പോയി തല മൊട്ടയടിക്കുന്ന കാര്യവും അതിനോടു ബന്ധിച്ചുള്ള ചില കഥകളും ചര്‍ച്ചാവിഷയങ്ങളായി. ഈ ചര്‍ച്ചകളുടെയെല്ലാം രത്നച്ചുരുക്കം ഇതായിരുന്നു:

മുടിയെന്നാല്‍ മനുഷ്യന്റെ അഭിമാനത്തിന്റെ പ്രതീകമാണ്‌. (കഷണ്ടിയുള്ളവര്‍ക്ക് അഭിമാനം ഇല്ലെന്ന അര്‍ത്ഥം കല്പിക്കല്ലേ, പ്ളീസ്!) ഒരു കിരീടത്തിന്റെ സ്ഥാനമാണ്‌ മുടിക്കുള്ളത്. അതുകൊണ്ടുതന്നെ തല മൊട്ടയടിക്കുന്നത് ഉത്തമമായ ത്യാഗത്തിന്റെ പ്രതീകമാണ്‌. ആവൂ, ഇതൊക്കെ കേട്ടപ്പോള്‍ അല്പം അഭിമാനം തോന്നാതിരുന്നില്ല. അല്പം കൂടിയൊന്നു പൊങ്ങിപ്പോയതുപോലെ. ദേഹമാസകലം കുളിരു കോരിയിടുന്നതുപോലെ. ഇടത്തു കൈകൊണ്ട് പതുക്കെ മൊട്ടത്തല ഒന്നു തിരുമ്മി. ഞാനൊരിക്കല്‍ പോലും ചിന്തിക്കുകപോലും ചെയ്യാത്ത അര്‍ത്ഥങ്ങളാണു മറ്റുള്ളവര്‍ കണ്ടെത്തുന്നത്.


തല മൊട്ടയടിച്ചതിന്റെ പ്രയോജനങ്ങള്‍ ഇപ്പോഴാണു ഓരോന്നായി മനസ്സിലായി വരുന്നത്. തലയില്‍ തേക്കാന്‍ വെളിച്ചെണ്ണ 'ഒരിത്തിരി'യുടെ പകുതി മതി. മുമ്പാണെങ്കില്‍ തലയുടെ മുക്കിലും മൂലയിലും (തലയിലോ മുക്കും മൂലയും? എന്നു ചോദിക്കല്ലേ) എണ്ണ തേച്ചു പിടിപ്പിക്കാന്‍ കുറെ സമയം എടുക്കുമായിരുന്നു. ഇപ്പൊഴോ, ഒരു നിമിഷം, അത്ര തന്നെ. മറ്റൊരു പ്രധാന സൗകര്യം മുടി ചീകണ്ട എന്നുള്ളതാണ്‌. മുമ്പാണെങ്കില്‍ ഭംഗിയായിട്ടു മുടി ചീകിയൊതുക്കാന്‍ രണ്ടുമൂന്നു മിനിട്ടെങ്കിലും എടുക്കുമായിരുന്നു. എന്നാലിപ്പോള്‍ കണ്ണാടിയുടെ മുമ്പില്‍ പോകുക പോലും വേണ്ട. ഹായ്, എത്ര എളുപ്പം. എന്റെ ഇഷ്ട ചീപ്പുകളുടെ ആവലാതികള്‍ കേള്‍ക്കാഞ്ഞല്ല. അവരെ ഞാന്‍ ക്രൂരമായി ചതിച്ചു എന്നൊക്കെ ഇടക്കു വിളിച്ചു പറയുന്നതു കേള്‍ക്കാമായിരുന്നു. കേട്ടെന്നു നടിച്ചില്ല. 'പാവങ്ങള്‍' എന്നുള്ളില്‍ പരിതപിച്ചു. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നു സമാധാനിക്കാം. 

മുമ്പൊക്കെ തലയില്‍ എവിടെയെങ്കിലും ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ ഒരു വിരലു മാത്രം കൊണ്ട് മുടിക്കിടയിലൂടെ നുഴഞ്ഞിറങ്ങി ചൊറിച്ചില്‍ അനുഭവപ്പെടുന്നിടത്തു മാത്രം ചൊറിയണമായിരുന്നു. അല്ലെങ്കില്‍ ചീകി വച്ച മുടിയൊക്കെ അലങ്കോലമാകും. എന്നാല്‍ ഇപ്പോഴോ? ചൊറിയുന്നിടവും അതിന്റെ സമീപപ്രദേശങ്ങളുമൊക്കെ കിളച്ചു മറിച്ചിട്ടാലും ഒരു കുഴപ്പവുമില്ല.

ആകപ്പാടെ നല്ല സുഖം. ഇതെന്തേ കുറേക്കൂടി നേരത്തെ തോന്നാത്തത്?


എങ്കില്‍ പിന്നെ ഇതങ്ങു പതിവാക്കിയാലോ?

എന്‍റെ നാരായണനേട്ടൻ

(ദില്ലിയില്‍ നിന്നു ഗായത്രി പ്രസിദ്ധീകരിക്കുന്ന 'പ്രണവം' ത്രൈമാസികത്തിന്‍റെ 2015 ഏപ്രില്‍ [വിഷു] ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

എന്‍റെ കുട്ടിക്കാലത്ത് ഞാൻ ഏറെ അതിശയത്തോടെയും അതിലേറെ ബഹുമാനത്തോടെയും നോക്കി നിൽക്കുമായിരുന്ന,

എനിക്കൊട്ടും മനസ്സിലാകാത്ത വലിയ വലിയ കാര്യങ്ങൾ പറഞ്ഞിരുന്ന,

ഒരിക്കൽ സിനിമക്കു പോകാൻ അച്ഛൻ അനുവദിക്കാതിരുന്നപ്പോൾ, ഏട്ടനോട് അനുവാദം ചോദിക്കാൻ അപേക്ഷിച്ചപ്പോൾ, വേണ്ടെന്നു പറഞ്ഞ കാര്യം വീണ്ടും ചോദിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ് എന്നെ നിരാശപ്പെടുത്തിയ,

കുളിച്ചാൽ തുവർത്താൻ  മടിച്ചിരുന്ന,

അതിനെപ്പറ്റി ചോദിച്ചാൽ ചിരിച്ചു തള്ളുമായിരുന്ന,

കോളേജിൽ വച്ചു പുക വലിക്കാൻ തുടങ്ങിയ,

ബീഡിയെക്കാൾ സിഗരട്ടിനാണ് കൂടുതൽ ‘കിക്ക്’ എന്നു പറഞ്ഞിരുന്ന,

പുഴയിൽ കുളിക്കാൻ പോകുമ്പോൾ റോഡരുകിലുള്ള കശുമാവിൻ തോട്ടത്തിൽ നിന്നു ഉടമസ്ഥൻ അറിയാതെ കശുവണ്ടി എടുത്ത് കടയിൽ കൊടുത്ത്, ഒരു കശുവണ്ടിക്ക് മൂന്ന്‍ എന്ന കണക്കിൽ നിലക്കടല വാങ്ങി എനിക്കു തരാറുണ്ടായിരുന്ന,

ഒരിക്കൽ കത്തയച്ചപ്പോൾ ‘നാരായണൻ ചേട്ടൻ’ എന്ന് വിലാസത്തിൽ എഴുതിയതിന്, നാരായണൻ ചെട്ടിയാരെ അന്വേഷിച്ച് പോസ്റ്റ്‌മാൻ ഒരുപാട് അലഞ്ഞുവെന്നു എന്നോടു കള്ളം പറഞ്ഞ,

ചേട്ടൻ, ചേച്ചി എന്നൊന്നും വിലാസത്തിൽ എഴുതരുതെന്ന് എന്നെ സ്നേഹപൂർവ്വം ഉപദേശിച്ച,

വായനയിൽ അതീവ ആകൃഷ്ടനായിരുന്ന,

എല്ലാ ദിവസവും കുറഞ്ഞത് നൂറു പേജെങ്കിലും വായിച്ചിരുന്ന,

ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം സമ്പാദിച്ച,

ഒരൊറ്റ കഥയുടെ പ്രസിദ്ധീകരണം കൊണ്ട് ഭാരതം മുഴുവൻ ഒരൊറ്റ ദിവസം കൊണ്ട് പ്രസിദ്ധനായ,

നിർദോഷമായ ഒരു കഥയിൽ, ഇല്ലാത്ത അർത്ഥങ്ങൾ കല്‍പിച്ചു നൽകി മതഭ്രാന്തന്മാർ ജനങ്ങളെ ഇളക്കിവിട്ടതുമൂലം ഉണ്ടായ ബഹളത്തിന്‍റെ ഫലമായി ദിവസങ്ങളോളം ഒളിച്ചു താമസിക്കേണ്ടി വന്ന,

അന്നു ജീവൻ നഷ്ടപ്പെട്ടവരെയോർത്ത്  മനം നൊന്ത്  പിന്നീട് ഒരിക്കലും കഥ എഴുതാത്ത,

ഞാൻ ദില്ലിക്കു വരാനും ഇവിടെ ജീവിതം കെട്ടിപ്പടുക്കാനും കാരണക്കാരനായ,

എന്‍റെ ആദ്യ ട്രെയിൻ യാത്രയിൽ എന്‍റെ സഹചാരിയായിരുന്ന,

നഗ്നപാദനായി കേരളത്തിൽ നിന്നു പുറപ്പെട്ട എനിക്ക് പാദരക്ഷകൾ വാങ്ങിച്ചു തന്ന,

ദില്ലിയിൽ പാദരക്ഷകൾ ശരീരത്തിന്‍റെ  ഭാഗമാണെന്നു എനിക്കു പറഞ്ഞു തന്ന,

രണ്ടു ബോഗികളിൽ ആയിരുന്നതുകൊണ്ട് എല്ലാ സ്റ്റേഷനിലും എന്നെ കാണാൻ വരുമായിരുന്ന,

അടുത്ത ബോഗിയിൽ ഞാനുണ്ട്, പേടിക്കണ്ട, എന്ന്‍ എനിക്കു ധൈര്യം തന്നിരുന്ന,

ഗ്രാന്റ്‌ ട്രങ്ക് എക്സ്പ്രസ്സിലെ ആദ്യ ദില്ലി യാത്രയുടെ അവസാനം, മൂന്നു ദിവസം ഒരു കുടുംബം പോലെ കഴിഞ്ഞവരെ പിരിയുന്നതോർത്ത്  കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ ‘ഇതൊന്നും സാരമില്ല, ഇനി ഇതുപോലെ എത്രയെത്ര യാത്രകൾ നടത്തേണ്ടതാണ്’ എന്ന് പറഞ്ഞ് പുറത്തു തട്ടി സമാധാനിപ്പിച്ച,

ദില്ലിയിലെ ഓരോ കാൽ വയ്പിലും എന്‍റെ കൈ പിടിച്ചു നടത്തിയിരുന്ന,

ദില്ലിയെന്തെന്നും ദില്ലിയിലെ ജീവിതം എന്തെന്നും എനിക്കു മനസ്സിലാക്കിത്തന്ന,

തണുപ്പുകാലത്ത്, എനിക്കു കമ്പിളി ഉടുപ്പുകൾ ഇല്ലാതിരുന്ന സമയത്ത്, അണിയാൻ സ്വന്തം കമ്പിളി ഉടുപ്പുകൾ എടുത്തു തന്ന,

ഹിന്ദി സംസാരിക്കാൻ അറിയില്ലാതിരുന്ന സമയത്ത് ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ‘ഹിന്ദി പതാ നഹി’ അല്ലെങ്കിൽ ‘ഹിന്ദി മാലും നഹി’ എന്നു പറയാൻ പറഞ്ഞു തന്ന,

ദില്ലിയിലെ ആദ്യ ദിനങ്ങളിൽ ഗ്രേറ്റർ കൈലാഷിൽ നിന്ന്‍ കരോൾ ബാഗിലേക്കും തിരിച്ചും ഏതു ബസ്സിൽ കയറണമെന്നും എവിടെ ഇറങ്ങണമെന്നും  മനസ്സിലാക്കി തന്ന,

ദില്ലി മലയാളി അസ്സോസിയേഷനിൽ അംഗത്വത്തിന് അപേക്ഷ അയച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോൾ ഉറക്കെ ഉറക്കെ ചിരിച്ച,

ഒരു പക്ഷെ അവർക്ക്  ഇത്തരത്തിലൊരു കത്ത് ആദ്യമായിട്ടായിരിക്കും ലഭിച്ചിരിക്കുക എന്നു പറഞ്ഞ് എന്നെ കളിയാക്കിയ,

പിന്നീടു അവരുടെ മറുപടി ലഭിക്കാഞ്ഞപ്പോൾ ‘ഇപ്പോഴെന്തായി? ഞാൻ പറഞ്ഞില്ലേ?’ എന്നു ചോദിച്ച് എന്നെ ഉത്തരം മുട്ടിച്ച,

മുട്ടക്കറിയുണ്ടാക്കി ഒരു വികൃതി ഒപ്പിക്കാൻ വേണ്ടി എന്നെക്കൊണ്ടു കഴിപ്പിച്ച് എന്നെ പറ്റിച്ച,

വയറിളക്കം മൂലം ഞാൻ വശം കെട്ടപ്പോൾ ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ,

വെളുപ്പാൻ കാലമാവുന്നതുവരെ ഒരുമിച്ചിരുന്നു ചീട്ടു കളിക്കാറുണ്ടായിരുന്ന,

ശരിയായി പരിശീലിച്ചാൽ മത്സരപരീക്ഷയിൽ നൂറിൽ നൂറു മാർക്ക് വാങ്ങാമെന്നു സ്വന്തം പരിശ്രമത്തിലൂടെ തെളിയിച്ച,

നാട്ടുനടപ്പിനെ അവഗണിച്ച് അമ്മാവന്‍റെ  മകളെ ജീവിതസഖിയാക്കിയ,

രണ്ടു ഉറ്റ സുഹൃത്തുക്കളുടെ വിവാഹം ഒരേ ദിവസം തീരുമാനിക്കപ്പെട്ടപ്പോൾ, വീട്ടുകാരുടെ സമ്മതമില്ലാതെ നടത്തിയ മിശ്രസംസ്ഥാന വിവാഹത്തിനു പോയ,

മറ്റേ സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കാത്തതു  മൂലം  അയാളുടെ സൗഹൃദം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തേണ്ടി വന്ന,

പുകവലിക്കുന്നതിലും മദ്യപിക്കുന്നതിലും തെറ്റില്ലെന്നു ജീവിതത്തിലൂടെ വിളിച്ചുപറഞ്ഞ,

ജീവിതം ആസ്വദിക്കണമെന്നു ചെറുപ്പകാലത്തും, ജീവിതത്തെ അനുസരിപ്പിക്കണമെന്നു ഇടക്കാലത്തും ജീവിതത്തെ അടിമയാക്കണമെന്നു വാർദ്ധക്യത്തിലും ഉച്ചൈസ്തരം ഉദ്ഘോഷിച്ച,

ആരോടും ഏതു സമയത്തും പുരാണ കഥകളും മഹത്തുക്കളുടെ ജീവിത കഥകളും പറയാൻ ഏറെ തല്പരനായിരുന്ന,

ജീവിതത്തിന്‍റെ അർത്ഥം സദാ അന്വേഷിച്ചുകൊണ്ടിരുന്ന,

ജീവിതത്തിന്‍റെ തത്വശാസ്ത്രം പറഞ്ഞു തരാൻ എപ്പോഴും ഉത്സാഹം കാണിച്ചിരുന്ന,

ശരീരത്തിന്‍റെ നശ്വരതയെപ്പറ്റി നല്ലപോലെ ബോധവാനായിരുന്ന,

പതിവായി മണിക്കൂറുകളോളം ഭാഗവതവും മറ്റു പുരാണഗ്രന്ഥങ്ങളും വായിക്കാറുണ്ടായിരുന്ന,

വായനയുടെ സമയത്ത് വിശക്കരുതെന്നു വയറിനെപ്പോലും പറഞ്ഞു പരിശീലിപ്പിച്ച,

ഭക്തിയും അറിവും ഒരു പ്രദർശന വസ്തുവാക്കാൻ ഇഷ്ടപ്പെടാത്ത,

പൂജ കഴിഞ്ഞാൽ പ്രായഭേദമെന്യേ അവിടെയുള്ള എല്ലാവരുടേയും നെറ്റിയിൽ പ്രസാദം സ്വയം ചാർത്തിക്കൊടുക്കുമായിരുന്ന,

മകൾ, പിന്നീടു മരുമകളും, ഗർഭിണിയായിരുന്നപ്പോൾ  ഭാഗവത സപ്താഹം നടത്തി പിറക്കാൻ പോകുന്ന കുഞ്ഞിനു ഭഗവാന്‍റെ കഥകൾ പറഞ്ഞു കൊടുത്ത,

നൊച്ചൂർ വെങ്കട്ടരാമന്‍റെ പ്രഭാഷണം ശ്രവിക്കുന്നതിൽ ആനന്ദവും ആവേശവും കണ്ടെത്തിയിരുന്ന,

നോയിഡയിൽ വീടു വാങ്ങാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുംചെയ്ത,

എപ്പോഴും മിട്ടായി കൈയിൽ കരുതി വയ്ക്കുകയും അവ കുട്ടികൾക്കും  മുതിർന്നവർക്കും  യഥേഷ്ടം ചിരിയിൽ ചാലിച്ചു വിതരണം ചെയ്യുകയും ചെയ്തിരുന്ന,

ബന്ധുക്കളെ തന്നാലാവും വിധം സഹായിക്കാൻ എപ്പോഴും അവസരം പാർത്തിരുന്ന,

എത്രയോ ബന്ധുജനങ്ങളെ ദില്ലിയിൽ കൊണ്ടു വരുകയും ജോലി ശരിയാക്കി കൊടുക്കുകയും ചെയ്ത,

ദില്ലിയിൽ ചിന്നിച്ചിതറി കിടക്കുന്ന ബന്ധുക്കൾ എല്ലാ മാസവും ഒരു തവണ കൂടിച്ചേരണമെന്ന് തീരുമാനിക്കയും അങ്ങനെ ഒരു സംരംഭത്തിനു നേതൃത്വം കൊടുക്കുകയും നീണ്ട കാലത്തോളം നടത്തിക്കൊണ്ടു പോവുകയും ചെയ്ത,

ജീവിതകാലം നീട്ടിക്കൊണ്ടു പോകുവാൻ വേണ്ടി മാത്രം ഇഷ്ടകാര്യങ്ങൾ ചെയ്യാതിരിക്കാനും അനിഷ്ടകാര്യങ്ങൾ ചെയ്യാനും വിസമ്മതിച്ച,

ഒടുവിൽ തനിക്കു ക്യാൻസർ എന്ന മഹാരോഗമാണെന്നു സ്ഥിരീകരിച്ചപ്പോൾ അതിനെ ശാന്തമായി അഭിമുഖീകരിക്കുകയും മന്ദഹാസത്തോടെ സ്വീകരി ക്കുകയും ചെയ്ത,

ഒരുത്തമ തത്വജ്ഞാനിയെപ്പോലെ നിർ‌വികാരനായി മരണത്തെ സ്വീകരിക്കാൻ തയ്യാറായ,

ജീവൻ നിലനിർത്താൻ വേണ്ടി, അല്ലെങ്കിൽ അല്പം കൂടി നീട്ടിക്കിട്ടാൻ വേണ്ടി മാത്രമായുള്ള ചികിത്സകളും മരുന്നുകളും ഉപയോഗിക്കാൻ ആദ്യം വിസമ്മതിച്ച,

ഒടുവിൽ ബന്ധുക്കളുടെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനു വഴങ്ങി ചികിൽസക്കു സമ്മതിച്ച,

എന്നിട്ടും ഒടുവിൽ ഈശ്വരന്‍റെ  നിശ്ചയത്തിനു മുമ്പിൽ നിരുപാധികം ആയുധം വച്ചു കീഴടങ്ങിയ,

2015 ഏപ്രിൽ മാസം പന്ത്രണ്ടാം തീയതി ഈ ലോകത്തോടു തന്നെ യാത്ര പറഞ്ഞ,

ഞങ്ങളുടെയൊക്കെ ജീവിതത്തിൽ ഒരു ശൂന്യത സൃഷ്ടിച്ച് കടന്നുപോയ,

നാരായണനേട്ടന്,


ഈ അനുജന്‍റെ ആദരാജ്ഞലികൾ!