Visit my English blog at http://jayanthanpk.blogspot.in

2016, മാർച്ച് 11, വെള്ളിയാഴ്‌ച

അമ്മേ ശരണം

അമ്മേ, ദേവി സരസ്വതീ, ഭഗവതീ, വാഗീശ്വരി, ഭാരതീ
വിദ്യാദേവി, പുരന്ദരീ, കലകൾ  തൻ  മാതേ, മനോഹാരിണീ
കൊല്ലൂർ  വാസിനി, ഹംസചാരി, വരദേ, പദ്മാസനപ്രേയസീ
ഒന്നെന്നെ വരവാണി, നോക്കുക, കടക്കണ്ണാകിലും  തൃപ്തനേൻ

അമ്മേ, ശങ്കരപാത പിൻതുടരവേ കൊല്ലൂരിലെത്തി, ക്ഷണാൽ 

മുമ്പോട്ടില്ലിനി യാത്രയെന്നു കരുതി ചാപല്യമോലുന്നവൾ
കൊല്ലൂരെന്നല്ല, രാമൻ മഴുവതിനാൽ തീർത്തതാം കേരളത്തിൽ-
ക്കൂടിത്തന്റെയനുഗ്രഹം ചൊരിയുവാനംബേ വസിക്കുന്നു നീ

അമ്മേ, വേണ്ടയെനിക്കു സ്വത്തു വകകൾ, തോട്ടങ്ങൾ, ബംഗ്ലാവുകൾ

അംബേ, ഹൃത്തിലിവന്നു മോഹമുളവായീടുന്നതില്ലൊന്നിനും
മോഹിച്ചീടുന്നതില്ലാ മനുജനു മതി കെട്ടുന്ന മദ്യങ്ങ-
ളെന്ന, ല്ലെൻ ത്ന്യേതരയാമൊരുവളേ മോഹിപ്പതില്ലാ ദൃഢം

ഇല്ലാ മോഹമെനിക്കു, വേണ്ട പദവി, ലോകം ഭരിച്ചീടുവാ-

നുള്ളോരാഗ്രഹമൊട്ടുപോലുമിവനെത്തൊട്ടിട്ടുമില്ലേതുമേ
ആയീടേണ്ടവതാരവും ഗുരുവുമേ വേണ്ടാശ്രമം, ശിഷ്യരും
വേണ്ടാ ദേവി, യിവന്നു സൗഖ്യമുതിരും സ്വപ്നങ്ങൾ, മോഹങ്ങളും

അമ്മേ, നിൻ സവിധേ പുകഞ്ഞമരുമാ മാലേയമായീടണം

ത്വൽബിംബത്തിനെ ശുദ്ധമാക്കിടുമൊരാ നീരായൊലിച്ചീടണം
നിൻ പീത്തിലമർന്നു  നിന്നിലലിയും പൂവാകണം നിത്യവും
നിന്മുന്നിൽ തെളിയുന്ന ദീപമതിലെ നെയ്യായ് മറഞ്ഞീടണം

നിൻ ചുണ്ടിൻ പരിരംഭണാൽ സുകൃത കുംഭങ്ങൾ വഹിക്കുന്നൊരാ 

തീർത്ഥം പോൽ തവ ഭക്തരിൽ മറയുവാനുണ്ടാഗ്രഹം, കേൾക്കു നീ 
ഹേ, ദേവീ, തവ മണ്ഡപത്തിലൊരുനാൾ പുക്കങ്ങിരുന്നെത്രയും
ഭക്ത്യാ നിന്നുടെ കീർത്തനങ്ങളുരിയാടീടുന്നതിന്നാഗ്രഹം

അമ്മേ നിന്നുടെ പാദസേവ ദിനവും മുട്ടാതെ ചെയ്തീടുവാൻ 
ചെമ്മേയെൻ ശിരസ്സിങ്കൽ നിൻ കരതലം ചേർക്കേണമേ, അംബികേ 
നിൻ ക്ഷേത്രത്തിനു ചുറ്റുമായ്‌ വലതു വച്ചീടും ദശാന്തത്തിലായ്
നിൻ തൃച്ചേവടി മുന്നിൽ വീണു മരണം കാംക്ഷിപ്പിതേനംബികെ

പിറന്നാൾ ആശംസകൾ


നന്ദി, മകനേ, ഒരായിരം നന്ദി
എന്നെ ഓർമ്മിച്ചതിന്
എൻറെ പിറന്നാൾ ഓർമ്മിച്ചതിന് 
ആശംസകൾ അയച്ചതിന് 

എത്രയോ വർഷങ്ങൾക്കു ശേഷം 
നിൻറെ കാർഡ് കിട്ടിയപ്പോൾ 
മനം നിറഞ്ഞു, കണ്ണു നിറഞ്ഞു 
ഒരായിരം തവണ
ഞാൻ ആ കാർഡിൽ ചുംബിച്ചു 

നിൻറെ ഗന്ധം ഞാൻ അനുഭവിച്ചു 
നിൻറെ കുട്ടിക്കാലം ഞാൻ ദർശിച്ചു 
നിൻറെ പുഞ്ചിരി എന്നെ ഉന്മാദം കൊള്ളിച്ചു 
നിൻറെ ചിരിയും കരച്ചിലും വാക്കും നോക്കും 
കളിയും വീഴലും കരച്ചിലും ചിണുങ്ങലും 
എല്ലാം ഞാൻ വീണ്ടും അനുഭവിച്ചു 

എൻറെ ചുണ്ടിൽ നിൻറെ ചുണ്ടുകളുടെ ലോലസ്പർശം ഞാനറിഞ്ഞു 
നിൻറെ കുട്ടിക്കാലവും എൻറെ യുവത്വവും തിരിച്ചു വന്നു 

നിൻറെ കാർഡ് എല്ലാവരേയും ഓടി നടന്നു കാണിച്ചു 
സന്തോഷം കൊണ്ടു ഞാൻ വീർപ്പു മുട്ടി 
എൻറെ ജീവിതം സഫലമായെന്ന് എനിക്കു തോന്നി 
നിന്നെ ഓർത്ത് നിൻറെ  സന്ദേശവും നെഞ്ചിൽ ചേർത്തു കിടന്നു 
എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല 

*****************

ഇടക്കെപ്പോഴോ മാനേജർ കൂട്ടുകാരനോടു പറഞ്ഞു 
'കണ്ടില്ലേ അദ്ദേഹത്തിൻറെ ഒരു സന്തോഷം!
ഇനി എല്ലാ വർഷവും 
ജന്മദിനാശംസകൾ അയക്കണം'

*****************

പിറ്റേന്ന് 
വൃദ്ധസദനത്തിൽ നിന്നുള്ള 
ടെലിഫോൺ സന്ദേശത്തിനു മറുപടിയായി 
അയാൾ പറഞ്ഞു,
'വരാൻ പറ്റില്ല 
നിങ്ങൾ തന്നെ സംസ്കരിച്ചോളൂ 
ചെലവു ഞാൻ അയച്ചു തന്നേക്കാം'