Visit my English blog at http://jayanthanpk.blogspot.in

2016, ജൂൺ 27, തിങ്കളാഴ്‌ച

കാളരാത്രി

അന്നു, പഞ്ഞയാം കര്‍ക്കടകത്തിലെ
മിന്നും മേഘങ്ങള്‍ പെയ്യുന്ന രാത്രിയില്‍
ഘോരമാരിക്കു സോദരിയെന്നപോല്‍
കൂരിരുട്ടിന്‍ കരാളമാം നൃത്തവും

അഗ്നി തൻറെ ജഠരം ദഹിപ്പിക്കെ
നിദ്ര കൈവിട്ടു പോയോരു വേളയില്‍
അമ്മ താതനെ തൊട്ടുണര്‍ത്തീ ജവാ-
ലിമ്മട്ടോരോന്നുരച്ചു തുടങ്ങിനാള്‍
"സൗഖ്യമോടെ ശയിപ്പതുമെന്തു നീ
ദുഖമെന്നുടെ കാണുന്നതില്ലയോ?

ഇന്നു രാവിലെ കപ്പ കഴിച്ചെന്നും
എന്നത്തെപ്പോല്‍ പകുതി വയറെന്നും
ഉച്ചക്കും പിന്നെ അത്താഴ നേരത്തും
വെള്ളം കൊണ്ടു ജഠരം നിറച്ചെന്നും

നീ മറന്നുവോ, കാന്ത, ചൊല്ലീടുക
എൻറെ കുംഭോദരത്തിലെ കുട്ടിയെ?
അൽപവുമെനിക്കന്നത്തിന്നാഹാരം
നല്‍കുവാനും നിനക്കാവതില്ലെന്നോ?

പത്തു മാസം തികഞ്ഞു പ്രസവിക്കാന്‍
വെമ്പി നില്‍ക്കുമീയെന്നുടെ വൈഷമ്യം
ഒട്ടുപോലും നിനക്കറിയില്ലയോ?
തൊട്ടു നോക്കുക നമ്മുടെ കുഞ്ഞിനെ"

എന്നു ചൊല്ലി കണവൻറെ കയ്യുകള്‍
തന്നുദരത്തിലമ്മ ചേർത്തീടവെ
സ്നേഹവാല്‍സല്യമോലുമാ സ്പർശനം
മോഹാല്‍ ഞാനന്നനുഭവിച്ചൂ ജവാല്‍

മുമ്പുമെത്രയോ വട്ടമീ സാമീപ്യം
എന്നെ ആശ്വസിപ്പിച്ചെന്നിരിക്കിലും
ഇന്നു താതൻറെ കൈകള്‍ പുണരവേ
മന്നിലെത്തുവാനെത്രയും വെമ്പലായ്

ഇക്കുടുസ്സുമുറിയില്‍ നിന്നെന്നെ നീ
വെക്കം മോചിപ്പിച്ചീടുക മാതാവേ
നിന്‍ മുഖമൊന്നു ദര്‍ശിക്കാന്‍, താതനെ
കാണ്മാനുമെനിക്കെത്ര തിടുക്കമായ്!

എന്‍ ക്ഷമയന്നു പാടേ നശിക്കവേ
പക്ഷം പാടേ തകര്‍ക്കാന്‍ ശ്രമിച്ചു ഞാന്‍
ചോദിച്ചാളമ്മ താതനോടീവിധം
"തൊട്ടറിഞ്ഞില്ലെ കുട്ടിക്കുറുമ്പുകൾ?

ഇക്കുരുന്നിനു വേണ്ടിയിട്ടെങ്കിലും
അൽപമന്നത്തിന്നാഹാരമേക നീ"
താതനൊന്നും മൊഴിഞ്ഞില്ല, മൂകനായ്
കട്ടില്‍ വിട്ടെഴുന്നേറ്റു പതുക്കവേ

അമ്മ കാണാ,തുടുത്ത വസ്ത്രത്തിൻറെ
കോന്തല കൊണ്ടു കണ്ണു തുടച്ചവന്‍
ൻറെയുള്ളിലെരിയുന്ന നെഞ്ചിനെ
എങ്ങനെ തണുപ്പിക്കുമറിയില്ല

ഏങ്ങിയേങ്ങി കരഞ്ഞിതു താതനും
ഈശ്വരാ കഷ്ടമെൻറെ വിധിയിതോ?
ൻറെ കൈ പിടിച്ചെന്നോടു കൂടിയീ
ജീവിതം പകുത്തീടുവാന്‍ വന്നവള്‍

മൂന്നു നേരവും മൃഷ്ടാന്നഭോജനം
ആവതോളം കഴിച്ചു ശീലിച്ചവള്‍
ഇന്നൊരു ലേശമന്നജലത്തിനായ്
കേഴുന്നൂ, താന്‍ മഹാപാപിയല്ലയോ?

പഞ്ഞക്കർക്കടകത്തില്‍ താന്‍ വേണമോ
ഈ നവശിശു ജന്മമെടുക്കുവാന്‍?
പണ്ടു നമ്മുടേയിക്കുടുംബത്തിലും
ൽപ  സ്വൽപം കൃഷി പതിവുണ്ടല്ലൊ

കിട്ടുമഞ്ചാറു ചാക്കു നിറച്ചു പു-
ന്നെല്ലതു മച്ചിലേറ്റാറുമുണ്ടല്ലൊ
വർഷമൊന്നങ്ങു താണ്ടണമാറുപേ
ആറു ചാക്കിലെ നെന്മണി മൂലമേ

ഇത്തരത്തിലന്നച്ഛന്‍ സ്മരിക്കവേ
ആശയൊന്നങ്ങുദിച്ചു തന്‍ മാനസേ
ധൂമമേറെ വമിക്കുന്ന ദീപവും
പേറി മച്ചില്‍ കരേറിനാന്‍ താതനും

പണ്ടു തങ്ങളും ചെയ്തിരുന്നു കൃഷി-
യെന്നതിന്നുടെ ബാക്കിപത്രം പോലെ
മച്ചിലങ്ങിങ്ങു തൂളിക്കിടക്കുന്നു
നെന്മണികള്‍, ജനകന്നു തോഷമായ്

ഓരോ മുക്കിലും മൂലയിലും പോയി
ശേഖരിച്ചുപോലോരോരോ ധാന്യവും
കൊക്കിലോരോരോ ധാന്യം പറവകള്‍ 
ശേഖരിക്കും പോല്‍ താതനും ചെയ്തുപോല്‍

മച്ചിലില്ലിനി നെന്മണിയൊന്നുമേ-
യെന്നു തീര്‍ച്ച വരുത്തി ജനകനും
ധാന്യമില്ലൊരുരി പോലുമെങ്കിലും
ധന്യനായതുപോല്‍ തോന്നി മാനസേ

കിട്ടിയ നെല്ലിടങ്ങഴി കുറ്റിയി-
ലിട്ടു കുത്തിയരിയാക്കി സസ്മിതം
അമ്മ തൻറെ ഞരങ്ങലും മൂളലും
താതനുള്ളില്‍ പതിച്ചിടിത്തീയായി

"അൽപം കൂടി ക്ഷമിക്കുക, കുട്ടി ഞാ-
നെത്തിടുന്നിതാ കഞ്ഞിയുമായുടന്‍"
കുത്തിക്കിട്ടിയ ധാന്യമണികളെ
തീയിന്മേലെ കരേറ്റി കലത്തിലായ്

വെള്ളമൊട്ടും മടിക്കാതെ തട്ടിനാന്‍
നാലു ഗ്ലാസ്സതിലൊട്ടും കുറക്കേണ്ട
തീയണഞ്ഞു പോകാതിരിക്കാനച്ഛ-
നന്നു കാവലിരുന്നു കലത്തിന്

അന്നം വെന്തു വരുന്നതിന്നൊപ്പമാ
സ്വാന്തമാകെ കുളിരണിഞ്ഞു പോലും
മുറ്റത്തൊക്കെ പരതീട്ടു കിട്ടിയ
പ്ലാവിലയൊരു കോരികയാക്കിനാന്‍

ഒന്നു പോലും വിടാതെയാ വറ്റുകള്‍
കിണ്ണം തന്നിലേക്കാക്കി പ്രിയതമന്‍
കണ്ണുനീരിൻറെ  ഉപ്പിനാല്‍ ചാലിച്ചു
തന്‍ പ്രിയതമക്കേകി മഹാരഥന്‍

ആവി പാറുന്ന കഞ്ഞി ദര്‍ശിക്കവേ
തൂകിനാളൊട്ടൊരാഹ്ലാദ കണ്ണുനീ
ർത്തിയോടെ കുടിക്കുവാനായിട്ടു
ചുണ്ടിനോനടുപ്പിച്ചുപോല്‍ പ്ലാവില

ഒന്നു നിർത്തി, തന്‍ കാന്ത വദനത്തി-
ലൊന്നു നോക്കി ചിരിച്ചു ചൊല്ലീടിനാള്‍
"സ്നേഹമൊട്ടു നിറഞ്ഞൊരിക്കഞ്ഞി തന്‍
പാതിയങ്ങു കുടിച്ചിട്ടു തന്നാലും

പാതി കൊണ്ടു വയറു നിറയുമെന്‍
കാന്ത, കഞ്ഞി നമുക്കു പകുത്തിടാം"
തന്‍ പ്രിയതമ തന്നുടെ വാക്കുകള്‍
കേട്ടു കള്ളം പറഞ്ഞിതന്നച്ഛനും

"കുട്ടിയൊട്ടും വിഷമിച്ചിടേണ്ട, ഞാന്‍
പാതിയാദ്യമേ മാറ്റി വച്ചില്ലയോ?"
ഭള്ളു ചൊല്ലിയ താതൻറെ വാക്കുകള്‍
അന്നൊരൽപം പതറിയിരുന്നുവോ?

"നീ കുടിക്കുകിക്കഞ്ഞി മുഴുവനും"
എന്നു ചൊല്ലി പുറത്തിറങ്ങീടിനാന്‍
തൻറെ ദുഖത്തിന്‍ ബാഷ്പ ശകലങ്ങള്‍
തന്‍ പ്രിയതമ കാണേണ്ടതില്ലല്ലൊ

കഞ്ഞി വെള്ളമമൃതായ് ഭവിക്കുമെ-
ന്നമ്മയന്നു തിരിച്ചറിഞ്ഞീടിനാള്‍
അഗ്നിയല്പം ശമിച്ചൂ ജഠരത്തില്‍
സൗഖ്യമോടെയന്നമ്മയുറങ്ങിനാള്‍

*******

അന്നു നാലു മണിക്കു പ്രഭാതത്തില്‍
ഞാന്‍ ജനിച്ചു, കരഞ്ഞു, ഭയത്തിനാല്‍

2016, മാർച്ച് 11, വെള്ളിയാഴ്‌ച

അമ്മേ ശരണം

അമ്മേ, ദേവി സരസ്വതീ, ഭഗവതീ, വാഗീശ്വരി, ഭാരതീ
വിദ്യാദേവി, പുരന്ദരീ, കലകൾ  തൻ  മാതേ, മനോഹാരിണീ
കൊല്ലൂർ  വാസിനി, ഹംസചാരി, വരദേ, പദ്മാസനപ്രേയസീ
ഒന്നെന്നെ വരവാണി, നോക്കുക, കടക്കണ്ണാകിലും  തൃപ്തനേൻ

അമ്മേ, ശങ്കരപാത പിൻതുടരവേ കൊല്ലൂരിലെത്തി, ക്ഷണാൽ 

മുമ്പോട്ടില്ലിനി യാത്രയെന്നു കരുതി ചാപല്യമോലുന്നവൾ
കൊല്ലൂരെന്നല്ല, രാമൻ മഴുവതിനാൽ തീർത്തതാം കേരളത്തിൽ-
ക്കൂടിത്തന്റെയനുഗ്രഹം ചൊരിയുവാനംബേ വസിക്കുന്നു നീ

അമ്മേ, വേണ്ടയെനിക്കു സ്വത്തു വകകൾ, തോട്ടങ്ങൾ, ബംഗ്ലാവുകൾ

അംബേ, ഹൃത്തിലിവന്നു മോഹമുളവായീടുന്നതില്ലൊന്നിനും
മോഹിച്ചീടുന്നതില്ലാ മനുജനു മതി കെട്ടുന്ന മദ്യങ്ങ-
ളെന്ന, ല്ലെൻ ത്ന്യേതരയാമൊരുവളേ മോഹിപ്പതില്ലാ ദൃഢം

ഇല്ലാ മോഹമെനിക്കു, വേണ്ട പദവി, ലോകം ഭരിച്ചീടുവാ-

നുള്ളോരാഗ്രഹമൊട്ടുപോലുമിവനെത്തൊട്ടിട്ടുമില്ലേതുമേ
ആയീടേണ്ടവതാരവും ഗുരുവുമേ വേണ്ടാശ്രമം, ശിഷ്യരും
വേണ്ടാ ദേവി, യിവന്നു സൗഖ്യമുതിരും സ്വപ്നങ്ങൾ, മോഹങ്ങളും

അമ്മേ, നിൻ സവിധേ പുകഞ്ഞമരുമാ മാലേയമായീടണം

ത്വൽബിംബത്തിനെ ശുദ്ധമാക്കിടുമൊരാ നീരായൊലിച്ചീടണം
നിൻ പീത്തിലമർന്നു  നിന്നിലലിയും പൂവാകണം നിത്യവും
നിന്മുന്നിൽ തെളിയുന്ന ദീപമതിലെ നെയ്യായ് മറഞ്ഞീടണം

നിൻ ചുണ്ടിൻ പരിരംഭണാൽ സുകൃത കുംഭങ്ങൾ വഹിക്കുന്നൊരാ 

തീർത്ഥം പോൽ തവ ഭക്തരിൽ മറയുവാനുണ്ടാഗ്രഹം, കേൾക്കു നീ 
ഹേ, ദേവീ, തവ മണ്ഡപത്തിലൊരുനാൾ പുക്കങ്ങിരുന്നെത്രയും
ഭക്ത്യാ നിന്നുടെ കീർത്തനങ്ങളുരിയാടീടുന്നതിന്നാഗ്രഹം

അമ്മേ നിന്നുടെ പാദസേവ ദിനവും മുട്ടാതെ ചെയ്തീടുവാൻ 
ചെമ്മേയെൻ ശിരസ്സിങ്കൽ നിൻ കരതലം ചേർക്കേണമേ, അംബികേ 
നിൻ ക്ഷേത്രത്തിനു ചുറ്റുമായ്‌ വലതു വച്ചീടും ദശാന്തത്തിലായ്
നിൻ തൃച്ചേവടി മുന്നിൽ വീണു മരണം കാംക്ഷിപ്പിതേനംബികെ

പിറന്നാൾ ആശംസകൾ


നന്ദി, മകനേ, ഒരായിരം നന്ദി
എന്നെ ഓർമ്മിച്ചതിന്
എൻറെ പിറന്നാൾ ഓർമ്മിച്ചതിന് 
ആശംസകൾ അയച്ചതിന് 

എത്രയോ വർഷങ്ങൾക്കു ശേഷം 
നിൻറെ കാർഡ് കിട്ടിയപ്പോൾ 
മനം നിറഞ്ഞു, കണ്ണു നിറഞ്ഞു 
ഒരായിരം തവണ
ഞാൻ ആ കാർഡിൽ ചുംബിച്ചു 

നിൻറെ ഗന്ധം ഞാൻ അനുഭവിച്ചു 
നിൻറെ കുട്ടിക്കാലം ഞാൻ ദർശിച്ചു 
നിൻറെ പുഞ്ചിരി എന്നെ ഉന്മാദം കൊള്ളിച്ചു 
നിൻറെ ചിരിയും കരച്ചിലും വാക്കും നോക്കും 
കളിയും വീഴലും കരച്ചിലും ചിണുങ്ങലും 
എല്ലാം ഞാൻ വീണ്ടും അനുഭവിച്ചു 

എൻറെ ചുണ്ടിൽ നിൻറെ ചുണ്ടുകളുടെ ലോലസ്പർശം ഞാനറിഞ്ഞു 
നിൻറെ കുട്ടിക്കാലവും എൻറെ യുവത്വവും തിരിച്ചു വന്നു 

നിൻറെ കാർഡ് എല്ലാവരേയും ഓടി നടന്നു കാണിച്ചു 
സന്തോഷം കൊണ്ടു ഞാൻ വീർപ്പു മുട്ടി 
എൻറെ ജീവിതം സഫലമായെന്ന് എനിക്കു തോന്നി 
നിന്നെ ഓർത്ത് നിൻറെ  സന്ദേശവും നെഞ്ചിൽ ചേർത്തു കിടന്നു 
എപ്പോഴാണ് ഉറങ്ങിയത് എന്നറിയില്ല 

*****************

ഇടക്കെപ്പോഴോ മാനേജർ കൂട്ടുകാരനോടു പറഞ്ഞു 
'കണ്ടില്ലേ അദ്ദേഹത്തിൻറെ ഒരു സന്തോഷം!
ഇനി എല്ലാ വർഷവും 
ജന്മദിനാശംസകൾ അയക്കണം'

*****************

പിറ്റേന്ന് 
വൃദ്ധസദനത്തിൽ നിന്നുള്ള 
ടെലിഫോൺ സന്ദേശത്തിനു മറുപടിയായി 
അയാൾ പറഞ്ഞു,
'വരാൻ പറ്റില്ല 
നിങ്ങൾ തന്നെ സംസ്കരിച്ചോളൂ 
ചെലവു ഞാൻ അയച്ചു തന്നേക്കാം'

2016, ഫെബ്രുവരി 9, ചൊവ്വാഴ്ച

08 ഫെബ്രുവരി 2016

ഞാന്‍ നടക്കുകയായിരുന്നു.

വഴിയറിയാതെ
ലക്ഷ്യമില്ലാതെ

അനേകം വഴികള്‍ പിന്നിട്ടു
പല വഴികള്‍ മുറിച്ചു കടന്നു

അവയില്‍ ഒന്നില്‍കൂടി
നീ വന്നു

വഴികള്‍ കൂട്ടിമുട്ടി
നമ്മള്‍ കണ്ടുമുട്ടി

ഞാന്‍ ചോദിച്ചു,
“പോരുന്നോ കൂടെ?”

നീ നാണിച്ചു
മുഖം കുനിച്ചു

പിന്നെ പറഞ്ഞു,
“ഉം”

അന്നൊരു ഞായറാഴ്ച്ചയായിരുന്നു
1981 ഫെബ്രുവരി 08

പിന്നീട് നമ്മുടെ യാത്ര
 ഒരുമിച്ചായി

എന്‍റെ കാല്‍ ഇടറിയപ്പോള്‍
നീ താങ്ങി

നീ വേച്ചുപോയപ്പോള്‍
ഞാന്‍ പിടിച്ചു

സുഖങ്ങള്‍
ദുഃഖങ്ങള്‍
സ്വപ്‌നങ്ങള്‍

സര്‍വ്വോപരി
കറ പുരളാത്ത
സ്നേഹവും വിശ്വാസവും

എല്ലാം പങ്കു വച്ചു

ഇടക്കിടക്ക്
പരസ്പരം വഴക്കടിച്ചു

വീണ്ടും ഇണങ്ങി
പുഞ്ചിരിച്ചു
കൈകള്‍ കോര്‍ത്തു പിടിച്ചു

യാത്രക്കിടയില്‍
കുട്ടികള്‍ ജനിച്ചു

ഒന്നല്ല
രണ്ടല്ല
മൂവര്‍

നമ്മുടെ മകള്‍
വെളിച്ചം കാണുന്നതിനു മുമ്പെ
മഹാപ്രകാശത്തിന്‍റെ ലോകത്തേക്ക്
പറന്നുയര്‍ന്നു

മുപ്പത്തഞ്ചു വര്‍ഷങ്ങള്‍!

ഇനിയും പരസ്പരം
വഴക്കടിച്ചും
വീണ്ടും ഇണങ്ങിയും
പുഞ്ചിരിച്ചും
കൈകള്‍ കോര്‍ത്തു പിടിച്ചും
യാത്ര തുടരാന്‍

ഈശ്വരന്‍
നമ്മെ അനുഗ്രഹിക്കട്ടെ

എന്നെ സഹിക്കാന്‍
എന്‍റെ  ഭ്രാന്തുകള്‍ കണ്ടില്ലെന്നു ഭാവിക്കാന്‍
മണ്ണടി ഭഗവതി
നിനക്കു ശക്തി തരട്ടെ!

നിന്നെ സ്നേഹിക്കാന്‍
നിന്നെ വിശ്വസിക്കാന്‍
ഞാനൊരിക്കലും മറക്കില്ല
തീര്‍ച്ച!


2016, ജനുവരി 11, തിങ്കളാഴ്‌ച

കവിതക്കൂട്ടം


(സ്വന്തം കൃതികള്‍ ചേര്‍ക്കാനും നിരൂപണം/വിശകലനം ചെയ്യാനും ഒരു മുഖപുസ്തക കൂട്ടം)

പൊന്തിപ്പൊന്തി വരുന്ന ജ്വാലകള്‍ കണക്കുള്ലോരുലത്തീയിലായ്
ചന്തം സ്വര്‍ണ്ണമണിക്കു ചേര്‍ക്കുവതിനായ് തട്ടാന്‍ ശ്രമിക്കുന്ന പോല്‍
സ്വന്തം സൃഷ്ടികള്‍ ചേര്‍ത്തിടാനുമവയെ കൂലങ്കുഷം ചര്‍ച്ചയില്‍
മന്ദം മന്ദമളന്നു തൂക്കി നിതരം കാച്ചിക്കുറുക്കാനുമായ്

വൃത്താധിഷ്ടിതമായ കാവ്യ, മതുപോല്‍ സ്വന്തം കഥാ, ലേഖനം
ഹൃത്തില്‍ നിന്നുളവായിടുന്ന കൃതികള്‍ ചേര്‍ക്കാന്‍, മനസ്സോടെയാ
കൃത്യത്തിന്നു ലഭിച്ചിടുന്നഭിമതം സോത്സാഹമുള്‍ക്കൊള്ളുവാന്‍
മാത്രം പോന്നൊരു കൂട്ടര്‍കൂട്ടമിവിടെ കൂട്ടായ് നടത്തേണ്ടയോ?

ഇത്തരത്തിലൊരു ഗ്രൂപ്പു വേണമോ?
ചിത്തമെന്തു പറയുന്നു കൂട്ടരേ?
പത്തു കയ്യുകളുയര്‍ന്നുവെങ്കിലെന്‍
ചിത്തമോതു, മഹഹാ, കലക്കി ഞാന്‍.