Visit my English blog at http://jayanthanpk.blogspot.in

2019, ഓഗസ്റ്റ് 28, ബുധനാഴ്‌ച

രാജൻ


ജനനമാകട്ടെ, പിറന്നാളാകട്ടെ
ജാതകർമ്മമാകട്ടെ, ചൊറൂണാകട്ടെ
വിവാഹമാകട്ടെ, ഗൃഹപ്രവേശമാകട്ടെ
മരണമാകട്ടെ, മരണാനന്തര കർമ്മങ്ങളാകട്ടെ
അറിഞ്ഞാൽ വരും, സംശയിക്കേണ്ട.
വന്നാൽ അവിടെയുള്ളവർ എല്ലാവരും
അക്കാര്യം അപ്പോൾത്തന്നെ അറിയുകയും ചെയ്യും.
ഉച്ചത്തിലുള്ള സംസാരം
അതിലേറെ ഉച്ചത്തിലുള്ള പൊട്ടിച്ചിരി

മുട്ടിനു താഴെ വരെ എത്തുന്ന ജുബ്ബയും മുണ്ടും

വായിൽ സദാ കളിയാടിക്കൊണ്ടിരിക്കുന്ന മുറുക്കാൻ

അതി തീക്ഷ്ണമായ സ്വാതന്ത്ര്യ ബോധം
അതിൽ ആരുടേയും കൈകടത്തൽ അസഹനീയം
എന്തും വെട്ടിത്തുറന്നു പറയാനുള്ള ചങ്കുറപ്പ്
ഒരു തരം പകയോളമെത്തുന്ന വാശി
തന്നോടു തന്നെയും ജീവിതത്തോടും ലോകത്തോടും

ഏകനായി ജനിച്ചു
ഏകനായി ജീവിച്ചു
സംഘർഷങ്ങളോട് ഏകനായി പട വെട്ടി
ഏകനായിത്തന്നെ കടന്നു പോകുകയും ചെയ്തു

അതായിരുന്നു രാജൻ, എനിക്കറിയാവുന്ന രാജൻ