Visit my English blog at http://jayanthanpk.blogspot.in

2015, നവംബർ 9, തിങ്കളാഴ്‌ച

ജാതകം

മേടം രാശിയതാണു രാശികളിലൊന്നാമന്‍, അതില്‍ മൂന്നുപേര്‍
ശുക്രന്‍, സര്‍പ്പിയുമൊത്തുലഗ്നവുമഹോ വാഴുന്നു ദൈവേഛയാല്‍
ചന്ദ്രന്‍ നോക്കിയിരിപ്പതുണ്ടിടവമാം രാശീതലേ ബുദ്ധിമാന്‍
പിന്നീടത്ര വരുന്ന രാശി മിഥുനേ സൂര്യന്‍, ബുധന്‍, ചൊവ്വയും

കേള്‍ക്കൂ കര്‍ക്കിടകത്തിലും പുനരപി ചിങ്ങത്തിലും കന്നിയില്‍
പോലും ആരുമൊരാളുപോലുമെ വസിച്ചീടുന്നതില്ലാ ദൃഢം
മന്ദന്‍, പിന്നെ ശിഖിക്കു വാസഥുനാ രാശീ തുലാത്തിങ്കലാ-
ണെന്നാല്‍ വൃശ്ചികമായതില്‍, ധനുവിലും പാര്‍ക്കുന്നതില്ലാരുമേ

വ്യാഴം മാന്ദിയുമൊത്തു വാഴ്വു മകരേ; കുംഭം, ഝഷം ശൂന്യവും
ഇത്ഥം വാഴുവതുണ്ടു ജന്മസമയെ ശ്രേഷ്ഠ ഗ്രഹത്തിന്‍ ഗണം
നക്ഷത്രം മൃഗശീര്‍ഷമത്രെയധുനാ, ഗണ്ഡം അമാവാസിയും
ലഗ്നം മേടത്തിലത്രേ അതുവഴി ലഗ്നാധിപന്‍ ചൊവ്വയത്രേ

യോഗം ചൊല്ലുകില്‍ നാമനിത്യമതുപോല്‍ ചന്ദ്രാല്‍ ധുരാധൂരയും
മൂന്നാം യോഗമതത്രെ സൂര്യബുധര്‍ തന്‍ നൈപുണ്യമേകുന്നത്
ശിഷ്ടക്കാലം, ശ്രവിക്കൂ, കുജനതിലുണ്ടെട്ടു സം‌വല്‍സരങ്ങള്‍
മാസം പന്തണ്ടിലൊന്നേ കുറയു, ദിനം, പത്തു മേല്‍ രണ്ടുമത്രേ

എമ്പത്തഞ്ചിലെ ജൂണിലാണു ജനനം, മൂന്നാര്‍ ഗുണിക്കും ദിനം
കാലേ മൂന്നു മണിക്കൊരഞ്ചു നിമിഷം കൂടും മുഹൂര്‍ത്തത്തിലായ്
ഇത്ഥം ചൊല്ലിയതാം ശിരോലിഖിതമെന്‍ പുത്രന്നു ചേരുന്നത്
ആരാണെന്‍റെ തനൂജയായ് വരുവതെന്നാകാംക്ഷ പൂളുന്നു ഞാന്‍







2015, നവംബർ 6, വെള്ളിയാഴ്‌ച

ആനയും തെരുവു നായയും

[ഡല്‍ഹിയില്‍ നിന്നു ഗായത്രി പ്രസിദ്ധീകരിക്കുന്ന 'പ്രണവ'ത്തിന്‍റെ 2016ലെ ഏപ്രിൽ ലക്കത്തിൽ (വിഷു  വിശേഷാല്‍പ്രതിയില്‍)  പ്രസിദ്ധീകരിച്ചത് .] 

“ആരാണു നീ? ഒരു നായയോ? ധാര്‍ഷ്ട്യത്തി-

ലെന്നുടെ ചാരത്തിരിപ്പതുമെന്തിനായ്?
എന്‍ മുമ്പിലിങ്ങനെ വന്നിരിക്കാന്‍ ഭയം
തോന്നുന്നതില്ലയോ? ശത്രുക്കളല്ലെ നാം?"

"ഞാന്‍ ഗജരാജനാണുത്സവവേളയില്‍

ദേവനെ ഞാനാണു തോളിലേറ്റുന്നതും
എന്‍ മസ്തകത്തില്‍ തലേക്കെട്ടു കേറ്റുമ്പൊ-
ഴുള്ള സൌന്ദര്യം വിവരിച്ചിടാവതോ?
ഇപ്പാരിലുള്ള ചരാചരശ്രേണിയി-
ലേറ്റം വലിപ്പമുണ്ടെന്‍റെ വര്‍ഗ്ഗത്തിന്
കണ്ടാല്‍ വലിപ്പമുണ്ടെന്നല്ല, ശക്തിയില്‍
ഞാന്‍ തന്നെ മുമ്പന്‍, ധരിച്ചീടു ശ്വാന നീ

"ഉത്സവത്തിന്നിടവേളയില്‍ ഇത്തിരി

വിശ്രമിക്കാനായി വന്നിങ്ങു നില്‍പ്പു ഞാന്‍
എന്‍ വിശപ്പാറ്റുവാന്‍ ചോറും പനമ്പട്ട,
വാഴപ്പഴം, പിന്നെ ശര്‍ക്കരയുണ്ടയും
ആഹരിക്കട്ടെ ഞാന്‍, ശ്വാന, പോയീടു നീ
ആസ്വദിച്ചീടട്ടെ വിശ്രമവേള ഞാന്‍

"നിന്നെയെന്‍ ചാരത്തു കണ്ടാലിരുകാലി-

വര്‍ഗ്ഗമണയുമടിച്ചു തുരത്തുവാന്‍
നിന്നെപ്പോലുള്ള തെരുവു ശ്വാനന്മാരെ
കൊന്നുവെന്നാകില്‍ പ്രതിഫലം നിശ്ചയം

"നിന്മേനി കണ്ടാലറയ്ക്കുന്നു, ഭക്ഷണം

കണ്ടിട്ടു, നീ, എത്ര മാസങ്ങളായെടോ?
കൈകാല്‍കള്‍ ശോഷിച്ചു നില്‍ക്കുവാന്‍ പോലും
നിനക്കാവതില്ലെന്നു സ്പഷ്ടം, സഹോദരാ
ലോലമായുള്ള ശരീരത്തിലസ്ഥികള്‍
എത്രയെന്നെണ്ണാന്‍ ശ്രമം തീരെ വേണ്ടെടോ
ഞാനൊന്നു ശ്വാസം വലിച്ചു വിട്ടീടുകില്‍
വിഷ്ണുപാദം നീ ഗമിക്കുമേ തല്‍ക്ഷണം”


ധാര്‍ഷ്ട്യത്തില്‍ മുങ്ങിക്കുളിച്ചൊരീ വാക്കുകള്‍
കേട്ടു പണിപ്പെട്ടു പുഞ്ചിരി തൂകിനാന്‍

“ഹേ! ഗജരാജ, നിന്‍ വാക്കുകള്‍ കേട്ടിട്ട-

ഭിമാനമുണ്ടെനിക്കെങ്കിലും ചൊല്ലു നീ
അച്ഛനുമമ്മയും ബന്ധുക്കളുമൊത്തു
ക്രീഡിച്ചു മേളിച്ചു നീ നടന്നില്ലയോ?
കാടല്ല, വീടല്ല, ബന്ധുജനങ്ങളും
മാതാപിതാക്കളും പിന്നെ സ്വാതന്ത്ര്യവും
ഒക്കവേ നഷ്ടമായില്ലേ ഒരിക്കലാ
വന്‍ ചതി തന്‍ കുഴി നിന്നെ ഗ്രസിക്കവേ
നിന്‍ വലിപ്പം, ബലം, ആകാരസൌഷ്ടവം
എല്ലാം മനുഷ്യന്നടിമയായ്ത്തീര്‍ന്നില്ലേ?

"ഇന്നു നീ ദേവനെ തോളില്‍ വഹിക്കയാല്‍

ആര്‍ത്തു വിളിപ്പൂ ജനം നിന്നെയെപ്പൊഴും
എങ്കിലും എങ്ങാനപകടത്തില്‍ പെട്ടു-
വെന്നാല്‍, പ്രയോജനം നീ മൂലമേതുമേ
ഇല്ലെന്നു ബോദ്ധ്യമായീടുന്ന വേളയില്‍
നിന്‍ മസ്തകത്തില്‍ കയറും വെടിയുണ്ട
നീ തോളിലേറ്റുന്ന ദേവന്‍, വലുപ്പവും,
സുന്ദരമായ നടപ്പു, സൌന്ദര്യവും
ഒന്നുമേ നിന്നെ രക്ഷിപ്പാനണയുകി-
ല്ലെന്നു ധരിക്ക സഹോദരാ, ദന്തി, നീ

"നിന്നെ ഭരിക്കുമിരുകാലി വര്‍ഗ്ഗമാ-

ണെന്നെയുമീ നില തന്നിലെത്തിച്ചത്
അച്ഛനുമമ്മയുമാരെന്നറിയില്ല
എന്‍ ജന്മഗേഹവുമേതെന്നറിയില്ല
വെണ്ണക്കല്‍ പാകിയ ഹര്‍മ്മ്യങ്ങളിലൊന്നില്‍
രാജകുമാരനെപ്പോലെ വളര്‍ന്നു ഞാന്‍
സ്വന്തമായ് മക്കളില്ലാത്തതു കാരണം
സ്വന്തം മകനാണു ഞാനെന്നവര്‍ ചൊല്ലി
സുപ്രഭാതത്തില്‍ നടക്കാനിറങ്ങുമ്പോള്‍
തീര്‍ച്ചയായെന്നെയും കൂട്ടുമവരെന്നും

"ലക്കും ലഗാനുമില്ലാതൊരിക്കലൊരു

വാഹനമെന്നെ ഇടിച്ചിട്ടു പാഞ്ഞുപോയ്
കാലുകള്‍ രണ്ടുമൊടിഞ്ഞു തളര്‍ന്നു ഞാന്‍
ഭൂതലേ വീണു വിലാപം തുടങ്ങിനാന്‍
അച്ഛനുമമ്മയുമുല്‍ക്കണ്ഠ പൂണ്ടു വ-
ന്നെന്നെയെടുത്താശുപത്രിയിലാക്കിനാര്‍
എന്നെയാവോളം പരിശോധന ചെയ്ത
ഡോക്ടര്‍ വിധിച്ചതുകേട്ടു ഞെട്ടീടിനേന്‍
'കാല്‍കളൊടിഞ്ഞതു മൂലമിപ്പട്ടി നി-
ങ്ങള്‍ക്കൊരു ഭാരമായ്ത്തീരും ധരിക്കുക’
വേദനകൊണ്ടു പുളയുന്ന നേരത്തു-
മെന്‍ വാലിളക്കി ഞാന്‍ ദീനമായ്‌ ചൊല്ലിനേന്‍
'എന്നെയുപേക്ഷിച്ചു പോകല്ലെ, നിങ്ങളാ-
ണെന്നുടെ മാതാ, പിതാ, ഗുരു, ദൈവവും'

"നാലു വര്‍ഷങ്ങളില്‍ തന്നോരു വാത്സല്യ-

മൊറ്റ വാക്കിന്മേല്‍ പറിച്ചെറിഞ്ഞൂ  ദ്രുതം
എന്നെയുപേക്ഷിച്ചവര്‍ പോയി, പിന്നാലെ
വാതില്‍, തെരുവിലേക്കായ്‌ തുറന്നൂ, മഹാന്‍!
അങ്ങനെ ഞാനും തെരുവിന്‍റെ നായയായ്
ഈ ലോകമാകെ വെറുത്തിടും രാക്ഷസന്‍!
എന്‍റെയും നിന്‍റെയും മാനുഷന്‍ തന്‍റെയു-
മമ്മയായോരു പ്രകൃതി കനിഞ്ഞപ്പോള്‍
കഷ്ടിച്ചെഴുന്നേറ്റു നിന്നു, നടന്നു ഞാന്‍
ഉഛിഷ്ടവും ഭുജിച്ചീ നില തന്നിലായ്
ആഹാരമൊട്ടുമേ കിട്ടാത്ത നാളുകള്‍
എത്രയോ താണ്ടി, മഹാരഥേ, മല്‍സഖേ

"എന്‍ കഥ ചൊല്ലി മുഷിപ്പിച്ചു നിന്നെ ഞാന്‍

സാധിക്കുമെങ്കില്‍ ക്ഷമിച്ചീടു സോദരാ
പോകട്ടെ ഞാന്‍, സഖേ, നീ ചൊന്നപോലിരു-
കാലികള്‍ വന്നു കൊല്ലുന്നതിന്‍ മുന്നമേ
നിന്നോടു സംവദിച്ചീടുന്ന വേളയില്‍
എന്‍ മനസ്സിന്‍ ഭാരമൊട്ടു കുറഞ്ഞെടോ”

പോകുവാനായി തിരിഞ്ഞോരു ശ്വാനനെ

ഏറെ ദുഖത്തോടെ വീക്ഷിച്ചിതാനയും
കണ്ണുകളില്‍ നിന്നുതിര്‍ന്ന നീര്‍ത്തുള്ളിക-
ളൊട്ടു പതിച്ച നിവേദ്യമാമന്നത്തെ
മുന്‍കാലു കൊണ്ടൊന്നു തട്ടി നീക്കീ ജവാല്‍
കണ്ഠമിടറി പറഞ്ഞു കളഭവും

“സോദരാ എന്നോടു നീ ക്ഷമിച്ചീടണം

എന്നഹങ്കാരത്തെ നീ മറന്നീടണം
ദേവന്‍റെ നൈവേദ്യമാകുമീയന്നത്തെ
നീ ഭുജിച്ചീടുക, ധന്യനാകട്ടെ ഞാന്‍
ചോറുരുട്ടിത്തരാനെന്നുടെ പാപ്പാന-
ണയുന്നതിന്‍ മുമ്പു നീ കഴിച്ചീടണം”

തന്നെപ്പോലേറെപ്പേര്‍ക്കന്തിയുറങ്ങുവാന്‍

മാത്രം വലിപ്പമുള്ളാപ്പെരും വാര്‍പ്പിനെ
സാവധാനത്തിലണ, ഞ്ഞൊളികണ്ണിനാല്‍
നോക്കി, മത്തേഭം പറഞ്ഞതു സത്യമോ?
അല്‍പ്പസ്വല്‍പ്പം ഭയപ്പാടോടെയെങ്കിലും
ശ്വാനന്‍ ഭുജിച്ചു തുടങ്ങി നിവേദ്യത്തെ

തന്‍റെയവകാശമായീടുമന്നത്തെ

ആഹരിച്ചീടുന്ന നായയെ നോക്കിനാന്‍
“ഇല്ല, ഞാനിത്രയും സൌഖ്യമനുഭവി-

ച്ചിട്ടുള്ള നാളെന്‍ സ്മൃതിയിലില്ലേതുമേ
കേള്‍ക്കൂ മഹേശ്വരാ, നിന്‍ തിടമ്പെന്‍ തോളി-
ലേറ്റുന്ന വേളയില്‍ സംജാതമാം സുഖം
സൌഖ്യമല്ലുള്ളില്‍ വളരുമഹങ്കാര-
മെന്നു തിരിച്ചറിയുന്നേന്‍ മഹാ പ്രഭോ
എന്നുള്ളിലുള്ളോരഹന്തയെ മുച്ചൂടും
വെണ്ണയെപ്പോലുരുക്കീടുമീ ശ്വാനനെ
ദേവാ, നമസ്കരിച്ചീടുന്നു ഞാനിതാ,
കാത്തു കൊണ്ടീടേണമെന്നെ കൃപാനിധേ!”

2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഒരു കുടുംബ സെല്‍ഫി

വിദ്യാദേവി, സരസ്വതീ, പ്രകൃതി താന്‍ നിര്‍മ്മിച്ചു ഭക്ത്യാദരാല്‍
നിന്‍ പാദത്തിലണച്ച മന്ദിര[1]മതില്‍ വാഴും മനോഹാരിണീ
കോട്ടം കൂടാതെ വാണീഭഗവതിയമരും ജില്ലയാം കോട്ട-
യത്തിന്നഗ്രത്തായുത്തരത്തില്‍ സ്ഥിതിചെയ്യുന്നതുണ്ടെന്‍റെ ഗ്രാമം

എന്‍ ഗ്രാമത്തിനു നാമമത്രെ വെളിയന്നൂരെന്നതിന്‍ പശ്ചിമ-
ഭാഗത്തായ് നില കൊണ്ടിടുന്ന ഭവനം പൊത്തോപ്പുറത്തില്ലവും
മുത്തശ്ശന്‍ പണ്ടു തന്നേ കവിതകളെഴുതി ചൊല്ലിടാറുണ്ടു
പാര്‍ത്താലന്നത്തെ ദാസരാജനു മഹാ സന്തോഷമേകീ പുമാന്‍[2]

വൈകുണ്ഠേശ്വര, വിഷ്ണു, കേശവ, ഹരീ, നാരായണ, ശ്രീധര,
ദൈത്യാരേ, ഗരുഡദ്ധ്വജാ, ച്യുത, ബലിധ്വംസീ, സ്വഭൂ, ശ്രീപതി
മുത്തശ്ശന്നിരു പത്നിമാരവരിലെന്‍ മുത്തശ്ശിയാള്‍ ദ്വിതീയ
മുത്തശ്ശിക്കു പിറന്ന മൂവിരുവരില്‍ കേശവന്‍ മല്‍ പിതാവും

എന്‍ താതന്‍ കൃഷി, ശാന്തി, എന്നിവകളാല്‍ പാലിച്ചു തന്‍ മക്കളെ
രണ്ടാണും നാലു പെണ്ണും, ഇരുവരതില്‍ ശൈശവേ യാത്ര ചൊല്ലി
യുദ്ധത്തില്‍ അടരാടിടുന്ന ഭടനെപ്പോലേ ശ്രമിച്ചെങ്കിലും
അന്ത്യത്തില്‍ പിടിപെട്ട രോഗമതിനെ വെല്ലാന്‍ കഴിഞ്ഞില്ലഹോ
  
എന്‍ ഗ്രാമത്തിനു മദ്ധ്യഭാഗ നികടെ കല്ലൂര്‍ മനക്കല്‍ പരം
നെല്ലിക്കാമല ഈശ്വരിക്കു[3] പ്രിയയാമെന്നമ്മ നങ്ങേലിയാള്‍[4]
അച്ഛന്‍ പോയി മറഞ്ഞതിന്നുപരിയും ഞങ്ങള്‍ക്കു താങ്ങായി നി-
ന്നൊട്ടല്ലാശ്വാസമേകീ, ഒടുവിലതേ ശ്വാസമെങ്ങോ മറഞ്ഞു

രണ്ടാണുങ്ങളിലൊട്ടു ഞാനിളയവന്‍, എന്‍ പേര്‍ ജയന്തന്‍, പഠി-
ത്തത്തില്‍ ലേശമുഴപ്പിയോ, നതുവശാ, ലിപ്പോള്‍ തപിക്കുന്നവന്‍
പത്താം ക്ലാസ്സു ജയിച്ചശേഷമൊരുനാള്‍ ദില്ലിക്കു പൊയ്പോയവന്‍
വര്‍ഷം നാല്പതിലേറെയായി, അവിടെ കെട്ടിക്കിടക്കുന്നവന്‍

വള്ളം തന്‍ കേളി മൂലം പരിചിതമാം ജില്ലയില്‍[5] തെക്കു മാറി
കുട്ടന്‍ തന്നുടെ നാമമെന്നഖിലരും ചൊല്ലുന്ന ഗ്രാമത്തിലായ്[6]
പച്ചപ്പട്ടു വിരിച്ചനെല്‍ച്ചെടികളാ, ലാശ്ലിഷ്ടമായിട്ടു, മീ
യുള്ളോന്‍ തന്‍ സഹധര്‍മ്മിണിക്കു ഭവനം, കാക്കനാട്ടെന്നു നാമം

സോമന്‍, ഗംഗ, തുടങ്ങിയുള്ളവര്‍ ജടാവാസം നയിച്ചീടിലും
ചാരേ ശൈലജ വാണിടുന്നു, മടിയില്‍ കാര്‍ത്തികേയന്‍ ഗണേശന്‍
എന്‍ ഹൃത്തത്തിലലിഞ്ഞു ചേര്‍ന്നു നിതരാം നേര്‍രേഖ കാട്ടുന്നൊരെന്‍
പത്നീ തന്‍ പരമേശ്വരാഖ്യ, ജനകന്‍, വിഷ്ണൂ പദം പൂകിയോന്‍

ക്ഷീരാബ്ധീതനയേ, ചരാചരമഹാശ്രേണിക്കു മാതാവു നീ
കൃഷ്ണന്‍ തന്‍ പ്രിയ പത്നി, ലോകജനനീ, പത്മേ, രമേ, ഭാര്‍ഗ്ഗവീ
എന്‍ പത്നീമണിയായവള്‍ക്കു ജനനി, ശ്രീദേവിയെന്നുള്ളവള്‍
തന്നെ വിട്ടു പിരിഞ്ഞുപോയ പതി തന്‍ പിമ്പേ ഗമിച്ചുള്ളവള്‍

ശ്രീവിഷ്ണു പ്രിയയായ ദേവി, ഭവതി, മാ, ഇന്ദിരേ, ലോകരില്‍
ഐശ്വര്യം, ധന ധാന്യമെന്നിവ പകുത്തീടുന്ന ലോകാംബികേ
ആറാണുള്ളതു സോദരങ്ങളതിലോ നാലാമതെന്‍ പത്നിയാള്‍
നാമം തന്നെ ജയശ്രിയാണഖിലരും വാഴ്ത്തും മനോമോഹിനി

രണ്ടാണുങ്ങളെനിക്കു കുട്ടികളതില്‍ ശ്രീജിത്തു മൂപ്പുള്ളവന്‍
തന്‍ പ്രാണേശ്വരിയായിടും രുചിയുമായ് പൂനേയില്‍ വാഴുന്നവന്‍
ശ്രീകാന്തെന്നാണു നാമം ഇളയവനവനോ ഞങ്ങളോടൊപ്പ-
മിപ്പോള്‍വാണീടുന്നതുമുണ്ടു വധുവെ കണ്ടെത്തണം സത്വരം






[1] പനച്ചിക്കാട്
[2] ശ്രീപത്മനാഭദാസനായ തിരുവിതാംകൂര്‍ മഹാരാജാവ് പട്ടും വളയുംസമ്മാനിച്ചിട്ടുണ്ട്.
[3] നെല്ലിക്കാക്കുന്നു ഭഗവതി
[4] അമ്മയുടെ പേര് പിന്നീട് ശ്രീദേവിയെന്നു മാറ്റുകയുണ്ടായി
[5] ആലപ്പുഴ ജില്ല
[6] കുട്ടമ്പേരൂര്‍


2015, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

കണ്ണീര്‍ പൈതല്‍

കുഞ്ഞേ, നിനക്കെന്തു പറ്റി? പിടക്കുന്നു
മാനസം, നിന്‍റെ കിടപ്പു കാണ്‍കെ
അമ്മ തന്‍ കൈകളില്‍ പൂണ്ടിരിക്കേണ്ട നീ
ഇക്കടലോരത്തിന്‍ രോദനമായ്
ഭൂമിയെച്ചുംബിച്ചു ചേതനയറ്റൊരു
ബാല്യമായ് തീര്‍ന്നു നീ പൂമ്പൈതലേ
ഇത്ര പൈശാചികമായൊരന്ത്യം നിന-
ക്കാരാണു തന്നതു ദൈവേച്ഛയോ?
ഭൂമി തന്‍ മാറില്‍ പിറന്നു വീണെങ്കിലും
പിച്ച വച്ചോടിക്കളിച്ചെങ്കിലും
സ്വപ്‌നങ്ങള്‍ കാണുവാന്‍ പോലും പഠിച്ചീല-
തിന്‍ മുമ്പു ജീവിതം മാഞ്ഞു പോയോ?
അമ്മ തന്‍ നെഞ്ചിന്‍റെ ചൂടില്‍ ശയിക്കവേ
ഓടത്തില്‍ നിന്നും തെറിച്ചു വീണോ?
നീലക്കടല്‍ തന്നഗാധത പൂകുമ്പോള്‍
ശ്വാസത്തിനായി പിടഞ്ഞിരിക്കാം
കൈകളാലെങ്ങും പിടിക്കാന്‍ കഴിയാതെ
ദൈവമേയെന്നു നീ കേണിരിക്കാം
താതനെയൊന്നു വിളിക്കുവാനാകാതെ
നീയെത്ര കണ്ടു തപിച്ചിരിക്കാം
അമ്മയെ അന്ത്യമായ് കാണാന്‍ കഴിയാതെ
ശബ്ദമില്ലാതെ കരഞ്ഞിരിക്കാം.
കൈകാല്‍ കുഴഞ്ഞങ്ങു ദേഹം തളര്‍ന്നപ്പോള്‍
മൃത്യുവിന്‍റെ മുഖം കണ്ടിരിക്കാം
നിന്‍റെ മുഖകാന്തി കണ്ടു മരണവും
ഞെട്ടിത്തരിച്ചങ്ങു നിന്നിരിക്കാം
നിന്‍ നിഷ്കളങ്കത കണ്ടിട്ടു വാരിധീ-
ജീവികള്‍ കണ്ണീര്‍ പൊഴിച്ചിരിക്കാം
നിന്നെയുള്‍ക്കൊള്ളാന്‍ കഴിയാതെയക്കടല്‍
തന്‍ തിരയോടു കല്‍പിച്ചിരിക്കാം
ലോകത്തിന്‍ നൈര്‍മ്മല്ല്യം മൂര്‍ത്തീകരിച്ചൊരീ
ദേഹത്തെ ഭൂമിക്കു ദാനം ചെയ്യൂ
വന്നടിഞ്ഞോമനക്കുഞ്ഞാക്കടല്‍ക്കരെ
മാനുഷധാര്‍ഷ്ട്യത്തെ വെല്ലുവാനായ്
ദാരിദ്ര്യ, മത്യാഗ്രഹം, പിന്നെ മാനുഷ-
ജീവനു കല്‍പിച്ചിടാത്ത മൂല്യം
യുദ്ധത്തിനോടൊത്തു കൂടിയിത്തിന്മകള്‍
എത്രയോ ജീവന്‍ കവര്‍ന്നെടുപ്പൂ!
മാനവ നന്മയെ ചുട്ടുകരി,ച്ചതിന്‍
ചാരം കടലിലൊഴുക്കി നമ്മള്‍
മാനവര്‍ മാനവരാശിയെ സംഹരി-
ച്ചീടുന്ന കാലം വിദൂരമല്ല

________________
കടലില്‍ മുങ്ങി മരിച്ച അലന്‍ കുര്‍ദിയെ സ്മരിക്കുന്നു


അമൂല്യ സ്മരണകൾ

[ഡൽഹിയിൽ നിന്നും ഗായത്രി പ്രസിദ്ധീകരിക്കുന്ന പ്രണവം ത്രൈമാസികത്തിൻറെ 2019 സെപ്‌തംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്]

സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടുന്ന
ദേവാധിദേവന്മാരുണ്ടോ മരിച്ചുവോ?
മത്സ്യവും കൂർമ്മവും കൃഷ്ണന്‍ തുടങ്ങിയോ-
രൊമ്പ
വതാരമുണ്ടായിരുന്നുവോ?
എല്ലാം നശിപ്പിച്ചു ഭൂമിയെ കാക്കുവാന്‍
കല്‍ക്കിയവതാരമുണ്ടാകുമോ ഇനി?
പ്രഹ്ലാദപൌത്രനാം മാബലിരാജനെ
വാമനന്‍ പാതാള ദേശേ അയച്ചുവോ?
തന്‍ പ്രിയരായ പ്രജകളെ കാണുവാന്‍
എത്തുമോ മാബലി ഓണദിനങ്ങളില്‍?
എന്തോ എനിക്കൊന്നും ഒട്ടുമറിയില്ല-
യെങ്കിലുമോണമെനിക്കു പ്രിയതമം
ശാസ്ത്രം പഠിച്ചവര്‍ ചൊല്ലുന്നു മാനവ-
രാശിയാണേറ്റവും മുന്തിയ സൃഷ്ടികള്‍
ബ്രഹ്മനും വിഷ്ണുവും പാർവതീനാഥനും
വിഡ്ഢികള്‍ തന്‍റെ സങ്കല്‍പ്പങ്ങളല്ലയോ
പണ്ടു നടന്നവയെന്നു ചൊല്ലപ്പെട്ട
കാര്യങ്ങള്‍ കൊത്തി വലിച്ചു പുറത്തിട്ടു
താന്താന്‍ വിരചിച്ച ത്രാസിലായ് തൂക്കുന്നു
സ്വന്തമായ് സൃഷ്ടിച്ച കോലില്‍ അളക്കുന്നു
കൂട്ടിക്കിഴിച്ചും ഹരിച്ചും ഗുണിച്ചുമീ
പാപികള്‍ ചൊല്ലുന്നു കർണ്ണകഠോരമാം 
വാക്കുകള്‍, നമ്മുടെ ആരാദ്ധ്യരാജനാം
മാബലി നമ്മെ ഭരിച്ചതുമില്ലത്രേ!
ഏറെ വടക്കുള്ളോരാന്ധ്രപ്രദേശത്തി-
ലായിരുന്നത്രേ മഹാബലിത്തമ്പുരാന്‍
നർമ്മദാതീരത്തെ നാട്ടു രാജാക്കരി-
ലാരോ ഒരാളത്രേ മാബലിത്തമ്പുരാന്‍!
പിന്നെയും ചോദ്യങ്ങള്‍, തന്‍ കുഠാരത്തിനാല്‍
കേരളംസൃഷ്ടിച്ച രാമന്‍ പിറപ്പതി-
നെത്രയോ മുമ്പു ജനിച്ചൊരു വാമനന്‍
ശിക്ഷിപ്പതെങ്ങനെ കേരള രാജനെ?
വേണ്ട, കേൾക്കെണ്ടെനിക്കിത്തരം ചോദ്യങ്ങള്‍
വേണ്ടെനിക്കൊട്ടുമേ ശാസ്ത്രം, ചരിത്രവും
വേണ്ടതെനിക്കെന്‍റെ ബാല്യകാലം
ലോകമാകവേ സുന്ദരമായ കാലം
സൂര്യനുണരുന്നതിന്‍ മുമ്പെണീറ്റിട്ട്
പൂക്കൂടയേന്തുമൊരോണക്കാലം
കാട്ടിലും മേട്ടിലും മാമലമേളിലും
പുഷ്പങ്ങള്‍ തേടി നടന്ന കാലം
അത്തം മുതൽക്കു
ള്ളൊരൊമ്പതു നാളുകള്‍
മുറ്റത്തു പൂക്കളമായിരിക്കും
മുറ്റത്തു ചാണകം കൊണ്ടുമെഴുകിയ
വട്ടത്തില്‍ വയ്ക്കും തുളസിപൂവ്
പിന്നീടതിന്മേലെ കൂനയായ് കൂട്ടണം
തുമ്പപ്പൂ, നല്ല വെളുത്ത പൂവ്
അത്തത്തിന്‍ നാളിത്ര മാത്രമേ ചെയ്യേണ്ടു
ഓണം തുടങ്ങും സുദിനമല്ലോ
ഓരോരോ നാളിലും ഓരോരോ വൃത്തത്തെ
കൂട്ടി കളത്തെ പൊലിപ്പിക്കണം
കാട്ടിൽപ്പോയ് വെട്ടിയെടുക്കും ഞരള-
യെന്നേട്ടന്‍ ഞങ്ങൾക്കുള്ളോരൂഞ്ഞാലിനായ്
വേണ്ടത്ര നീളത്തില്‍ വള്ളി മുറിച്ചതിന-
റ്റങ്ങള്‍ രണ്ടും ചതക്കുമേട്ടന്‍
കാവിന്നടുത്തായ് പുളിമരമുണ്ടതിന്‍
താഴത്തെ കൊമ്പില്‍ വലിഞ്ഞുകേറും
വള്ളി ചതച്ചതെടുത്തു കുടുക്കിട്ടോ-
രൂഞ്ഞാല സൃഷ്ടിക്കും എന്‍റെ ഏട്ടന്‍
ഊഞ്ഞാലിലാടണം, പാട്ടുകള്‍ പാടണം
അന്തിയാവോളം കളിച്ചീടണം
തൈത്തെങ്ങിന്‍രണ്ടോല ചീന്തിയെടു-
ത്തിട്ടെന്നേട്ടന്‍ ചമച്ചീടും ഓലപ്പന്ത്‌
ഓലപ്പന്തുകളി കുട്ടികള്‍ ഞങ്ങള്‍ തന്‍
ജന്മാവകാശം പോലായിരുന്നു!
ഓണത്തിനൊട്ടും മുടങ്ങാതെ കിട്ടുമൊ-
രോണക്കോടിയന്നമൂല്യമത്രേ
ഓണക്കാലം വന്നണയുമ്പോളെന്മനം
പോയിടും ബാല്യത്തിലേക്കു തന്നെ
ഓർമ്മകൾ, ഓർമ്മകൾ, കണ്ണു നിറച്ചീടു-
മോർമ്മകള്‍ക്കായിരം വന്ദനങ്ങള്‍!
ഓർമ്മകൾ, ഓർമ്മകൾ, കണ്ണു നിറച്ചീടു-
മോർമ്മകള്‍ക്കായിരം വന്ദനങ്ങള്‍!

2015, ഏപ്രിൽ 15, ബുധനാഴ്‌ച

മൊട്ട


(ദെല്‍ഹിയില്‍ നിന്നു ഗായത്രി പ്രസിദ്ധീകരിക്കുന്ന 'പ്രണവം' ത്രൈമാസികയുടെ 2014 സെപ്റ്റംബര്‍
ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)


'മുട്ട'യാണോ 'മൊട്ട'യാണോ ശരി? കോഴി ഇടുന്നത് 'മുട്ട'യാണ്‌. കോഴി'മൊട്ട' എന്നാരും പറയാറില്ല. എന്നാല്‍ അതേ വാക്ക് തലയെപ്പറ്റിയാകുമ്പോള്‍ അത് മൊട്ടയായി മാറുന്നു. 'മുട്ടത്തല' എന്നാരും പറയാറില്ല. അതെപ്പോഴും 'മൊട്ടത്തല' തന്നെ. റ്റോംസിന്റെ കുട്ടികളായ ബോബന്റേയും മോളിയുടേയും കൂട്ടുകാരന്റെ പേരും 'മൊട്ട' എന്നാണല്ലോ.

അന്നു ഞായറാഴ്ച്ചയായിരുന്നു. ബാര്‍ബര്‍ ഷോപ്പില്‍ പതിവിലേറെ തിരക്ക്. കാത്തിരിക്കുന്നവര്‍ക്ക് ഇരിക്കാന്‍ വേണ്ടി ഒരു പഴയ ബെഞ്ച്. ഏഴു പേര്‍ക്കിരിക്കാം. അതില്‍ ഇപ്പോള്‍ തന്നെ എട്ടു പേരുണ്ട്. 'ഒന്നൊതുങ്ങിയിരിക്കാമോ' എന്നു ചോദിക്കാനാഞ്ഞപ്പോഴേക്കും ഏറ്റവും അറ്റത്തിരുന്ന കൊമ്പന്‍ മീശയുള്ള തടിയന്‍ എന്നെ ഒന്നു നോക്കി. ഞാന്‍ സാവധാനം മുറിയുടെ മൂലയിലേക്കു വലിഞ്ഞു. 'എനിക്കു ചെറുപ്പമാണ്‌, അല്‍പനേരം നില്‍ക്കാന്‍ വിഷമമൊന്നുമില്ല' എന്നു മനസ്സില്‍ പറയുകയും ചെയ്തു. എന്നാല്‍ 'അല്പനേര'ത്തിനു മണിക്കൂറുകള്‍ ദൈര്‍ഘ്യമുണ്ടായേക്കുമെന്നു അപ്പോള്‍ ചിന്തിച്ചില്ല. അല്ല, ചിന്തിച്ചാലും കാര്യമൊന്നുമില്ലായിരുന്നു താനും.


ഞായറാഴ്ച്ചത്തെ തിരക്കൊഴിവാക്കാന്‍ വേണ്ടി ഞാന്‍ വല്ലപ്പോഴുമൊക്കെ മറ്റു ദിവസങ്ങളില്‍ ബാര്‍ബര്‍ഷോപ്പില്‍ വരാറുണ്ട്. ചൊവ്വാഴ്ച്ചയാണ്‌ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അവധി. ഈ നിയമം ഇന്ത്യ ഒക്കെയും ബാധകമാണെന്നു തോന്നുന്നു. ഡെല്‍ഹിയില്‍ ഓരോ മേഖലയിലും കടകള്‍ക്ക് ആഴ്ച്ചയില്‍ ഓരോ ദിവസമാണ്‌  അവധി. അതെനിക്ക് ആദ്യമാദ്യം വല്ലാത്ത ആശ്ചര്യമുണ്ടാക്കിയിരുന്നു. നാട്ടില്‍ എല്ലായിടത്തും ഞായറാഴ്ച്ചയാണല്ലോ കടകള്‍ക്ക് അവധി. ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അവധി, പക്ഷെ, ചൊവ്വാഴ്ച്ച തന്നെ, ഇവിടെയും നാട്ടിലും, ഇന്ത്യയിലൊട്ടാകെയും. അതിന്റെ രഹസ്യമെന്താണാവോ!


ഞാന്‍ മുടി വെട്ടാന്‍ ചെല്ലുമ്പോള്‍ അവിടുത്തെ തല മൂത്ത ബാര്‍ബര്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിക്കും. 'യാതൊരു നിര്‍ബന്ധവുമില്ലാത്ത ഒരു തല ദാ വന്നു' എന്നാണാ ചിരിയുടെ അര്‍ഥം. 'മുടിയുടെ നീളം നല്ലവണ്ണം കുറക്കണം' എന്നു മാത്രമാണെന്റെ ആവശ്യം. കസേരയിലിരുന്നാല്‍ പിന്നെ എന്റെ തല മുഴുവനായും അയാളുടെ കത്രികക്കും കൈവിരലുകള്‍ക്കും മുമ്പില്‍ സമര്‍പ്പിക്കും (തലയുടെ പുറം മാത്രം, അകത്തു വല്ലതും ഉണ്ടെങ്കില്‍ അതെന്റെ സ്വന്തം!). 

ഓരോ സ്റ്റേജിലും ബാര്‍ബര്‍ക്കു നിര്‍ദ്ദേശം കൊടുക്കുന്ന ചിലരെ കാണാറുണ്ട്. മുടി വെട്ടിക്കഴിഞ്ഞാല്‍ ഒരു പത്തു മിനിട്ടെങ്കിലും കസേരയില്‍ നിന്നെഴുണേല്‍കാതെ കണ്ണാടിയില്‍ നോക്കിയിരിക്കും. തലയിലെ ഓരോ മുടിയുടേയും നീളവും സ്ഥാനവും ആകൃതിയും ശ്രദ്ധിക്കും. ഏതെങ്കിലും ഒരു മുടിക്ക് ഒന്നോ രണ്ടോ മില്ലീമീറ്റര്‍ നീളം കൂടിയാല്‍ അതെടുത്തു പറഞ്ഞു ശരിയാക്കും. എവിടെയെങ്കിലും അവര്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ നീളം കുറഞ്ഞു പോയെങ്കിലോ? പിന്നെ ബഹളം തന്നെ. അടുത്തുള്ള മറ്റു മുടികളുടെയൊക്കെ നീളം കുറപ്പിക്കും. എന്നിട്ട് ശരിക്കു ജോലി ചെയ്യാന്‍ അറിയില്ലെന്നു പറഞ്ഞ് ബാര്‍ബറെ  കുറെ ചീത്തയും വിളിക്കും. ഒരിക്കല്‍ ഒരാള്‍ മുടി വെട്ടിയതു പറഞ്ഞതുപോലെ ആയില്ലെന്നു പറഞ്ഞ് പാവം ബാര്‍ബര്‍ക്കു മുഴുവന്‍ കൂലി പോലും കൊടുക്കാതെ പോയി.

ഇനി ഷേവിങ്ങിന്റെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. ഷേവിങ്ങ് എന്നു പറഞ്ഞാല്‍ സാധാരണ അര്‍ത്ഥത്തിലുള്ള ഷേവിങ്ങ് മാത്രമല്ല. പിന്നേയോ, പുരികത്തിലേയും മൂക്കിലേയും ചെവിയിലേയും നീളം കൂടിയ രോമങ്ങള്‍ കൂടി വെട്ടി ശരിയാക്കണം. ചിലര്‍ക്കൊക്കെ കക്ഷത്തിലും ഷേവു ചെയ്തു കൊടുക്കണം! നോക്കണേ പാവം ബാര്‍ബറുടെ ഒരു ഗതികേട്! വേറെയും എവിടെയെങ്കിലും ഷേവു ചെയ്തു കൊടുക്കാറുണ്ടോയെന്നറിയില്ല. പക്ഷെ അതെന്തായാലും പരസ്യമായി പതിവില്ല. അത്രയും സമാധാനം!

നമുക്കു തിരിച്ചു വരാം. കസേരകള്‍ നാലെണ്ണം ഉണ്ടായിരുന്നെങ്കിലും ബാര്‍ബര്‍മാര്‍ മൂന്നുപേരേയുണ്ടായിരുന്നുള്ളു. അവയില്‍ മൂന്നിലും മൂന്നു തലകളും അവയുടെ താഴെ മൂന്നു ദേഹങ്ങളും. പ്രായമായ തലകളായിരുന്നു അവ മൂന്നും. ഒരാളുടെ തലയില്‍ ഗോദ്‌‌റേജിന്റെ മുടി കറുപ്പിക്കുന്ന എണ്ണ തേച്ചിരിക്കുന്നു. ഇനി ഒരു മണിക്കൂറെങ്കിലും അയാള്‍ക്ക് അവിടെയിരുന്ന് ഉറങ്ങാം. അയാളുടെ തലയില്‍ എണ്ണ തേച്ച ബാര്‍ബര്‍ക്ക് അത്രയും സമയം വിശ്രമമാണ്‌. പുറത്തു പോയി ബീഡി വലിക്കുകയോ, മൂത്റമൊഴിക്കുകയോ, ആരെയെങ്കിലും കണ്ട് സൊറ പറഞ്ഞിരിക്കുകയോ ആകാം.

മറ്റൊരാളുടെ മുഖത്തു മുഴുവന്‍ വെളുത്ത ചായം തേച്ചു പിടിപ്പിച്ചിരിക്കുന്നു. ഇയ്യാളും ഒരു മണിക്കൂറെങ്കിലും കഴിഞ്ഞെങ്കിലേ കസേര കാലിയാക്കൂ എന്നു തീര്‍ച്ച. ഇവര്‍ക്കു രണ്ടുപേര്‍ക്കും മാത്രമല്ല, മറ്റു പലര്‍ക്കും ഇതൊരു വെറും ബാര്‍ബര്‍ ഷോപ്പല്ല, അതിന്റെ സാധാരണ അര്‍ത്ഥത്തില്‍. പിന്നേയോ? ഒരു ബ്യൂട്ടി പാര്‍ലര്‍. തല കറുപ്പിക്കുക, മുഖത്തിനു സൗന്ദര്യവും തിളക്കവും വര്‍ദ്ധിപ്പിക്കുക, ദേഹം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞും ചവിട്ടി അരച്ചും പ്രായം കുറക്കുക തുടങ്ങിയ കലാപരിപാടികളൊക്കെ അവിടെ നടക്കാറുണ്ട്. 

ഒന്നു മുടി വെട്ടിക്കണം, അതാണെന്റെ ആവശ്യം. അതു മാത്രം. ചിലപ്പോഴൊക്കെ ഒന്നു ഷേവും ചെയ്യിക്കും. പണ്ടൊക്കെ ഒരേ ബ്ളേഡ് കൊണ്ട് പലരുടേയും ഷേവിങ് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അതു പതിവില്ല. ഒരു ബ്ളേഡ് ഒടിച്ച് അതിന്റെ ഒരു പകുതി കൊണ്ടാണു പ്രയോഗം. ഒരു ഷേവിങ്ങ് കഴിഞ്ഞാല്‍ അതു വലിച്ചെറിയുകയും ചെയ്യും. ങ്ഹും, എന്തായാലും അതുകൊണ്ട്  ബ്ളേഡുകളുടെ ചെലവു  കൂടി എന്നര്‍ത്ഥം. എയിഡ്സ് വരുത്തിയ ഭരണപരിഷ്കാരങ്ങള്‍!

ഭിത്തിയില്‍ രണ്ടു മൂന്നു പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്. അവയില്‍ ലോകത്തിലുള്ള, അല്ലെങ്കില്‍ ഇന്ത്യയിലെങ്കിലുമുള്ള, എല്ലാത്തരം മുടി മുറിക്കല്‍ ഫാഷനുകളുടേയും ഫോട്ടോയുണ്ട്. അവയ്കെല്ലാം ഓരോ പേരും. എല്ലാം ഹിന്ദി സിനിമയുമായി ബന്ധപ്പെട്ട പേരുകളാണ്‌. ഷാരുഖ് കട്ട്, ആമീര്‍ കട്ട്, ഗജിനി കട്ട്, എന്നിങ്ങനെ. 

ചിന്തിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ഇനിയും എത്ര തലകള്‍ കഴിഞ്ഞാലാവോ, എന്റെ തലയുടെ ഊഴം വരിക. ദൈവമേ, മുഖത്തു പെയിന്റടിച്ചിരുന്നയാളുടെ പണി കഴിഞ്ഞെന്നു തോന്നുന്നു. അയാളെഴുന്നേറ്റു. അല്പം ആശ്വാസം.

മുമ്പൊരിക്കല്‍ എന്നോടും ബാര്‍ബര്‍ അനിയന്‍ പറഞ്ഞതാണ്‌ തലയില്‍ ചായം തേയ്ക്കാമെന്നും മുഖത്തു പെയിന്റടിച്ച് തിരുമ്മി കുട്ടപ്പനാക്കിയെടുക്കാമെന്നും മറ്റും. കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ട് അയാള്‍ ചോദിച്ചു, "ചെയ്യട്ടെ?" 

ഞാന്‍ പറഞ്ഞു, "വേണ്ട".  

അയാള്‍ വിടാനുള്ള ഭാവമില്ല. എന്റെ അറുപതു വയസ്സായ മുഖത്തും തലയിലും ദേഹത്തും അയാളുടെ കൈക്രിയ കഴിയുമ്പോള്‍ എനിക്കു പത്തു വയസ്സെങ്കിലും പ്രായം കുറവു തോന്നിക്കുമത്രെ. മുഖത്തു നല്ല തിളക്കം വരുമത്രേ. ഇതൊക്കെ ചെയ്യാന്‍ വെറും നാനൂറു രൂപ മാത്രം മതിയത്രെ. ആഴ്ച്ചയിലൊരിക്കല്‍ ചെയ്താല്‍ മതി. ഒരു മാസത്തെ തുക അച്ചാരമായി കൊടുത്താല്‍ ഡിസ്കൗണ്ട് ഉണ്ട്, 1600ന്റെ സ്ഥാനത്ത്  1500 രൂപ കൊടുത്താല്‍ മതി. പത്തു വയസ്സു കുറയുമെങ്കില്‍ 1500 രൂപയെന്താ വലിയൊരു തുകയാണോ? അല്ലേയല്ല. മഹാനായ യയാതി മഹാരാജാവ് സ്വന്തം മകന്റെ യൗവനം ഇരന്നു വാങ്ങിച്ചില്ലേ? പിന്നെ വെറും സാധാരണ മനുഷ്യനായ എനിക്ക് ഒരല്പം അത്യാഗ്രഹം തോന്നിയെങ്കില്‍ എന്നെ കുറ്റം പറയല്ലേ.

പക്ഷെ ഒരു കുഴപ്പമുണ്ടല്ലൊ. എനിക്കിപ്പോള്‍ വയസ്സ് അറുപത്. പത്തു വയസ്സു (വെര്‍ച്വല്‍ ആയിട്ടാണെങ്കിലും) കുറഞ്ഞാല്‍ അപ്പോള്‍ 50. അതു ശരിയാവില്ലല്ലോ. ജയശ്രീക്ക് 54 വയസ്സായി. ങ്ഹാ, അതിന്‌ ഒരു എളുപ്പവഴിയുണ്ട്. ജയശ്രിയേയും നിര്‍ബന്ധിച്ച് ഏതെങ്കിലും ബ്യൂട്ടി പാര്‍ലറില്‍ അയയ്ക്കാം . അപ്പോള്‍ ജയശ്രീക്കു വയസ്സ് 44. അതു കൊള്ളാം. അപ്പോഴുമുണ്ട് വേറൊരു ചെറിയ പ്രശ്നം. മൂത്ത മകന്‍ ശ്രീജിക്ക് 33 വയസ്സായി. അവന്റേയും പ്രായം തത്തുല്യമായി കുറച്ചില്ലെങ്കില്‍ ജയശ്രീക്കു 11 വയസ്സുള്ളപ്പോള്‍ അവനെ പ്രസവിച്ചെന്നു വരും. ഹേയ്, അതേതായാലും വേണ്ട. ഏറ്റവും എളുപ്പം എനിക്കു പ്രായം കുറക്കാതിരിക്കുക തന്നെ. അതുകൊണ്ട് അയാള്‍ ചൊദിച്ചപ്പോളൊക്കെ 'വേണ്ട' എന്നു തന്നെ ഉത്തരം പറഞ്ഞു. മനസ്സിനു ചെറുപ്പമാണെങ്കില്‍ പിന്നെ ദേഹത്തിന്‌ അല്പം പ്രായം തോന്നിച്ചാലെന്താ? (എല്ലാ മുന്തിരിങ്ങകളും മധുരിക്കണമെന്നില്ലല്ലൊ.)

ഏകദേശം രണ്ടര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണെന്റെ ഊഴം വന്നത്. ഈശ്വരാ, ഇനിയും രണ്ടോ മൂന്നോ മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ഇതുപോലെ വന്നു കാത്തിരിക്കണമല്ലോയെന്നോര്‍ത്തപ്പോള്‍ അല്പം മടുപ്പു തോന്നി. അപ്പോഴാണ് ഒരാശയം മനസ്സിലുദിച്ചത്. തലയങ്ങു മൊട്ടയടിച്ചാലോ? കഴിഞ്ഞ വര്‍ഷത്തെ ചൂടുകാലത്തും ഇങ്ങനെ ഒരാശയം മനസ്സില്‍ ഉദിച്ചതാണ്‌. പിന്നെയെന്തോ, അതു നടന്നില്ല. അത്രക്കങ്ങു ധൈര്യമുണ്ടായില്ല എന്നു പറയുന്നതാവും ശരി.

ഒടുവില്‍ അതു തന്നെ ബാര്‍ബറോടു പറഞ്ഞു. "തല ഷേവു ചെയ്തേക്കൂ".


"റേസര്‍ ഉപയോഗിക്കട്ടേ?", അയാളുടെ ഉള്ളിലൊരു സംശയം. മുഴുവനായും തല ഷേവു ചെയ്യാന്‍ വിരളമായേ അവസരം കിട്ടാറുള്ളൂ. പിന്നെ ചിലരൊക്കെ വന്ന് 'മെഷീന്‍' ഓടിക്കാന്‍ പറയും, തലയില്‍ക്കൂടി. ട്രാക്‍ടര്‍ കൊണ്ടു നിലം ഉഴുന്ന പോലെയാണ്‌ അത്. 'മെഷീന്‍' തലയാകമാനം  ഒന്നു കേറിയിറങ്ങി കഴിയുമ്പോള്‍ തല ഫ്ലാറ്റ്. കഷ്ടിച്ചു അര ഇഞ്ചു നീളത്തില്‍ മാത്രം മുടി ബാക്കി നില്‍ക്കും. കണ്ണന്‍ ഇടക്കിടക്കൊക്കെ അങ്ങനെ ചെയ്യാറുണ്ട്.


"അതെ, റേസര്‍ കൊണ്ടു തന്നെ", ഒന്നുകൂടി ഊന്നിപ്പറഞ്ഞു. പിന്നീട് അയാളുടെ കൈവിരലുകളുടേയും നടുവേ മുറിച്ച ഒരു പാതി ബ്ളേഡിന്റേയും വിളയാട്ടമായിരുന്നു എന്റെ തലയില്‍. വലിയൊരു കണ്ണാടി മുമ്പില്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ ഇടക്കൊന്നും നോക്കാനുള്ള ധൈര്യമുണ്ടായില്ല. ഒരു പത്തു മിനിട്ടു നേരത്തെ കൈക്രിയ കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, "കഴിഞ്ഞു, സാബ്."


പതിവായി വിളക്കു കൊളുത്തുമ്പോള്‍ പ്രാര്‍ഥിക്കാറുള്ള ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് 'ഓം തല്‍സല്‍' എന്നു പറഞ്ഞുകൊണ്ട് കണ്ണു തുറന്നു കണ്ണാടിയില്‍ നോക്കി. കണ്ണാടിയില്‍ കണ്ട രൂപം എന്റേതു തന്നെയാണെന്നു വിശ്വസിക്കാന്‍ കുറെ നേരമെടുത്തു. അയാളോട് ഒരു നന്ദിയും പറഞ്ഞ് എഴുന്നേറ്റു.


തലയില്‍ ചെയ്തതു ഷേവ് ആണെങ്കിലും പണം മുടി വെട്ടുന്നതിന്റെ തന്നെ വാങ്ങിച്ചു. അതില്‍ കുറവൊന്നുമുണ്ടായിരുന്നില്ല. അതു സാരമില്ല. ഇനിയേതായാലും ഒരു മൂന്നു നാലു മാസത്തേക്ക് ഈ ബഞ്ചിലിരുന്നു സമയം കളയേണ്ടതില്ലല്ലോ എന്നൊരു സമാധാനം. പതിവായിട്ടു കാണുന്നവര്‍ എങ്ങനെ പ്രതികരിക്കുമെന്നൊരു ചെറിയ ആശങ്കയുണ്ടായിരുന്നു മനസ്സില്‍. പിന്നെ, ങ്ഹാ, 'എന്റെ തല ശ്രദ്ധിക്കാന്‍ ഇവര്‍ക്കൊക്കെ എവിടെ സമയം?' എന്നും ഓര്‍ത്തു.


കണ്ണനാണ്‌ ആദ്യം പ്രതികരിച്ചത്. "ദേ, ഇതെന്താ അച്ഛനീ ചെയ്തത്?" പിന്നീട് ജയശ്രീയുടെ ഊഴം, എന്നോടല്ല, കണ്ണനോടാണ്‌ പറഞ്ഞത്, "കണ്ണാ, വരൂ, നമുക്കും പോയി മൊട്ടയടിച്ചിട്ടു വരാം." കഴിഞ്ഞ ആഴ്ച്ച പൂനെയില്‍ നിന്നു ശ്രീജി വിളിച്ചപ്പോള്‍ അവന്‍ തല മൊട്ടയടിച്ചെന്നു പറഞ്ഞിരുന്നു. അതിന്റേയും ഇതിന്റേയും പ്രതികരണം ഒന്നിച്ചായെന്നു മാത്രം. മുടി നഷ്ടപ്പെട്ടതു (നഷ്ടപ്പെടുത്തിയതു) കൊണ്ട് എനിക്കങ്ങനെ പ്രത്യേകിച്ചൊന്നും തോന്നിയില്ല. തലക്കല്പം ചൂട് (അകത്തല്ല, പുറത്ത്) കൂടുതല്‍ തോന്നി, അത്രമാത്രം.


കണ്ണനേതോ ഓട്ടോ എക്സിബിഷനു പോയപ്പോള്‍ കിട്ടിയ തൊപ്പിയും വച്ചുകൊണ്ടാണു പിറ്റേ ദിവസം ഓഫീസില്‍ പോയത്. കണ്ടപ്പോള്‍ പലരും ആദ്യം തന്നെ ചോദിച്ചത് ആരാ മരിച്ചത് എന്നാണ്‌. വടക്കെ ഇന്ത്യക്കാരുടെ ഒരാചാരമാണത്. അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ തല മൊട്ടയടിക്കും. എന്നാല്‍ നമ്പൂതിരിമാരെ സംബന്ധിച്ചിടത്തോളം അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ മൊട്ടയടിക്കയല്ല, താടിയും മുടിയും നീട്ടി വളര്‍ത്തുകയാണു മുമ്പൊക്കെ ചെയ്യാറ്, ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും. ആ ഒരു വര്‍ഷം പതിവായി മരിച്ചയാള്‍ക്ക് കൈവെലിയിടുകയും വേണം. ഇതിനു ദീക്ഷ എന്നാണു പറയുന്നത്. എന്റെ ഓര്‍മ്മയില്‍, പക്ഷെ, ആരും ദീക്ഷയെടുക്കുന്നതു കണ്ടിട്ടില്ല."അച്ഛന്‍ മരിച്ച ദീക്ഷക്കാലത്ത്", "അമ്മ മരിച്ച ദീക്ഷയില്‍", എന്നൊക്കെ കാരണവന്‍‌മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്, അത്രയേയുള്ളു. ഇപ്പോഴെവിടെ അതിനൊക്കെ സമയവും സൗകര്യവും? വര്‍ഷത്തിലൊരിക്കല്‍ മാതാപിതാക്കളുടെ ബലി ഇടാന്‍ പോലും ആര്‍ക്കും സാധിക്കാറില്ല. അല്ലെങ്കില്‍ അതിനത്രയും പ്രാധാന്യമേ കൊടുക്കുന്നുള്ളു എന്നും ധരിക്കാം.


ഇപ്പോള്‍ ഒരു വാഹനം വങ്ങിച്ചാല്‍ അതിനു 'ലൈഫ് റ്റൈം' റോഡ് ടാക്സ് ഒരുമിച്ച് അടക്കണം. ഈ പരിപാടി തുടങ്ങുന്നതിനു മുമ്പ് എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ട്രാന്‍സ്പോര്‍ട് ഓഫീസില്‍ വെയിലത്ത് വരി നിന്ന് റോഡ് ടാക്സ് അടക്കേണ്ട ഗതികേടായിരുന്നു. ഞാനും അതു കുറേ അനുഭവിച്ചതാണ്.  ഈ ലൈഫ് റ്റൈമിനു സമാനമായിട്ടായിരിക്കാം ഇപ്പോഴത്തെ 'ഡെത്ത് റ്റൈം' ശ്രാദ്ധം. കാശി, രാമേശ്വരം, ഗയ എന്നിവിടങ്ങളില്‍ പോയി ബലിയിട്ടാല്‍ പിന്നെ വര്‍ഷാവര്‍ഷം ബലിയിടേണ്ടതില്ല. എത്ര എളുപ്പം! എന്നിട്ടതിനു 'ബലി നിര്‍ത്തല്‍' എന്നൊരോമനപ്പേരും! അച്ഛനേയും അമ്മയേയും അവര്‍ മരിച്ച വാര്‍ഷികങ്ങളില്‍ പോലും ഓറ്ക്കാതിരിക്കാനുള്ള എളുപ്പവഴി. ഒരു കുമ്പസാരം. ഞാനും ഇതു തന്നെ ചെയ്തിട്ടുണ്ട്. അമ്മയുടെ കൂടെ ഗയയില്‍ പോയി അച്ഛന്റെ ബലിയിട്ടു; ഏട്ടന്റെ കൂടെ കാശിയില്‍ പോയി അമ്മയുടെ ബലിയുമിട്ടു.


സഹപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ "ഓ, ഒന്നുമില്ല, വെറുതെ വേനല്‍ക്കാലത്തെ സ്വാഗതം ചെയ്തതാണ്‌, അല്ലാതെ ഒന്നുമില്ല" എന്നു മറുപടി പറഞ്ഞു. ഏതായാലും തല മൊട്ടയടിക്കുന്നതിനെപ്പറ്റിയുള്ള കൂലങ്കുഷമായ ഒരു ചര്‍ച്ച തന്നെ പിന്നീട് സഹപ്രവര്‍ത്തകരുടെ ഇടയില്‍ ഉണ്ടായി. പക്ഷെ വൈകുന്നേരം തിരിച്ചു പോന്നപ്പോള്‍ കാറില്‍ വച്ച് ലക്ഷ്മിയും മൊഹുവയും കൂടിയുള്ള ചര്‍ച്ചയായിരുന്നു കൂടുതല്‍ പ്രധാനവും രസകരവും. തല മൊട്ടയടിക്കുന്നതിന്റെ ശാസ്ത്രീയവും മതപരവുമായ കാര്യങ്ങളാണു ചര്‍ച്ച ചെയ്തത്.


ഹിന്ദു സന്യാസിമാരും ക്രിസ്ത്യന്‍ സന്യാസിനിമാരും മൊട്ടയടിക്കുന്ന കാര്യം പൊന്തിവന്നു. പഴനിയിലും തിരുപ്പതിയിലും പോയി തല മൊട്ടയടിക്കുന്ന കാര്യവും അതിനോടു ബന്ധിച്ചുള്ള ചില കഥകളും ചര്‍ച്ചാവിഷയങ്ങളായി. ഈ ചര്‍ച്ചകളുടെയെല്ലാം രത്നച്ചുരുക്കം ഇതായിരുന്നു:

മുടിയെന്നാല്‍ മനുഷ്യന്റെ അഭിമാനത്തിന്റെ പ്രതീകമാണ്‌. (കഷണ്ടിയുള്ളവര്‍ക്ക് അഭിമാനം ഇല്ലെന്ന അര്‍ത്ഥം കല്പിക്കല്ലേ, പ്ളീസ്!) ഒരു കിരീടത്തിന്റെ സ്ഥാനമാണ്‌ മുടിക്കുള്ളത്. അതുകൊണ്ടുതന്നെ തല മൊട്ടയടിക്കുന്നത് ഉത്തമമായ ത്യാഗത്തിന്റെ പ്രതീകമാണ്‌. ആവൂ, ഇതൊക്കെ കേട്ടപ്പോള്‍ അല്പം അഭിമാനം തോന്നാതിരുന്നില്ല. അല്പം കൂടിയൊന്നു പൊങ്ങിപ്പോയതുപോലെ. ദേഹമാസകലം കുളിരു കോരിയിടുന്നതുപോലെ. ഇടത്തു കൈകൊണ്ട് പതുക്കെ മൊട്ടത്തല ഒന്നു തിരുമ്മി. ഞാനൊരിക്കല്‍ പോലും ചിന്തിക്കുകപോലും ചെയ്യാത്ത അര്‍ത്ഥങ്ങളാണു മറ്റുള്ളവര്‍ കണ്ടെത്തുന്നത്.


തല മൊട്ടയടിച്ചതിന്റെ പ്രയോജനങ്ങള്‍ ഇപ്പോഴാണു ഓരോന്നായി മനസ്സിലായി വരുന്നത്. തലയില്‍ തേക്കാന്‍ വെളിച്ചെണ്ണ 'ഒരിത്തിരി'യുടെ പകുതി മതി. മുമ്പാണെങ്കില്‍ തലയുടെ മുക്കിലും മൂലയിലും (തലയിലോ മുക്കും മൂലയും? എന്നു ചോദിക്കല്ലേ) എണ്ണ തേച്ചു പിടിപ്പിക്കാന്‍ കുറെ സമയം എടുക്കുമായിരുന്നു. ഇപ്പൊഴോ, ഒരു നിമിഷം, അത്ര തന്നെ. മറ്റൊരു പ്രധാന സൗകര്യം മുടി ചീകണ്ട എന്നുള്ളതാണ്‌. മുമ്പാണെങ്കില്‍ ഭംഗിയായിട്ടു മുടി ചീകിയൊതുക്കാന്‍ രണ്ടുമൂന്നു മിനിട്ടെങ്കിലും എടുക്കുമായിരുന്നു. എന്നാലിപ്പോള്‍ കണ്ണാടിയുടെ മുമ്പില്‍ പോകുക പോലും വേണ്ട. ഹായ്, എത്ര എളുപ്പം. എന്റെ ഇഷ്ട ചീപ്പുകളുടെ ആവലാതികള്‍ കേള്‍ക്കാഞ്ഞല്ല. അവരെ ഞാന്‍ ക്രൂരമായി ചതിച്ചു എന്നൊക്കെ ഇടക്കു വിളിച്ചു പറയുന്നതു കേള്‍ക്കാമായിരുന്നു. കേട്ടെന്നു നടിച്ചില്ല. 'പാവങ്ങള്‍' എന്നുള്ളില്‍ പരിതപിച്ചു. കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നു സമാധാനിക്കാം. 

മുമ്പൊക്കെ തലയില്‍ എവിടെയെങ്കിലും ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ ഒരു വിരലു മാത്രം കൊണ്ട് മുടിക്കിടയിലൂടെ നുഴഞ്ഞിറങ്ങി ചൊറിച്ചില്‍ അനുഭവപ്പെടുന്നിടത്തു മാത്രം ചൊറിയണമായിരുന്നു. അല്ലെങ്കില്‍ ചീകി വച്ച മുടിയൊക്കെ അലങ്കോലമാകും. എന്നാല്‍ ഇപ്പോഴോ? ചൊറിയുന്നിടവും അതിന്റെ സമീപപ്രദേശങ്ങളുമൊക്കെ കിളച്ചു മറിച്ചിട്ടാലും ഒരു കുഴപ്പവുമില്ല.

ആകപ്പാടെ നല്ല സുഖം. ഇതെന്തേ കുറേക്കൂടി നേരത്തെ തോന്നാത്തത്?


എങ്കില്‍ പിന്നെ ഇതങ്ങു പതിവാക്കിയാലോ?