Visit my English blog at http://jayanthanpk.blogspot.in

2016, മാർച്ച് 11, വെള്ളിയാഴ്‌ച

പിറന്നാൾ ആശംസകൾ


നന്ദി, മകനേ, ഒരായിരം നന്ദി
എന്നെ ഓർമ്മിച്ചതിന്
എൻറെ പിറന്നാൾ ഓർമ്മിച്ചതിന് 
ആശംസകൾ അയച്ചതിന് 

എത്രയോ വർഷങ്ങൾക്കു ശേഷം 
നിൻറെ കാർഡ് കിട്ടിയപ്പോൾ 
മനം നിറഞ്ഞു, കണ്ണു നിറഞ്ഞു 
ഒരായിരം തവണ
ഞാൻ ആ കാർഡിൽ ചുംബിച്ചു 

നിൻറെ ഗന്ധം ഞാൻ അനുഭവിച്ചു 
നിൻറെ കുട്ടിക്കാലം ഞാൻ ദർശിച്ചു 
നിൻറെ പുഞ്ചിരി എന്നെ ഉന്മാദം കൊള്ളിച്ചു 
നിൻറെ ചിരിയും കരച്ചിലും വാക്കും നോക്കും 
കളിയും വീഴലും കരച്ചിലും ചിണുങ്ങലും 
എല്ലാം ഞാൻ വീണ്ടും അനുഭവിച്ചു 

എൻറെ ചുണ്ടിൽ നിൻറെ ചുണ്ടുകളുടെ ലോലസ്പർശം ഞാനറിഞ്ഞു 
നിൻറെ കുട്ടിക്കാലവും എൻറെ യുവത്വവും തിരിച്ചു വന്നു 

നിൻറെ കാർഡ് എല്ലാവരേയും ഓടി നടന്നു കാണിച്ചു 
സന്തോഷം കൊണ്ടു ഞാൻ വീർപ്പു മുട്ടി 
എൻറെ ജീവിതം സഫലമായെന്ന് എനിക്കു തോന്നി 
നിന്നെ ഓർത്ത് നിൻറെ  സന്ദേശവും നെഞ്ചിൽ ചേർത്തു കിടന്നു 
എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല 

*****************

ഇടക്കെപ്പോഴോ മാനേജർ കൂട്ടുകാരനോടു പറഞ്ഞു 
'കണ്ടില്ലേ അദ്ദേഹത്തിൻറെ ഒരു സന്തോഷം!
ഇനി എല്ലാ വർഷവും 
ജന്മദിനാശംസകൾ അയക്കണം'

*****************

പിറ്റേന്ന് 
വൃദ്ധസദനത്തിൽ നിന്നുള്ള 
ടെലിഫോൺ സന്ദേശത്തിനു മറുപടിയായി 
അയാൾ പറഞ്ഞു,
'വരാൻ പറ്റില്ല 
നിങ്ങൾ തന്നെ സംസ്കരിച്ചോളൂ 
ചെലവു ഞാൻ അയച്ചു തന്നേക്കാം'

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ