Visit my English blog at http://jayanthanpk.blogspot.in

2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

പ്രഭാത സവാരി


"രാവിലെ നടക്കേണം", വിധിച്ചൂ വൈദ്യോത്തമൻ
കണ്ടുപോലെൻ രക്തത്തിൽ ജാസ്തിയായ് പഞ്ചസാര!
"മണിക്കൂറൊന്നെങ്കിലും തകൃതിയായ് നടക്കേണം
പ്രമേഹം നിയന്ത്രിക്കാൻ മാർഗ്ഗമൊന്നതേയുള്ളു"

വൈദ്യനോടൊട്ടല്ലഹോ തോന്നി ഹാ, ദേഷ്യം, ശപ്പൻ!
ഇപ്രകാരം ചൊല്ലീടാൻ അയ്യാൾക്കിതെന്തേ തോന്നി?

ചൂടുകാലത്താണെങ്കിൽ വിയർപ്പിൽ കുളിച്ചീടും
എങ്ങനെ നടന്നീടും, ചൊല്ലീടു സുഹൃത്തേ നീ
ശീതകാലത്താണെങ്കിൽ തലയും മൂടിപ്പുത-
റങ്ങാനെത്ര സൗഖ്യം, സ്വർഗ്ഗവും നാണിക്കില്ലേ?

എന്നിട്ടുമദ്ദുഷ്ടനാം വൈദ്യനെങ്ങനെ ചൊല്ലീ
"മാർഗ്ഗമിതൊന്നേയുള്ളൂ പ്രമേഹം നിയന്ത്രിക്കാൻ"?

നടക്കാനിറങ്ങേണം സൂര്യോദയത്തിൻ മുമ്പേ
ആദിത്യദേവൻ നമ്മെ പാർക്കിലേ ദർശിക്കാവൂ
രോഗമല്ലിതു ദേഹം തന്നെയും ബാധിക്കുന്നോ-
രംഗ വൈകല്യമത്രെ, ചൊല്ലുന്നൂ വിരുതന്മാർ

രാവിലെ എഴുന്നേൽക്കാൻ മടിച്ചു ശയിക്കവേ
ഭാര്യ തൻ ശകാരങ്ങൾ തുളച്ചൂ കർണ്ണങ്ങളെ
"എഴുന്നേൽക്കുക വേഗം നടക്കാൻ പോയീടുക
വൈദ്യനിന്നലെ ചൊന്നതിപ്പൊഴേ മറന്നെന്നോ?
ഷഷ്ട്യബ്ദം കഴിഞ്ഞത്രേ, പറഞ്ഞിട്ടെന്തേ കാര്യം
ബാലരേക്കാളും കഷ്ടം, മടിക്കോ ചക്രവർത്തി!"

സഹിക്കാമെന്തിനേയും വെന്നിടാമെന്തിനേയും
ജായ തൻ ശകാരത്തെ വെല്ലുക കഷ്ടം, പക്ഷെ!

മെല്ലവേ എഴുന്നേറ്റു, മൂളിയും ഞരങ്ങിയും
നടക്കാനായിപ്പോകാൻ കോപ്പു കൂട്ടിനേൻ ശീഘ്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ