Visit my English blog at http://jayanthanpk.blogspot.in

2013, ഡിസംബർ 3, ചൊവ്വാഴ്ച

അവളും അവനും - അഥവാ ഒരു കൊതുകിന്റെ വിലാപം

അന്നൊരു ശനിയാഴ്ച്ചയായിരുന്നു. രാവിലെ പുറത്തു പോയ അവന്‍ തിരിച്ചു വന്നത് ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ്.

അവള്‍ അവനെ ശാസിച്ചു, "എവിടെയായിരുന്നു ഇത്ര നേരം? ഒന്നു പറഞ്ഞിട്ടു പൊയ്ക്കൂടെ?"

അവനൊന്നും മിണ്ടിയില്ല.

അവള്‍ വീണ്ടും ചോദിച്ചു, "ഭക്ഷണം കഴിച്ചോ?"

"ഇല്ല."

"ങ്ഹും, എന്തേ, തെണ്ടാന്‍ പോയിടത്തൊന്നും ഭക്ഷണം കിട്ടിയില്ലേ?"

അവളുടെ വാക്കുകളിലെ പരിഹാസം അവന്‍ അവഗണിച്ചു.

അവനും അവളും ആ വീട്ടിലെ അതിഥികളാണ്. അതുകൊണ്ട് ഭക്ഷണവും താമസവും സൗജന്യം.

വസ്ത്രം മാറി വന്ന് അവന്‍ ചോദിച്ചു, "എവിടെ ഭക്ഷണം?"

"അവിടെ കൂടാരത്തിനുള്ളില്‍", അവള്‍ പറഞ്ഞു.

അവനു സന്തോഷമായി. കൂടാരത്തിനുള്ളിലെ ആഹാരം സാധാരണ രീതിയില്‍ കൊട്ടാരത്തിലുള്ളതിനേക്കാള്‍ രുചികരമാണ്. രണ്ടുമൂന്നു മാസങ്ങളേ ആയുള്ളൂ കൂടാരത്തിലെ ഭക്ഷണം ലഭിക്കാന്‍ തുടങ്ങിയിട്ട്.

ആ വലിയ കൂടാരത്തില്‍ അവന് എളുപ്പത്തില്‍ കടന്നു ചെല്ലാന്‍ പാകത്തിലുള്ള വാതിലുകള്‍ ഉണ്ടായിരുന്നു.

അവന്‍ സുഖമായി ഭക്ഷണം ആസ്വദിച്ച് ആഹരിക്കാന്‍ തുടങ്ങി.

അല്പ സമയം കഴിഞ്ഞപ്പോള്‍ അവര്‍ വന്നു. ആഹാരം കഴിച്ചുകൊണ്ടിരുന്ന അവന്‍ അവസാന നിമിഷത്തിലാണ് അവരുടെ സാന്നിദ്ധ്യം അറിഞ്ഞത്. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ വാതില്‍ എവിടെയാണെന്നു പോലും അവന്‍ മറന്നു പോയി. വാതില്‍ അന്വേഷിച്ച് പരക്കം പാഞ്ഞ അവന്‍ അടുത്ത നിമിഷം അവരുടെ കയ്യില്‍ ഞെരിഞ്ഞമര്‍ന്നു.

**********

"ദേ ഇതു കേള്‍ക്കുന്നുണ്ടോ?" അവര്‍ വിളിച്ചു ചോദിച്ചു.

"ങ്ഹും, പറഞ്ഞോളൂ", അദ്ദേഹം പറഞ്ഞു.

"എത്ര നാളായി ഞാന്‍ പറയുന്നു, ഈ കൊതുകു കുടയൊന്നു മാറണമെന്ന്? കുഞ്ഞിന്റെ ദേഹത്തു മുഴുവന്‍ കൊതുകു കടിച്ചു തടിച്ചു ചുവന്നിരിക്കുന്നതു കണ്ടില്ലേ?"

"ഇന്നു വൈകീട്ടു വാങ്ങാം." അദ്ദേഹം പറഞ്ഞു.

*********
കൂടാരത്തിനുള്ളില്‍ അവന്റെ മൃതദേഹം കണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.


1 അഭിപ്രായം:

  1. ആരുടെ കൂടെയാണ് ?അവന്റെ കൂടെയോ, കുഞ്ഞിന്റെ കൂടെയോ ?

    നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ