[ഡൽഹിയിൽ നിന്നും ഗായത്രി പ്രസിദ്ധീകരിക്കുന്ന പ്രണവം ത്രൈമാസികത്തിൻറെ 2019 സെപ്‌തംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്]
അന്നു വിളംബിതമായതിൻ മൂലമെൻ
ചിത്തത്തിലാശങ്കയായിരുന്നു
ശീഘ്രമായ് വാനത്തിൻ യാനത്തിലേറിഞാൻ
സ്വന്തമിരിപ്പിടം തേടീടവെ
കണ്ടു ഞാൻ, ശാന്തമായെൻ മുഖം വീക്ഷിച്ചു
പുഞ്ചിരിക്കൊള്ളും കവിശ്രേഷ്ഠനെ
എന്താണീ മാനവനിത്ര തിടുക്കമെ-
ന്നോർത്തു ചിരിക്കുകയായിരുന്നോ?
ആ മുഖം പെട്ടെന്നു മുമ്പിലായ് കാൺകെ ഞാ-
നൊന്നു പരുങ്ങി, നിശ്ശബ്ദനായി
സച്ചിദാനന്ദനെ മുമ്പിലായ് കാൺകെയെൻ
ചിത്തത്തിൽ പഞ്ചാരി മേളമായി
എങ്കിലുമൊന്നുമുരിയാടാനാകാതെ
പീഠo ഗ്രഹിച്ചുപവിഷ്ടനായി
എങ്ങനെ കാണും കവിയെ, ഉരിയാടും,
ഫോട്ടോയെടുത്തീടുമെന്നിങ്ങനെ
ഓരോരോ കാര്യങ്ങൾ ചിന്തിച്ചിരുന്നു ഞാൻ
ഒന്നും മനസ്സിൽ തെളിഞ്ഞുമില്ല
ആദ്യത്തെ കാഴ്ച്ചയിൽത്തന്നെ "നമസ്കാര"-
മെന്നൊന്നു ചൊല്ലിയിരുന്നുവെങ്കിൽ
രണ്ടാമതും കേറി മുട്ടുവാനിത്രയും
വേണ്ടായിരുന്നു സങ്കോച ഭാവം
എന്തു ചെയ്യാം! പ്രധാനപ്പെട്ട വ്യക്തികൾ
എന്നുമെനിക്കുയരത്തിലത്രേ!
നേരിട്ടു ചെന്നങ്ങു മുന്നിലായ് നിന്നിട്ടു
ചൊല്ലുക വേണം "നമസ്കാരം സാർ"
കൗതുകം കൂറും മിഴികളോടെൻ മുഖം
നോക്കിയദ്ദേഹം പ്രതികരിക്കും
പുഞ്ചിരിയോടെ ശിരസ്സു കുലുക്കീടു-
മത്രയായെങ്കിലും നന്നു തന്നെ
"ഫോട്ടോയെടുക്കേണമങ്ങു തൻ കൂടെ"യെ-
ന്നൊട്ടു മടിയോടെ ചൊല്ലിടും ഞാൻ
വീണ്ടും ചിരിച്ചു നിമേഷങ്ങൾ ചിന്തിച്ചു
ചൊല്ലീടു "മെന്നെയറിയുമെന്നോ"
അൽപ്പവും കൂടി വിനയാന്വിതനായി
പുഞ്ചിരിയോടെ പ്രതികരിക്കും
"നാലരയായി ദശാബ്ദമീ ദില്ലിയിൽ
വന്നു പൊറുക്കാൻ തുടങ്ങിയിട്ട്
അങ്ങയെ ചെറ്റുമറിയാത്ത മാനവൻ
മാവേലി നാട്ടിൽ നിന്നല്ല തന്നെ"
ലേശം കുസൃതിയിൽ ചാലിച്ച വാക്കുകൾ,
"സോപ്പിൻ പത ലേശം കൂടിയല്ലോ!
"ആകട്ടെ, സമ്മതിച്ചീടുന്നു ഞാൻ,പക്ഷെ
താങ്കളെ തെല്ലുമറിയില്ലല്ലോ"
"എൻ പേർ ജയന്തനെന്നാ,ണകവൂരിനെ
നന്നായ് പരിചയപ്പെട്ടിരുന്നു
എത്രയോ പ്രാവശ്യമദ്ദേഹത്തിൻ ഗൃഹ-
മെത്തിയപ്പാദം നമിച്ചിരിപ്പൂ
എൻറെ ഗുരുവും വഴികാട്ടിയുമുറ്റ
സ്നേഹിതൻ കൂടിയുമായിരുന്നു"
ഇത്രയും കേൾക്കെ മസിലുകൾ തെല്ലൊന്ന-
യച്ചു വിട്ടീടും കവിപുംഗവൻ
എങ്കിലും സംശയം പിന്നെയും ബാക്കിയാ-
ണെന്നാ മുഖം വിളിച്ചോതിയേക്കാം
അപ്പോൾ ഞാൻ ചൊല്ലിടും, "നിർമ്മൽ ഭട്ടാചാർജി
തൻ കൂടെ ജോലി ഞാൻ ചെയ്തിട്ടുണ്ട്
രണ്ടര വർഷം നിയോഗി ബുക്സിൽ ജോലി
ചെയ്തു ഞാൻ നിർമ്മൽദാ തൻറെ കീഴിൽ"
ഇത്രയും കേൾക്കെ പരിചയമില്ലാത്ത
ഭാവം മറച്ചൊന്നു പുഞ്ചിരിക്കും
എൻ കൂടെ ഫോട്ടോയെടുക്കാൻ വിരോധമി-
ല്ലെന്നാ ചിരിയെന്നെ ബോധിപ്പിക്കും
എങ്കിലും ഫോട്ടോയെടുക്കാനനുവാദം
കിട്ടും വരെയും ഞാൻ കാത്തു നിൽക്കും
"ഫോട്ടോയെടുത്തോളൂ"യെന്നു കേട്ടാലുടൻ
മോനെ വിളിച്ചീടും, "കണ്ണാ, വരൂ"
ഇത്രയും ചിന്തിച്ചുറപ്പിച്ചു മോനോടു
ചൊല്ലി, "ശുചി മുറി പോയ് വരേണം"
പോയിത്തിരിച്ചു വരുമ്പോളദ്ദേഹത്തെ
കണ്ടു കാര്യങ്ങൾ പറഞ്ഞിടേണം
എൻറെ പ്രതീക്ഷയും ദൈവത്തിൻ തീർച്ചയും
രണ്ടു വഴിക്കായിരുന്നു, പക്ഷെ
ശൗചാലയത്തിങ്കൽ നിന്നിറങ്ങീടവേ
കണ്ടു കവിശ്രേഷ്ഠൻ കാത്തു നിൽപ്പൂ
തെറ്റിദ്ധരിക്കേണ്ട, കാത്തതെന്നേയല്ല,
വാതിൽ തുറക്കുന്നതായിരുന്നു!
മുറ്റും നിരാശയോ,ടൊന്നും പറയാതെ
മെല്ലവേ പോയിയിടം പിടിച്ചു
സച്ചിദാനന്ദനോടൊന്നുരിയാടുന്ന-
തിഷ്ടമല്ലെന്നുണ്ടോ ദൈവങ്ങൾക്ക്?
രണ്ടു വിരലുകൾ നീട്ടിയൊന്നിൽ തൊടാൻ
ചൊന്നാലോ മോനോടു, ചിന്തിച്ചു പോയ്
“വേണ്ടെ”ന്നൊരു വിരൽ തന്നിലുറക്കുക,
“വേണ”മെന്നുള്ളതു മറ്റേതിലും
ഏതു വിരലിലാണാവോ തൊടുകെന്നു
ചിന്തിച്ചു നേരം കളഞ്ഞു വീണ്ടും
ചൂണ്ടുവിരലിൽ ഞാൻ "വേണ്ടെ"ന്നുറപ്പിച്ചു
"വേണ"മെന്നുള്ളതു മദ്ധ്യത്തിലും
മോനോടു ചൊല്ലുവാനായ് തുനിഞ്ഞീടവെ
മൈക്കിലശരീരി കേൾക്കുമാറായ്
"താമസിയാതെ നാം ദില്ലിയിലെത്തിടും
താഴേക്കിറങ്ങുവാനാരംഭിപ്പൂ
എല്ലാവരും സീറ്റു ബെൽറ്റുകൾ കെട്ടുക
സീറ്റിൽ നിന്നാരുമെഴുന്നേൽക്കല്ലേ"!
സ്തബ്ധനായ്പ്പോയി ഞാനെന്തു ചെയ്യേണ്ടു, ഹാ
എൻ സ്വപ്നം സ്വപ്നമായ് ശേഷിച്ചല്ലോ!
സ്വപ്നം പ്രാവർത്തികമാക്കുവാൻ വേണ്ടതാം
സൂക്ഷ്മയത്നം പോലും ചെയ്തതില്ല
ഭാവിയിൽ വീണ്ടുമവസരം കിട്ടുകിൽ
നഷ്ടപ്പെടുത്തില്ല, തീർച്ച തന്നെ.