[എന്‍റെ അറുപതാം പിറന്നാളിന് (2014 ജൂലൈ)ഏട്ടന്‍
പി.കെ. ശ്രീധരന്‍ നമ്പൂതിരി
സമര്‍പ്പിച്ച മംഗളാശംസകള്‍]
മംഗളം നേരുന്നു ഞാന്‍ സോദരാ നിനക്കായി
ഷഷ്ട്യബ്ദം പൂര്‍ത്തിയാക്കുന്നീ ശുഭദിനത്തിങ്കല്‍
അറിഞ്ഞില്ലാണ്ടോരോന്നും പിന്‍തള്ളി കുതിച്ചതും
ഓര്‍ക്കുവാന്‍ സൗഭാഗ്യങ്ങള്‍ ധാരാളമുണ്ടാകട്ടെ
ഏട്ടന്റേമൊപ്പോളുടേം ആശീര്‍വാദവും പിന്നെ
പെങ്ങള്‍ തന്നാശംസയും ചൊരിയുന്നീ വേളയില്‍
അച്ഛനുമമ്മേം പോയി സ്വര്‍ഗ്ഗത്തിലിരിക്കുമ്പോള്‍
കാത്തു രക്ഷിക്കും തീര്‍ച്ച നമ്മുടെ കുഞ്ഞുങ്ങളെ
അച്ഛന്‍റെ വഴി വിട്ടു പോകാതെ നോക്കുന്നുണ്ട്
ഞങ്ങളെ അനുഗ്രഹിക്കില്ലയോ അമ്മേം കൂട്ടി?
എളിയ തുടക്കവും വലിയ പ്രയത്നവും
അമൂല്യ പങ്കാളിയും നിന്‍റെ ജീവിതം കാത്തു.
ചെയ്തിട്ടു മതി വന്ന ജോലിയും മതിയാക്കി
ജന്മവാസനയൊന്നു പുനരുദ്ധരിക്കുവാന്‍
കൂടുതല്‍ പഠിച്ചിട്ടും കൂടുതല്‍ പ്രയത്നിച്ചും
ചിന്തിച്ചു നിരീക്ഷിച്ചും മുന്നോട്ടു തന്നെ പോക്ക്
എഴുതിത്തെളിയൂ നീ ഉയരങ്ങളിലെത്തൂ
കുടുംബത്തിനും പിന്നെ നാടിനും വിളക്കാകൂ!