Visit my English blog at http://jayanthanpk.blogspot.in

2013, ഡിസംബർ 28, ശനിയാഴ്‌ച

ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് ...

" ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് സാഗരന്‍ "

ഡല്‍ഹിയില്‍ നിന്നുള്ള മലയാളം റേഡിയോ വാര്‍ത്തകളില്‍ ഇങ്ങനെ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇന്നത്തെ യുവതലമുറ കേട്ടിരിക്കാന്‍ തീരെ സാദ്ധ്യതയില്ല. കുറച്ചുകൂടി പ്രായമുള്ളവര്‍ ഒരു പക്ഷേ കേട്ടിരിക്കാന്‍ സാദ്ധ്യതയുണ്ടു താനും. സാഗരന്‍ പക്ഷേ ആകാശവാണിയില്‍ പതിവായി വാര്‍ത്തകള്‍ വായിക്കുന്ന ആളല്ലായിരുന്നു. അദ്ദേഹം ആകാശവാണിയില്‍ സം‌യോജകന്‍ (എഡിറ്റര്‍) ആയിരുന്നു. (മലയാള ഭാഷയുടെ ഒരു ദുര്യോഗം നോക്കണേ! മലയാളത്തില്‍ പറഞ്ഞാല്‍ മനസ്സിലാകണമെങ്കില്‍ തത്തുല്ല്യമായ ആംഗലേയ പദം കൂടി ഉപയോഗിക്കണം! ഒരു സ്വകാര്യം: ഒരു നിഘണ്ടു ഉപയോഗിച്ചാണ് ഈ കുറിപ്പില്‍ ഉപയോഗിച്ചിരിക്കുന്ന പല മലയാള പദങ്ങളും ഞാന്‍ കണ്ടു പിടിച്ചത്!).

ഞാനീ പറയുന്ന കാര്യങ്ങള്‍ക്ക് കുറെ കാല പഴക്കമുണ്ട് - അത്ര കൂടുതലൊന്നുമില്ല, ഒരു നാല്പതു വര്‍ഷം, അത്ര മാത്രം.

൧൯൭൩(1973)-ന്റെ രണ്ടാം പകുതിയിലാണ് ഞാന്‍ സാഗരന്‍ എന്നറിയപ്പെടുന്ന അത്തിമണ്‍ ഇല്ലത്ത് കേശവന്‍ നമ്പൂതിരിയെ പരിചയപ്പെടുന്നത്. തൊടുപുഴ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ധന്വന്തരി വൈദ്യശാലയുടെ ന്യുഡെല്‍ഹി ശാഖയുടെ നിര്‍‌വാഹകന്‍ (മാനേജര്‍) ആയി വിലസുന്ന കാലം. (ധന്വന്തരി വൈദ്യശാലയുടെ അന്നത്തെ ഉടമസ്ഥന്‍  അന്തരിച്ച വൈദ്യന്‍ സി. എന്‍ . നമ്പൂതിരി എന്റെ അച്ഛന്റെ അമ്മാവനായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ ഒരു ഭാഗ്യം എനിക്കു ലഭിച്ചതെന്നു പറയാന്‍ മടിയില്ല.) എടുത്തുകൊടുപ്പ് എന്ന സാധാരണ വാക്കിന് അല്പം നിറവും മണവും സാമൂഹ്യപദവി ഔന്നത്യവും (മനസ്സിലായില്ലെ? സ്റ്റാറ്റസ്!) കൊടുത്താല്‍ മാനേജര്‍ ആയി!

ഏഴോ എട്ടോ മാസത്തെ എന്റെ നിര്‍വ്വഹണത്തിനിടക്ക് എന്റെ ഓര്‍മ്മയില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്ന ആറു പേരുണ്ട്. മൂന്നു മലയാളികളും ചായ കൊണ്ടുവരാറുള്ള രണ്ടു കുസൃതിക്കുടുക്കകളും ... പിന്നെ ... പിന്നെ ... എന്റെ ഉറക്കം കെടുത്തിയ അതിസുന്ദരിയായ ഒരു വടക്കേ ഇന്ത്യക്കാരി പെണ്‍കുട്ടിയും! ഇവരില്‍ സാഗരനെ കുറിച്ചു മാത്രം ഇപ്പോള്‍ പറയാം. ബാക്കിയുള്ളവരെപ്പറ്റി ഇനി ഒരവസരത്തില്‍.

കരോള്‍ബാഗില്‍ അജ്മല്‍ഖാന്‍ റോഡിനോടു ചേര്‍ന്നു കിടക്കുന്ന പദംസിങ് റോഡില്‍ സ്ഥിതി ചെയ്തിരുന്ന ഒരു ബംഗ്ലാവിന്റെ വിശാലമായ ഗരാജിലാണ് അന്നു ധന്വന്തരി വൈദ്യശാലയുടെ ഡെല്‍ഹി ശാഖ പ്രവര്‍ത്തിച്ചിരുന്നത്. (ഞാനവിടെ നിന്നു പോന്ന് വലിയ താമസമില്ലാതെ തന്നെ ആ ശാഖ അടച്ചുപൂട്ടിയെന്നാണ് എന്റെ ഓര്‍മ്മ.) ആദ്യം പറഞ്ഞതുപോലെ മരുന്ന് എടുത്തു കൊടുക്കുക മാത്രമായിരുന്നു എന്റെ ജോലി.

നാട്ടില്‍നിന്നു പോന്നപ്പോള്‍ അഷ്ടാംഗഹൃദയത്തിന്റെ ഒരു പ്രതി കൂടി വാങ്ങിച്ചിരുന്നു. അതോ, പിന്നീടു മറ്റാരെങ്കിലും കൊണ്ടു വന്നു തന്നതാണോ? ങ്ഹാ, അങ്ങനെയാണെന്നു തോന്നുന്നു. മരുന്നു വാങ്ങാന്‍ രുന്നവര്‍ ആരുമില്ലാത്ത സമയത്ത് ആ പുസ്തകം ഒരു നോവല്‍ പോലെ വായിച്ചു തള്ളാറുണ്ട്. രോഗങ്ങളുടെ പേരുകളും ലക്ഷണങ്ങളും മരുന്നുകളുടെ പേരുകളും ഒന്നും തന്നെ തലയില്‍ കയറാറില്ല. വായിച്ചു വായിച്ചിരിക്കുമ്പോള്‍ ഉറക്കം വരും. എന്നാല്‍ ഉറങ്ങാന്‍ പറ്റുമോ? അതൊട്ടില്ല താനും.

അങ്ങനെ വല്ലാതെ വിരസമായിരുന്ന ഒരു ദിവസമാണ് സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ വൈദ്യശാലയില്‍ വന്നത്. വൈദ്യശാലയില്‍ വരുന്ന ഓരോരുത്തരേയും വളരെ ആകാംക്ഷയോടെയാണു കാത്തിരിക്കാറ്. അവര്‍ വാങ്ങുന്ന മരുന്നിന്റെ വിലയില്‍ നിന്നു കിട്ടുന്ന ദല്ലാള്‍ വേതനം ( കമ്മീഷന്‍ ) കിട്ടിയിട്ടു വേണമായിരുന്നല്ലോ റൊട്ടി കഴിക്കാന്‍ . (കഞ്ഞി കുടിക്കാന്‍ എന്നു മലയാളത്തില്‍ പറയാം.) (ചപ്പാത്തിക്കാണ് ഇവിടെ റൊട്ടിയെന്നു പറയുന്നത്.) അതുകൊണ്ട് വരുന്നവരെയെല്ലാം വെളുക്കെ ചിരിച്ചുകൊണ്ടാണ് ഞാന്‍ സ്വീകരിക്കാറ്. ഈ യുവസുന്ദരന്‍ വന്നപ്പോഴും അങ്ങനെ തന്നെ ചെയ്തു. കണ്ടപ്പോള്‍ മലയാളിയാണോയെന്നൊരു സംശയം തോന്നാതിരുന്നില്ല. അക്കാലത്ത് ഒരു മലയാളിയെ കാണാനും സംസാരിക്കാനും സാധിക്കുന്നത് ഒരു നിധി കിട്ടുന്നതുപോലെയായിരുന്നു.   

എന്നാല്‍ അദ്ദേഹം വന്നിട്ട് അശോകാരിഷ്ടമോ, ധാന്വന്തരം കുഴമ്പോ, എന്തിന്, വായുഗുളിക പോലും ചോദിച്ചില്ല. എന്റെ ചിരിക്ക് ഒരു മറുചിരി തന്നിട്ട് സന്ദര്‍ശകര്‍ക്കുള്ള കസേരയില്‍ ഇരുന്നു. അപ്പോഴേ എന്റെ മനസ്സൊന്നു ഞരങ്ങി. 'ഓ, ഇദ്ദേഹം മരുന്നു വാങ്ങാനൊന്നും വന്നതല്ല.' പക്ഷേ മുഖത്തെ കോളിനോസ് ചിരി അത്ര പെട്ടെന്നു മായ്ക്കാന്‍ എനിക്കു സമ്മതമല്ലായിരുന്നു. അദ്ദേഹത്തിന് സമീപഭാവിയില്‍ ഒരു വയറുവേദനയോ ജലദോഷമോ വന്നുകൂടായ്കയില്ലല്ലോ.

അദ്ദേഹം ചോദിച്ചു, "എന്താ പേര്?"

ഹാവൂ, അദ്ദേഹം മലയാളത്തില്‍ ചോദിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷത്തിനും ആശ്വാസത്തിനും അതിരില്ലായിരുന്നു. ഒരു മലയാളി! മരുന്നു വാങ്ങിച്ചില്ലെങ്കിലെന്താ?

"ജയന്തന്‍ നമ്പൂതിരി." അന്നു ഞാന്‍ എന്റെ പേരിലെ നമ്പൂതിരി കളഞ്ഞിരുന്നില്ല. മോഹന്‍ലാല്‍ 'ഹിസ് ഹൈനസ്സ് അബ്ദുള്ള'യില്‍ പറയുന്നതുപോലെ, "അനന്തന്‍ നമ്പൂതിരി ... നമ്പൂതിരി" എന്നെടുത്തു പറയാറില്ലെന്നു മാത്രം

എന്റെ മറുപടി കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ ഭാവം പ്രകടമായിത്തന്നെ മാറി. അത്ഭുതവും സന്തോഷവും പിന്നെ ലേശം അവിശ്വസനീയതയും. 

"നമ്പൂതിരിയാണോ?" അദ്ദേഹം എടുത്തു ചോദിച്ചു, കേട്ടതു വിശ്വസിക്കാനാവാത്തതുപോലെ. 

"അതേ, എന്തേ എടുത്തു ചോദിക്കാന്‍ ?", എനിക്കു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"അല്ല ... ഞാനും നമ്പൂതിരിയാണ് ."

ഇത്തവണ എന്റെ ഊഴമായിരുന്നു. എന്റെ അത്ഭുതവും സന്തോഷവും പതിന്മടങ്ങ് വര്‍ദ്ധിച്ചു. 

"നമ്പൂതിരിയോ?", ഇപ്പോള്‍ ഞാനാണു ചോദിച്ചത്. എന്റെ വാക്കുകളിലെ ഉന്മാദം (എക്സൈറ്റ്മെന്റ്) എനിക്കു മറയ്ക്കാന്‍ കഴിഞ്ഞില്ല. 

"എന്താണു പേര്?" ഞാന്‍ തുടര്‍ന്നു ചോദിച്ചു. 

"കേശവന്‍ നമ്പൂതിരി." 

ഉടന്‍ തന്നെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു, "സാഗരന്‍ എന്നാണ് എന്നെ എല്ലാവരും വിളിക്കുന്നത്."

"വാര്‍ത്തകള്‍ വായിക്കുന്ന സാഗരന്‍ ആണോ"യെന്നു ഞാന്‍ ചോദിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നോ? ആവോ അറിയില്ല. എന്തായാലും ഞാന്‍ റേഡിയോയില്‍ ഡെല്‍ഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്തകള്‍ കേള്‍ക്കാറില്ലാത്തതു കൊണ്ട് ആ പേരു കേട്ടപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തൊന്നിയില്ല.

പിന്നീട് ചോദ്യം എന്നോടായി, "എവിടെയാണ് ഇല്ലം?"

സാധാരണ രണ്ടു മലയാളികള്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ ചോദിക്കുന്നത് "നാട്ടിലെവിടെയാണ്?" എന്നാണ്. എന്നാല്‍ രണ്ടു നമ്പൂതിരിമാരാണു കണ്ടു മുട്ടുന്നതെങ്കില്‍ അത് "എവിടെയാണ് ഇല്ലം?" എന്നായി മാറും. 

"കൂത്താട്ടുകുളത്ത്."

ഞാന്‍ പറഞ്ഞു തീരുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ ആവേശം സീമകള്‍ ലംഘിച്ചു. 

"കൂത്താട്ടുകുളത്തോ? എന്റെ ഇല്ലവും അവിടെത്തന്നെയാണല്ലോ!"

അദ്ദേഹം പറഞ്ഞത് മനസ്സില്‍ കയറിപ്പറ്റാന്‍ അല്പം സമയം എടുത്തെന്നു തോന്നി. 

അദ്ദേഹം തുടര്‍ന്നു പറഞ്ഞു, "അത്തിമണ്ണ് ഇല്ലം, കേട്ടിട്ടുണ്ടോ?"

ആദ്യം സാഗരന്‍ കടന്നു വന്നപ്പോള്‍ ഞങ്ങളുടെയിടയില്‍ അനേകം അദൃശ്യമായ ഭിത്തികള്‍ ഉണ്ടായിരുന്നു. അദ്ദേഹം മലയാളിയാണെന്നറിഞ്ഞപ്പോള്‍ അതിലൊരു ഭിത്തി അപ്രത്യക്ഷമായി. നമ്പൂതിരിയാണെന്നുകൂടി കേട്ടപ്പോള്‍ രണ്ടോ മൂന്നോ ഭിത്തികള്‍ കൂടി തകര്‍ന്നു വീണു. ഇല്ലം കൂത്താട്ടുകുളത്താണെന്നറിഞ്ഞപ്പോള്‍ ശേഷിച്ചിരുന്ന എല്ലാ ഭിത്തികളും ഉരുകിയൊലിച്ചപോലെ. 

അത്തിമണ്ണ് ഇല്ലത്തെപ്പറ്റി ഞാന്‍ കേട്ടിട്ടില്ലായിരുന്നു. പക്ഷേ പിന്നീടു പറഞ്ഞു വന്നപ്പോള്‍ പേരറിയാതെ തന്നെ ആ ഇല്ലം എനിക്കറിയാമായിരുന്നെന്നു മനസ്സിലായി. കൂത്താട്ടുകുളത്ത് അവര്‍ക്ക് ഒരു അമ്പലമുണ്ടായിരുന്നു. ആ അമ്പലത്തെപ്പറ്റി അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. കൂത്താട്ടുകുളത്തുള്ള ഹൈസ്കൂള്‍ ആ ഇല്ലക്കാരുടെയായിരുന്നു. (ഇപ്പോഴും അതങ്ങനെ തന്നെ ആണെന്ന് ഞാനീയിടെ മനസ്സിലാക്കി.) ആ സ്കൂളിലാണ് ഏട്ടനും ഒപ്പോളും പഠിച്ചത്. തമ്പാന്‍ സറിനെപ്പറ്റിയും മറ്റും ഏട്ടന്‍ ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട്. 

അന്നു ഞങ്ങള്‍ കുറെ ഏറെ നേരം സംസാരിച്ചിരുന്നു. ഇരുവരും സ്വന്തം ചരിത്രങ്ങള്‍ പരസ്പരം കൈമാറി. സാഗരന്റെ കഥ കേട്ടപ്പോള്‍ അദ്ദേഹത്തോടുള്ള സ്നേഹവും അടുപ്പവും ഒരു തരം ബഹുമാനത്തിനു വഴി മാറി. 

അദ്ദേഹം എഴുതിയ ഒരു പരീക്ഷയില്‍ (പേരു മറന്നു പോയി; അതോ, അദ്ദേഹം അതിന്റെ പേരു പറഞ്ഞില്ലേ? ആവോ, ഓര്‍മ്മയില്ല.) ഇന്ത്യയില്‍ നിന്ന് ആകെ ഒമ്പത് പേരേ ജയിച്ചിരുന്നുള്ളു. അവരില്‍ കേരളത്തില്‍ നിന്ന് സാഗരന്‍ മാത്രം. അങ്ങനെയാണ് അദ്ദേഹത്തിന് ആകാശവാണിയില്‍ സം‌യോജകനായി ജോലി ലഭിച്ചത്.

പിന്നീടു ഞങ്ങള്‍ പല തവണ കണ്ടു, സംസാരിച്ചു. സമയം കിട്ടുമ്പോഴൊക്കെ അദ്ദേഹം വൈദ്യശാലയില്‍ വരുമായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ ഞാനൊരു തവണ പോയിരുന്നെന്നാണോര്‍മ്മ.

വാര്‍ത്താസംയോജകനാണെങ്കിലും പതിവായി വാര്‍ത്തകള്‍ വായിക്കുന്ന ആള്‍ക്ക് എന്തെങ്കിലും അസൗകര്യം വരുമ്പോള്‍ വാര്‍ത്തകള്‍ വായിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

കഷ്ടമെന്നു പറയട്ടെ, ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം അധികനാള്‍ നില നിന്നില്ല (എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരന്ത്യമുണ്ടല്ലോ). അധികം താമസിക്കാതെ തന്നെ അദ്ദേഹത്തിനു കാഷ്മീരിലേക്കോ അതോ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലേക്കോ മറ്റോ സ്ഥലം മാറ്റം കിട്ടി. എന്നാല്‍ അവിടെ പോകാന്‍ അദ്ദേഹത്തിനു തീരെ താല്പര്യമില്ലായിരുന്നു. അതുകൊണ്ടദ്ദേഹം അവധിയെടുത്തു. പിന്നീട് ഈ സ്ഥലം മാറ്റം റദ്ദു ചെയ്യിക്കാന്‍ ശ്രമിച്ചുവെന്നാണോര്‍മ്മ. ആയിടക്കു തന്നെ ഞാനും വൈദ്യശാലയിലെ ഉദ്യോഗം മതിയാക്കുകയുണ്ടായി.

ആ സ്ഥലം മാറ്റം റദ്ദു ചെയ്തുവെന്നും, മാത്രമല്ല, അദ്ദേഹത്തിനു തിരുവനന്തപുരത്തേക്കു സ്ഥലം മാറ്റം കിട്ടിയെന്നും പിന്നീടെപ്പോഴോ കേട്ടതായി ഓര്‍ക്കുന്നു.  അതെന്തായാലും, ൧൯൭൩ (1973) അവസാനമോ, ൧൯൭൪ (1974) ആദ്യമോ ആണ് ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞത്. പിന്നീട് തമ്മില്‍ കണ്ടിട്ടില്ല.

അത്തിമണ്ണ് ഇല്ലത്തേപ്പറ്റിയോ ധന്വന്തരി വൈദ്യശാലയേപ്പറ്റിയോ സംസാരിക്കാനോ ഓര്‍ക്കാനോ അവസരമുണ്ടാകുമ്പോള്‍, പക്ഷേ, എപ്പോഴും സാഗരന്‍ മനസ്സിലേക്കു തിക്കി തിരക്കി കടന്നു വരാറുണ്ട്. പേരയുടെ (അച്ചോളെന്നു പറയും ചിലരൊക്കെ) മകന്‍ നാരായണനേട്ടന്റെ ഈ.എസ്.ഐയിലെ സഹപ്രവര്‍ത്തകന്‍ സുബ്രഹ്മണ്യന്‍ വേളി കഴിച്ചിരിക്കുന്നത് അത്തിമണ്ണില്ലത്തെ ശശികലയെയാണ്. അദ്ദേഹവുമായുള്ള സംസാരത്തിനിടയില്‍ ചിലപ്പോഴൊക്കെ സാഗരന്‍ വിഷയമാകാറുണ്ട്. ഈ മാസം ആദ്യം നാട്ടില്‍ പോയപ്പോള്‍ സാഗരനെ ഒന്നു കാണാന്‍ പറ്റുമെന്നുള്ള ഒരു മോഹം മനസ്സിലുണ്ടായിരുന്നു. പക്ഷേ അതു വെറുതെയായി. 

ജയശ്രീയുടെ അമ്മാവന്റെ മകന്‍ രാഗേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഈ മാസം നാട്ടില്‍ പോയിരുന്നു. അത്തിമണ്ണ് ഇല്ലത്തെ പാര്‍‌വതി'കുട്ടി'യെയാണ് രാഗേഷ് വിവാഹം ചെയ്തത്. സാഗരന്റെ കാര്യം ചോദിച്ചപ്പോള്‍ പാര്‍‌വതി പറഞ്ഞു, "വല്ല്യച്ഛനാണ്. വിവാഹത്തിന്റെ ദിവസം തിരക്കായിരുന്നതുകൊണ്ട് കുറച്ചു ദിവസം മുമ്പേ വന്നിട്ടു പോയി."

ങ്ഹാ, എന്നെങ്കിലും ഒരിക്കല്‍ കാണാന്‍ പറ്റുമായിരിക്കും. ലോകം ചരിക്കുന്നതു തന്നെ പ്രതീക്ഷയാകുന്ന ചക്രത്തിലൂടെയാണല്ലോ.




6 അഭിപ്രായങ്ങൾ:

  1. സന്തോഷം നിറഞ്ഞതാണെങ്കിലും സന്താപം നിറഞ്ഞതാണെങ്കിലും ഓർമ്മകൾക്കൊരു സുഖമുണ്ട്. സ്വന്തമാണെങ്കിൽ അത് ആസ്വദിക്കാൻ ഒരു ഏകാന്ത സമയം വേണം, വർത്തമാനത്തെപ്പറ്റിചിന്തയില്ലാത്ത , ഭാവിയെപ്പറ്റി ആശങ്കപ്പെടാത്ത ഒരു സമയം. അതിപ്പോൾ കിട്ടാറില്ല. അപ്പോളാണ് ഇതുപോലെയുള്ള ഓർമ്മക്കുറിപ്പുകൾ ആശ്വാസമാകുന്നത്. അത് വായിക്കുമ്പോൾ അതിന്റെ കൂടെ നമുക്കും ഒന്ന് സഞ്ചരിക്കാം, ഭൂതകാലത്തിലൂടെ. ഹാപ്പി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വര്‍ത്തമാനത്തിന്റെ ചിന്തകളില്‍ നിന്നും ഭാവിയെപ്പറ്റിയുള്ള ആകാംക്ഷക്കളില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴിയാണ് എഴുത്ത്. ഇന്നതു വേണമെന്നില്ല, എന്തെങ്കിലും എഴുതിയാല്‍ മതി. അതു പതിവാക്കിയാല്‍ ഒരു പരിധി വരെ മനസ്സിന് ആശ്വാസം കിട്ടും. ശ്രമിച്ചുനോക്കൂ, ചിലപ്പോള്‍ ഫലം കിട്ടിയേക്കാം. ലോകാ സമസ്താ സുഖിനോ ഭവന്തു!

      ഇല്ലാതാക്കൂ
  2. ഈ-മെയിലില്‍ക്കൂടി ലഭിച്ചത്:
    It is always interesting to read your writings in a humourous style. After reading ur experience written in a natural way with a houmourous touch, I could also recollect and enjoy my past, as it coincides with my life experiences in Delhi. While appreciating your such wriitngs, I expect more such flow from your Pen.
    Wishing you a HAPPY NEW YEAR
    SEPotti

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒത്തിരി ഒത്തിരി നന്ദി, ശ്രീ ഈശ്വരന്‍ പോറ്റി. ഇനിയും വായിക്കുകയും അഭിപ്രായങ്ങള്‍ എഴുതുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

      ഇല്ലാതാക്കൂ
  3. narmathil chalicha ormakal....nannayittundu cheta.. now your malayalam blog also more interesting... Keep Onnnn

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, രാഗേഷ്. ഇനിയും ഇതില്‍ വരുന്ന പോസ്റ്റുകള്‍ വായിക്കുമെന്നും അഭിപ്രായങ്ങള്‍ എഴുതുമെന്നും വിശ്വസിക്കുന്നു. സാഗരന്റെ ഈ-മെയില്‍ വിലാസം 'കുട്ടി'ക്കറിയാമോ?

      ഇല്ലാതാക്കൂ