ഡോ. എൻ.പി.പി. നമ്പൂതിരിയെപ്പറ്റി ഒരു അനുസ്മരണം
[ഡൽഹിയിൽ നിന്നും ഗായത്രി പ്രസിദ്ധീകരിക്കുന്ന പ്രണവം ത്രൈമാസികത്തിൻറെ 2018 ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്]
നമ്മുടെ ജീവിതത്തിൽ, നമ്മളെ വിട്ടു പിരിഞ്ഞു പോകുമെന്ന്, അല്ലെങ്കിൽ നമ്മുടെ കൂടെ ഇല്ലാതാകുന്ന ഒരു കാലം വരുമെന്ന്, നമുക്കു ചിന്തിക്കാൻ പറ്റാത്ത ചിലരൊക്കെയുണ്ടാകും. അവർ നമ്മുടെ മാതാപിതാക്കളോ സഹോദരങ്ങളോ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ നമ്മെ സ്വാധീനിച്ച മറ്റു വല്ലവരോ, അങ്ങനെ ആരെങ്കിലും ആകാം. ഈ വർഷം ഫെബ്രുവരി ഏഴാം തീയതി അന്തരിച്ച ഡോ. എൻ. പി. പി. നമ്പൂതിരി എന്നെ സംബന്ധിച്ചിടത്തോളം അത്തരത്തിലുള്ള ഒരു വ്യക്തിയായിരുന്നു.
എന്നു മുതലാണ് പാച്ചുവേട്ടനെ (അടുപ്പമുള്ളവരെല്ലാം അദ്ദേഹത്തെ പാച്ചു എന്നാണു വിളിക്കാറ്) അറിഞ്ഞു തുടങ്ങിയതെന്ന് ഓർമ്മയില്ല. കൂത്താട്ടുകുളം ഹൈ സ്കൂളിൽ ഓപ്പോളും പാച്ചുവേട്ടനും ഒരുമിച്ചു പഠിച്ചിട്ടുണ്ടെന്നറിയാം. പക്ഷെ അന്നൊന്നും എനിക്ക് അദ്ദേഹവുമായി വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. അൽപം തിരിച്ചറിവായതിൽ പിന്നെ ആദ്യം അടുപ്പമുണ്ടായതും ഇട പഴകാൻ തുടങ്ങിയതും കുഞ്ഞൻ ചേട്ടനുമായിട്ടായിരുന്നു (അദ്ദേഹത്തിൻറെ മൂത്ത സഹോദരനും ഇപ്പോൾ ശ്രീധരീയത്തിൻറെ ചെയർമാനുമായ ശ്രീ എൻ.പി. നാരായണൻ നമ്പൂതിരി). അന്ന് അദ്ദേഹത്തിന് കൂത്താട്ടുകുളത്ത് പിറവം റോഡിൽ ഒരു വൈദ്യശാല ഉണ്ടായിരുന്നു - ശ്രീധരി വൈദ്യശാല. ആ വൈദ്യശാല തുടങ്ങിയത് പാച്ചുവേട്ടൻറെ അച്ഛൻറെ ജ്യേഷ്ഠസഹോദരൻ ത്രിവിക്രമൻ നമ്പൂതിരിയായിരുന്നു. അദ്ദേഹമായിരുന്നു അന്ന് നെല്ല്യക്കാട്ടെ പ്രധാന വൈദ്യൻ. അന്നതൊരു ആയുർവ്വേദ ചികിത്സാലയമായിരുന്നു. പിന്നീട്
വൈദ്യശാലയിലെ ചികിത്സ നിർത്തി. എൻറെ കുട്ടിക്കാലത്ത് അതു ചികിത്സ ഇല്ലാത്ത ഒരു മരുന്നു വിൽപന ശാല ആയിരുന്നു.
കൂത്താട്ടുകുളത്ത് എന്തെങ്കിലും ആവശ്യത്തിനു പോയാൽ ശ്രീധരിയിൽ കയറി കുഞ്ഞൻ ചേട്ടനെ കാണുക പതിവായിരുന്നു. ഒരു കാര്യവുമില്ലെങ്കിലും കുഞ്ഞൻ ചേട്ടനെ കണ്ട് വിശേഷങ്ങൾ അറിയുകയും പറയുകയും ചെയ്തില്ലെങ്കിൽ യാത്ര പൂർണ്ണമായില്ലെന്ന തോന്നലാണ്. ആരെങ്കിലുമൊക്കെ ചെല്ലുന്നതും സംസാരിക്കുന്നതും അദ്ദേഹത്തിനും വളരെ സന്തോഷമുള്ള കാര്യമായിരുന്നു. ഞങ്ങൾ കുട്ടികളാണെന്ന ഭാവം ഒരിക്കലും ഏട്ടൻ കാണിക്കാറില്ല.
പാച്ചുവേട്ടൻ വൈദ്യ പഠനം കഴിഞ്ഞു വന്നതിനു ശേഷം ശ്രീധരി വൈദ്യശാലയിൽ വീണ്ടും ചികിത്സ ആരംഭിച്ചു. അപ്പോൾ മുതലാണു അദ്ദേഹത്തെ ധാരാളമായി കാണാനും തമ്മിൽ ഇട പഴകാനും തുടങ്ങിയത്.
മുന്നൂറ്റി അമ്പതിലേറെ രോഗികളെ
കിടത്തി ചികിൽസിക്കാനുള്ള സൗകര്യത്തോടുകൂടിയ ശ്രീധരീയം ആയുർവേദ നേത്രാശുപത്രി സമുച്ചയവും
അതിനോടനുബന്ധിച്ചുള്ള എല്ലാ അത്യാധുനിക സൗകര്യങ്ങളും പടുത്തുയർത്തിയിട്ടും ആ വൈദ്യശാല അതേ മുറിയിൽ തന്നെ ഇപ്പോഴും പ്രവർത്തിക്കുന്നു എന്നുള്ള അറിവ് എന്നിൽ ആശ്ചര്യവും അതിലേറെ ആദരവും ഉളവാക്കുന്നു. നമ്മൾ എത്ര വളർന്നാലും മൂലം മറക്കരുത് എന്നതിൻറെ അത്യുത്തമമായ ദൃഷ്ടാന്തമാണ് ഇത്.
ഞാൻ നെല്ല്യക്കാട്ടു മനയ്ക്കൽ മൂന്നോ നാലോ തവണയേ പോയിട്ടുള്ളു. പോയിട്ടുള്ളപ്പോഴൊക്കെ കണ്ടിട്ടുള്ള, ഇപ്പോഴും ഓർമ്മ നിൽക്കുന്ന ഒരു കാര്യം - മുറ്റത്തു കൂട്ടിയ കൂറ്റൻ അടുപ്പുകളിൽ വച്ചിട്ടുള്ള ഭീമൻ വാർപ്പുകളിൽ തിളച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ കൂട്ടം. നെല്ല്യക്കാട്ടെ വൈദ്യശാല (ശ്രീധരി) യിലേക്ക് (ഇപ്പോൾ ശ്രീധരീയത്തിലേക്ക്) ചികിത്സക്ക് ആവശ്യമുള്ളത്ര മരുന്നുകൾ സ്വയം ഉത്പാദിപ്പിക്കുന്നത് അന്നും ഇന്നും അവരുടെ പ്രത്യേകതയാണ്. ഇന്ന് ആധുനിക ടെക്നിക്കുകൾ പ്രയോജനപ്പെടുത്തി വാണിജ്യാടിസ്ഥാനത്തിൽ അവ ഉൽപാദിപ്പിക്കുന്നു എന്ന വ്യത്യാസം മാത്രം.
വൈദ്യൻ ത്രിവിക്രമൻ നമ്പൂതിരിയുടെ മകളെ വേളി കഴിച്ചത് എൻറെ മുത്തഫൻ (മുത്തശ്ശൻറെ അനിയൻ) ആയിരുന്നു. വൈദ്യനും മുത്തഫനുമായി നല്ല അടുപ്പത്തിലായിരുന്നു. അദ്ദേഹത്തിൽ നിന്നു പഠിച്ചതാണോയെന്നറിയില്ല, മുത്തഫനും പച്ച മരുന്നുകളുടെ കാര്യത്തിൽ നല്ല ഗ്രാഹ്യമുണ്ടായിരുന്നു. ആ അടുപ്പം മരണത്തിലും അവർ തുടർന്നു. വൈദ്യൻറെ മരണാനന്തര കർമ്മങ്ങൾ (പിണ്ഡം അടിയന്തിരം) കഴിഞ്ഞു തിരിച്ചു പോരുന്ന വഴിക്ക് മുത്തഫന് പെട്ടെന്നു സുഖമില്ലാതാകുകയും ഇല്ലത്തെത്തിയ ഉടൻ മരിക്കുകയും ആണ് ഉണ്ടായത്.
1976-ലോ 1977 -ലോ ആണെന്നു തോന്നുന്നു പാച്ചുവേട്ടൻ ഡൽഹിയിൽ വരികയുണ്ടായി. വിദേശ മന്ത്രികാര്യാലയത്തിൽ ഒരു അഭിമുഖത്തിനു വന്നതായിരുന്നു. ശ്രീലങ്കയിൽ ആയുർവ്വേദ ഡോക്ടർമാരുടെ ഒഴിവുണ്ടെന്നും അവിടെ പോകാനുള്ള അഭിമുഖമാണെന്നും പറഞ്ഞതായാണോർമ്മ. രണ്ടു മൂന്നു ദിവസം ഏട്ടൻ എൻറെ കൂടെ താമസിച്ചു. മാളവ്യാനഗറിൽ രണ്ടു മുറികളിൽ ഞങ്ങൾ അഞ്ച് അവിവാഹിതരായ ചെറുപ്പക്കാരാണു താമസിച്ചിരുന്നത്. ആറാമനായി ഏട്ടനും കൂടി, ഞങ്ങളുടെ കൂടെ, ഞങ്ങളിൽ ഒരുവനായി.
ഗവൺമെൻറ് സർവ്വീസിൽ ഇരിക്കെയാണ് ആയുർവ്വേദ മരുന്നുകൾ നിർമ്മിക്കാനും പ്രചരിപ്പിക്കാനുമായി രൂപീകരിക്കപ്പെട്ട നാഗാർജ്ജുനയുടെ (നാഗാർജ്ജുന ഹെർബൽ കോൺസെൻട്രേറ്റ്സ്) പ്രവർത്തനങ്ങളിൽ പാച്ചുവേട്ടൻ സജീവമായി ഭാഗഭാക്കായത്. ഇതിനു വേണ്ടി അഞ്ചു വർഷം സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്തു. അദ്ദേഹം ആ സ്ഥാപനത്തിൻറെ ആദ്യകാല സെക്രട്ടറിയായും പ്രവർത്തിക്കുകയുണ്ടായി.
ആ കാലത്താണ് കലശലായ നടുവുവേദന കൊണ്ടു വലഞ്ഞിരുന്ന ജയശ്രി (എൻറെ സഹധർമ്മിണി ) പാച്ചുവേട്ടൻറെ ചികിത്സ തേടിയത്. തൊടുപുഴയിലെ ആശുപത്രിയിൽ പതിനഞ്ചു ദിവസം കിടത്തി ചികിത്സിച്ചു. നടുവുവേദന പൂർണ്ണമായും ഭേദമാവുകയും ചെയ്തു. അതിനടുത്ത വർഷവും പതിനഞ്ചു ദിവസത്തെ ഒരു കോഴ്സ് കൂടി വേണമെന്നും ചെല്ലണമെന്നും പറഞ്ഞിരുന്നു. പക്ഷെ പിന്നീട് പാച്ചുവേട്ടനെ കാണണ്ട ആവശ്യം വന്നില്ല. നടുവു വേദന പമ്പ കടന്നിരുന്നു! പിന്നീട് ഇതുവരെയും അക്കാര്യത്തിന് ഒരു ഡോക്ടറെ കാണേണ്ട ആവശ്യം വന്നിട്ടുമില്ല.
1980-ൽ സർക്കാർ ആശുപതിയിൽ നേത്രരോഗ വിഭാഗം തലവനായി പ്രവർത്തിക്കുമ്പോഴാണ് അന്നു വളരെ വിരളമായിരുന്ന ആയുർവ്വേദ നേത്ര ചികിത്സാ രംഗത്തുണ്ടായിരുന്ന കുറവുകളും ബുദ്ധിമുട്ടുകളും പാച്ചുവേട്ടൻ മനസ്സിലാക്കിയത്. അതോടൊപ്പം തന്നെ ഈ രംഗത്തെ വിപുലീകരിക്കാനുള്ള അനന്ത സാദ്ധ്യതകളും അദ്ദേഹം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവിൽ നിന്നാണ് നേത്ര ചികിത്സക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ആയുർവ്വേദ ആശുപത്രി എന്ന ആശയം അദ്ദേഹത്തിൻറെ മനസ്സിൽ കടന്നു കൂടിയത്.
എന്നാൽ അതിനും എത്രയോ മുമ്പു തന്നെ കിടത്തി ചികിത്സ ആവശ്യമായ ബന്ധുക്കളേയും അടുപ്പമുള്ള മറ്റുള്ളവരേയും സ്വന്തം ഇല്ലത്ത് താമസിപ്പിച്ചു ചികിൽസിക്കാറുണ്ടായിരുന്നു. വാടക ഇനത്തിലോ സേവന ഇനത്തിലോ ഒരു പ്രതിഫലവും അദ്ദേഹം വാങ്ങിയിരുന്നുമില്ല. മാത്രമല്ല, പലപ്പോഴും മരുന്നുകൾ പോലും സൗജന്യമായി നൽകുക പതിവായിരുന്നു.
"വിളിച്ചാൽ വിളിപ്പുറത്തു വരുന്ന" ദേവിയാണു നെല്ല്യക്കാട്ടെ ഭഗവതി എന്ന കാര്യത്തിൽ ആർക്കും സംശയത്തിന് അവകാശമില്ല. അതുപോലെ പാച്ചുവേട്ടൻ "വിളിച്ചാൽ വിളിപ്പുറത്തു വരുന്ന ഡോക്ടർ" ആയിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം. സാധാരണ രീതിയിൽ എന്തെങ്കിലും പെട്ടെന്നുള്ള വിഷമം വന്നാൽ നമ്മളൊക്കെ അലോപ്പതി ഡോക്ടറെയാണ് കാണുക, അല്ലെങ്കിൽ വീട്ടിലേക്കു വിളിക്കുക. എന്നാൽ ഇല്ലത്ത് ആദ്യം തന്നെ പാച്ചുവേട്ടനെയാണു വിളിക്കുക. പാച്ചുവേട്ടനെ വിളിച്ചാൽ ഉടൻ വരുമെന്ന ഉത്തമ ബോദ്ധ്യമുള്ളതുകൊണ്ടും ഏട്ടൻറെ
ചികിത്സ വളരെ ഫലം ചെയ്യുമെന്നുള്ള വിശ്വാസം കൊണ്ടുമായിരുന്നു അത്.
ശ്രീധരീയം വളർന്നു വലുതായി ലോക പ്രശസ്തി ആർജ്ജിച്ചിട്ടും അദ്ദേഹം എല്ലാവർക്കും "നെല്ല്യക്കാട്ടെ പാച്ചു" തന്നെ. എത്രയോ തവണ ഇതുപോലെ ഓരോ കാര്യത്തിനായി അദ്ദേഹം ഇല്ലത്തു വന്നിരിക്കുന്നു! വിക്രമൻ അഫന് (മുത്തഫൻറെ മകൻ) പ്രമേഹം മൂർഛിച്ചപ്പോൾ ശ്രീധരീയത്തിൽ നിന്ന് ഒരു നഴ്സിനെ മുഴുവൻ സമയവും അഫൻറെ ശുശ്രൂഷക്കായി നിയമിക്കുകയുണ്ടായി. നഴ്സിൻറെ ശമ്പളമോ മരുന്നിൻറെ വിലയോ ഒന്നും വാങ്ങിച്ചുമില്ല. ഇതുപോലെയുള്ള എത്രയോ സംഭവങ്ങൾ എത്രയോ അനുഭവസ്ഥർക്കു പറയാനുണ്ടായിരിക്കും!
ശ്രീധരീയം എന്ന ആശയം ഉടലെടുത്തപ്പോൾ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തോ വ്യാവസായിക തലസ്ഥാനമായ എറണാകുളത്തോ 'കണ്ണായ' സ്ഥലം അന്വേഷിച്ച് പാച്ചുവേട്ടൻ പോയില്ല. സ്വന്തം സ്ഥലത്ത്, കൂത്താട്ടുകുളത്തിനു സമീപമുള്ള കിഴകൊമ്പ് എന്ന കൊച്ചു ഗ്രാമത്തിൽ സ്വന്തം ഇല്ലത്തു തന്നെയാണദ്ദേഹം ആശുപത്രി ആരംഭിക്കാൻ തീരുമാനിച്ചത്. സർവ്വ മംഗളങ്ങളും വരുത്താനും അനുഗ്രഹം ചൊരിയാനും നെല്ല്യക്കാട്ടു ഭഗവതിയുള്ളപ്പോൾ മറ്റെവിടെയെങ്കിലും എന്തിനു പോകണം?
ശ്രീധരീയത്തിൻറെ വളർച്ചയുടെ ചരിത്രം നോക്കിയാൽ ഭഗവതിയുടെ അനുഗ്രഹത്തിൻറെ ശക്തി ആർക്കും മനസ്സിലാക്കാം. ഭഗവതിയെ മറന്നിട്ട് ഒരു കാര്യത്തിനും ഇല്ലത്തുള്ളവർ ആരും തയ്യാറായിരുന്നില്ല. ആശുപത്രിയുടെ പ്രശസ്തി ഏഴു കടലും കടന്നു വ്യാപിച്ചെങ്കിലും ഭഗവതിയുടെയും അമ്പലത്തിൻറെയും കാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ് ഇല്ലത്തുള്ളവർ ഇപ്പോഴും.
ഇന്ത്യയിൽ നിന്നു മാത്രമല്ല ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും രോഗികൾ പാച്ചുവേട്ടൻറെ ചികിത്സ സ്വീകരിക്കുന്നുണ്ടായിരുന്നു. അവരുടെ സൗകര്യാർദ്ധം അദ്ദേഹം കൂടുതൽ രോഗികൾക്കുള്ള പ്രദേശങ്ങൾ ഇടക്കിടക്കു സന്ദർശിക്കാനും അവിടെ വച്ചുതന്നെ അവരെ ചികിൽസിക്കാനും ആരംഭിച്ചു. ഇക്കൂട്ടത്തിൽ ഡൽഹിയും ഉണ്ടായിരുന്നു. ഡൽഹിയിൽ വരുമ്പോൾ വിളിച്ചറിയിക്കാൻ അദ്ദേഹം മറക്കാറില്ല. പലപ്പോഴും ചെന്നു കാണുകയും സംസാരിക്കുകയും ചെയ്യാറുമുണ്ട്. അമ്പതു വർഷങ്ങൾക്കു മുമ്പ് അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്യുമ്പോൾ ഉണ്ടായിരുന്ന അതേ സ്നേഹവും വാത്സല്യവും ആത്മാർത്ഥതയും അദ്ദേഹം ഒരിക്കലും കൈ വിട്ടില്ല..
ഭാരിച്ച ജോലിത്തിരക്കിനിടയിലും ഡൽഹിയിലുള്ള എൻറെ താമസ സ്ഥലത്തു വരാൻ ഒന്നു രണ്ടു തവണ അദ്ദേഹം സമയം കണ്ടെത്തുകയുണ്ടായി.
വൈദ്യനും അനുജനും അവരുടെ എല്ലാ കുടുംബാംഗങ്ങളും ഒരുമിച്ചാണ് തറവാട്ടിൽ മുമ്പു താമസിച്ചിരുന്നത്. അവർ കാണിച്ചുകൊടുത്ത അതേ വഴിയാണു
കുഞ്ഞൻ ചേട്ടനും പാച്ചുവേട്ടനും പിന്തുടർന്നത് - എല്ലാവരും ഒരുമിച്ച് ഒരു മേൽക്കൂരയുടെ കീഴിൽ. സ്വന്തം കാലിൽ നിൽക്കാറായെന്നു തോന്നിയാൽ ഉടൻ തന്നെ വേറെ വീടു വച്ചു മാതാപിതാക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും അകന്നു കഴിയാൻ നാമെല്ലാം തത്രപ്പെടുന്ന ഇക്കാലത്ത് എല്ലാവരും ഒരുമിച്ച് ഒരടുക്കളയിൽ പാകം ചെയ്തു ഭക്ഷിച്ച് ഒരു മേൽക്കൂരക്കു കീഴിൽ അന്തിയുറങ്ങുന്ന കൂട്ടുകുടുംബത്തിൻറെ അത്യപൂർവ്വമായ കാഴ്ച്ച നമുക്ക് നെല്യക്കാട്ടു മനക്കൽ കാണാൻ കഴിയും.
ഏറ്റവും ഒടുവിൽ ഞാൻ പാച്ചുവേട്ടനെ കണ്ടത് കഴിഞ്ഞ ആഗസ്റ്റിലാണ്. വിക്രമൻ അഫൻറെ പിണ്ഡം അടിയന്തിരത്തിൽ പങ്കെടുക്കാൻ പാച്ചുവേട്ടനും ഏടത്തിയും കുഞ്ഞൻ ചേട്ടനും വന്നിരുന്നു. ഒരു ശസ്ത്രക്രിയ കഴിഞ്ഞിരുന്നതുകൊണ്ട് സംസാരിക്കാൻ സാധിക്കുമായിരുന്നില്ല. ആഹാരം കഴിക്കാനും ബുദ്ധിമുട്ടായിരുന്നു. എങ്കിലും വന്നു, എല്ലാക്കാര്യത്തിലും പങ്കെടുത്തു. അന്നറിഞ്ഞിരുന്നില്ല ഇനി ഒരിക്കലും ഏട്ടനെ കാണാൻ കഴിയില്ലെന്ന്.
ഇക്കഴിഞ്ഞ ജനുവരിയിൽ പോലും ഞാൻ ശ്രീധരീയത്തിൽ പോയിരുന്നു. അവിടത്തെ ആഡിറ്റോറിയത്തിൽ വച്ചായിരുന്നു
മകൻറെ വേളി. പക്ഷെ ഏട്ടനെ കാണാൻ തരപ്പെട്ടില്ല. ഏട്ടൻറെ ആരോഗ്യ സ്ഥിതി ഇത്ര മോശമാണെന്ന് അറിഞ്ഞിരുന്നില്ല.
ഒന്നു പോയി കാണാമായിരുന്നില്ലേ എന്നു സ്വയം ചോദിച്ചു പോകുന്നു. സ്വയം കുറ്റപ്പെടുത്തുന്നു.
സാമ്പത്തികമായും സാമൂഹ്യമായും
എത്ര വളർന്നാലും കറ കളഞ്ഞ സ്നേഹവും വാത്സല്യവും ആത്മാർത്ഥതയും അഹന്ത തൊട്ടു തീണ്ടിയില്ലാത്ത പെരുമാറ്റവും - അതായിരുന്നു പാച്ചുവേട്ടൻറെ (പാച്ചുവേട്ടൻറെ മാത്രമല്ല, ആ കുടുംബത്തിൽ എനിക്കറിയാവുന്ന എല്ലാവരുടേയും) മുഖമുദ്ര.
ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ആയുർവ്വേദ നേത്ര ചികിത്സാരംഗത്തിന് ഒരു തീരാനഷ്ടമാണ് ഡോ. എൻ.പി.പി നമ്പൂതിരിയുടെ ദേഹവിയോഗം. അദ്ദേഹം തൻറെ പിൻതലമുറക്കാർക്കു കൈമാറിക്കൊടുത്ത ആദർശങ്ങളും തത്വങ്ങളും മൂല്യങ്ങളും അണയാതെ സൂക്ഷിക്കാനും അവയെ കൂടുതൽ പ്രജ്ജ്വലിപ്പിക്കാനും അവർക്കു നെല്ല്യക്കാട്ടു ഭഗവതി തുണയാകട്ടെ!