Visit my English blog at http://jayanthanpk.blogspot.in

2015, മാർച്ച് 24, ചൊവ്വാഴ്ച

എന്‍റെ തോഴി



ഇല്ലെനിക്കാവില്ലെന്‍ തോഴിയെ കൊല്ലുവാന്‍
വേര്‍പിരിയാനുമസാദ്ധ്യമത്രേ

എന്‍ സഖി ജന്മമെടുത്തതെന്നോടൊപ്പം

തന്‍റെ മരണവുമേന്നോടൊപ്പം
ഞാന്‍ ജനിച്ചപ്പോള്‍ കരഞ്ഞതു ഞാനല്ല
എന്‍ ശബ്ദം എന്‍ തോഴി തന്‍റെ ശബ്ദം
ഞാന്‍ അന്ധനാനെണിക്കീ ലോകകാഴ്ച്ചകള്‍
കാട്ടിത്തരുന്നതുമെന്‍റെ ദേവി
എന്‍ കാഴ്ച്ച, കേള്‍വി, എന്‍ ബോധവുമെന്നല്ല
എന്‍ മനസ്സ്, ആത്മാവുമായവള്‍ താന്‍

കുഞ്ഞായിരുന്നപ്പോള്‍ സുന്ദരിക്കുട്ടിയെ-

ന്നുച്ചൈസ്തരം വിളിച്ചോതി നിങ്ങള്‍
ഇപ്പോളവളെ വിരൂപയെന്നോതുവാ-
നെന്താണു കാരണമെന്നു ചൊല്‍ക
എന്തെല്ലാം ക്രൂരത കാണിച്ചു നിങ്ങളീ
പാവത്തിനെ എന്നില്‍ നിന്നകറ്റാന്‍
എന്‍ കൈ പിടിച്ചു നടക്കാന്‍ പഠിപ്പിച്ച
കൈകളെ തല്ലിയൊടിച്ചു നിങ്ങള്‍
എന്‍ പിഞ്ചു കണ്ണില്‍ പ്രകാശം ചൊരിഞ്ഞൊരാ
കണ്‍കളെ കൊത്തിപ്പറിച്ചു നിങ്ങള്‍
കേള്‍ക്കുവാനെന്നെ പഠിപ്പിച്ച ദേവി തന്‍
കാതില്‍ ഉരുക്കിയൊഴിച്ചതീയം
അമ്മയെന്നോതുവാനെന്നെ പഠിപ്പിച്ച
നാവിനെ നിങ്ങളറുത്തു നീക്കി

എന്നെ പിരിയുവാനാവില്ലവള്‍ക്കൊട്ടു-

മില്ലൊരു ജീവിതം പിന്നെനിക്കും
ഞങ്ങളെ ആഴക്കടടിലെറിഞ്ഞോളൂ
അഗ്നികുണ്ഡത്തില്‍ ദഹിപ്പിച്ചോളൂ
സമ്മതം സമ്മതം ആയിരം സമ്മതം
വേര്‍പിരിച്ചീടുവാന്‍ നോക്കിടെണ്ട

ഇല്ലെനിക്കാവില്ലെന്‍ തോഴിയെ കൊല്ലുവാന്‍

വേര്‍പിരിയാനുമസാദ്ധ്യമത്രേ

2015, മാർച്ച് 23, തിങ്കളാഴ്‌ച

എന്‍റെ മോഹം



ആരോരുമറിയാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ
ഒരു കൊച്ചുതുള്ളിയായി ജീവിച്ച്
ശാന്തമായി ഒഴുക്കിനൊപ്പം ഒഴുകി
ആരുമല്ലാതെ, ഒന്നുമാകാതെ
കടലില്‍ ലയിച്ചു ചേരാനാണ് എനിക്കിഷ്ടം

അവിടെ ഞാനില്ല, എന്‍റെ വ്യക്തിത്വമില്ല
മിത്രങ്ങളോ ശത്രുക്കളോ ഇല്ല
മനുഷ്യനെന്നോ മൃഗമെന്നോ വ്യത്യാസമില്ല

അവിടെ ദുഖമില്ല, സുഖമില്ല
അസൂയയോ വിദ്വേഷമോ ഇല്ല
അവിടെ ജനനമില്ല, മരണമില്ല
മരണാനന്തര ജീവിതവുമില്ല

ആ ദിനത്തിനായി ഞാന്‍ കൊതിക്കുന്നു
എന്നെയോര്‍ത്ത് ആരും വിലപിക്കല്ലേ
ഒരു തുള്ളി കണ്ണീര്‍ പോലും
എന്നെയോര്‍ത്ത് ആരും പൊഴിക്കരുതേ