Visit my English blog at http://jayanthanpk.blogspot.in

2014, നവംബർ 28, വെള്ളിയാഴ്‌ച

നിവേദ്യം

കത്തിയമരാമായിരുന്നു,
ഒരു കര്‍പ്പൂരമായിരുന്നെങ്കില്‍!

എരിഞ്ഞടങ്ങാമായിരുന്നു,
ഒരു ചന്ദനത്തിരിയായിരുന്നെങ്കില്‍!

ഇഴുകിച്ചേരാമായിരുന്നു,
ഒരു പൂജാപുഷ്പമായിരുന്നെങ്കില്‍!

ഞാനിതൊന്നുമല്ലല്ലോ

ആകപ്പാടെയുണ്ടായിരുന്ന മനസ്സ്
എവിടെയോ നഷ്ടപ്പെട്ടുപോയി

ഇനി, സ്വാമി സവിധം സമര്‍പ്പിക്കാന്‍
പ്രാര്‍ഥനകള്‍ മാത്രം

സ്വാമി ശരണം!

2014, മേയ് 6, ചൊവ്വാഴ്ച

ചെരുപ്പ്

(ഡെല്‍ഹിയില്‍ നിന്ന് ഗായത്രി പ്രസിദ്ധീകരിക്കുന്ന പ്രണവം ത്രൈമാസികത്തിന്റെ  2014 ഏപ്രില്‍ ലക്കത്തില്‍ [വിഷു വിശേഷാല്‍ പ്രതിയില്‍] പ്രസിദ്ധീകരിച്ചത്)

വൈകീട്ടു നാലു മണിക്ക് കുട്ടമ്പേരൂരെത്തി. ജയശ്രീ(ഭാര്യ)യുടെ മഠത്തില്‍. ഇനി രണ്ടു മൂന്നു ദിവസം ഇവിടെയാണു താമസം. ജയശ്രീയുടെ അമ്മാവനും കുടുംബവും താമസിക്കുന്നത് പ്രധാന കെട്ടിടത്തില്‍. അതിന്റെ കളപ്പുരയിലാണ്‌ (ഇംഗ്ളീഷില്‍ ഇതിന്‌ ഔട്‌ഹൗസ് എന്നു പറയും) ജയശ്രീയുടെ കുടുംബം താമസിച്ചിരുന്നത്. വാങ്ങിയതിനു ശേഷം മുറികളും വരാന്തയും മറ്റും കൂട്ടിയെടുത്ത് ആ കളപ്പുര ഒരു കൊച്ചു വീടാക്കിയെടുത്തിരുന്നു അമ്മാവന്‍ (അങ്ങനെയാണു ഞാന്‍ ജയശ്രീയുടെ അച്ഛനെ വിളിച്ചിരുന്നത്).  അമ്മാവനും അമ്മായിയും ഇന്നില്ല. അനാഥമായി കിടക്കുന്ന ആ കൊച്ചു വീട്ടില്‍ വളരെയേറെ ഓര്‍മ്മകള്‍ തളം കെട്ടി നില്‍പ്പുണ്ടായിരുന്നു. അവക്ക് പോകാനൊരിടമില്ല. വല്ലപ്പോഴും ഞങ്ങളാരെങ്കിലും ചെല്ലുമ്പോളാണ്‌ അവക്ക് അല്പമൊരാശ്വാസം ലഭിക്കുക.

മഴ, തുടര്‍ച്ചയായ മഴ, അതായിരുന്നു ഈ വര്‍ഷത്തെ ഓണത്തിന്റെ പ്രത്യേകത. നനഞ്ഞു കുതിര്‍ന്ന, മഴയില്‍ ഒലിച്ചു പോയ ഓണം. തിരുവോണ ദിവസമാണ് കുട്ടമ്പേരൂരെത്തിയത്. കുറെ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ചിലരെയൊക്കെ കാണണം.

പിറ്റേന്നു രാവിലെ എഴുനേറ്റപ്പോഴും മഴ. ചെങ്ങന്നൂര്‍ക്കു പോകണം. അമ്മാവന്‍ ജോലി ചെയ്തിരുന്ന വിദ്യാലയത്തിലെ ചില അദ്ധ്യാപകരെ കാണണം. എങ്ങനെ പോകും മഴയത്ത്? മഴയാണെങ്കില്‍ തോരുന്ന ലക്ഷണവുമില്ല. രഞ്ജിനി ഒരു കുട ഒപ്പിച്ചു തന്നു. ഒരു കറുത്ത, പുതിയ കുട. നന്നായി. മനസ്സില്‍ കുറിച്ചിട്ടു, 'ഇനി പോകുന്നതു വരെ ഈ കുട എന്റെ കയ്യില്‍ തന്നെ ഇരിക്കട്ടെ.' രഞ്ജിനിയോടു മനസ്സില്‍ നന്ദി പറഞ്ഞു. ഒന്നു വെളുക്കെ ചിരിക്കയും ചെയ്തു. ജയശ്രീയുടെ അമ്മാവന്റെ മകളാണു രഞ്ജിനി. ഭര്‍ത്താവിനോടും മകളോടുമൊപ്പം ഓണമാഘോഷിക്കാന്‍ വന്നതാണ്‌.

പിന്നേയുമുണ്ട് മറ്റൊരു പ്രശ്നം. കഴിഞ്ഞ നാല്പതു വര്‍ഷമായി ചെരുപ്പില്ലാതെ വീട്ടിനു വെളിയില്‍ ഇറങ്ങിയിട്ടില്ല. മണ്ണെന്ത്, കല്ലെന്ത്, ചതുപ്പു നിലങ്ങളും പുല്‍മേടുകളും എന്ത് എന്നെല്ലാം പാദങ്ങള്‍ മറന്നു പോയിരിക്കുന്നു. കൊണ്ടു വന്നിരുക്കുന്നത് തുകല്‍ ചെരുപ്പാണു താനും. ഇടക്കിടക്കു മഴ പെയ്യാറുണ്ടെങ്കിലും മഴക്കാലമില്ലാത്ത ഡല്‍ഹിയില്‍ ഇത്തരം ചെരുപ്പുകള്‍ സര്‍‌വസാധാരണമാണ്‌. തുകല്‍ ചെരുപ്പാകട്ടെ, വെള്ളത്തിന്റേയും മഴയുടേയും ശത്രുവുമാണ്‌. രണ്ടു പേരും തമ്മില്‍ ഒരിക്കലും ചേരില്ല.

ഉള്ളത് രണ്ടു വികല്പങ്ങള്‍. ഒന്നുകില്‍ തുകല്‍ ചെരുപ്പു ധരിച്ച് മഴയേയും വെള്ളത്തേയും വെല്ലു വിളിച്ചുകൊണ്ടു ധീരധീരം മുന്നേറുക. ഒന്നര കിലോമീറ്ററോളം നടക്കണം ബസ് സ്റ്റോപ്പിലേക്ക്. അവിടെയെത്തുന്നതിനു മുമ്പു തന്നെ അവയുടെ കൈകാലുകളും നടുവും ഒടിഞ്ഞ് ഒരു പാകമാകുമെന്നു തീര്‍ച്ച. പിന്നെ ഞാന്‍ അവരെ ചുമക്കണം. ഒരു പക്ഷെ ചുമന്നു തന്നെ ഡല്‍ഹിക്കു കൊണ്ടു പോകേണ്ടിയും വരും. വിശ്വസ്ത സുഹൃത്തുക്കളായതുമൂലം, കളയാന്‍ മനസ്സു വരുന്നില്ല. മഴക്കാലമായതു കൊണ്ട് പെട്ടെന്നൊന്നും രോഗം മാറാനും വഴിയില്ല. അപ്പോള്‍ മറ്റൊരു ജോഡി ചെരുപ്പു കാലിലും ഇവരെ കൈയ്യിലുമാക്കി പോകേണ്ടി വരും കാണേണ്ടവരെ കാണാന്‍ . അതത്ര രസമുള്ള കാര്യമല്ല താനും.

അല്ലെങ്കില്‍ ചെരുപ്പിടാതെ പോയിട്ട് ആദ്യം കാണുന്ന കടയില്‍ നിന്ന് ഒരു ജോഡി പ്ലാസ്റ്റിക് ചെരുപ്പു വങ്ങിക്കുക. ഒന്നര കിലോമീറ്ററോളം നടക്കണം. അത്രയല്ലേയുള്ളു? സാരമില്ല. പത്തൊന്‍പതു വയസ്സാകുന്നതുവരെ ഇതേ മണ്ണില്‍, കല്ലിന്മേല്‍, ചരലില്‍, ഒക്കെ ചെരുപ്പില്ലാതെ നടന്നതല്ലേ? ആ പഴയ കാലത്തേക്ക് ഒന്നു തിരിച്ചു പോകുകയുമാകാം.

ഇടതു കയ്യിലൊരു സഞ്ചിയില്‍ കുറെ കത്തുകളും മറ്റു രേഖകളും, ചര്‍ച്ചകളില്‍ ഉപകരിക്കുന്നവ. വലതു കയ്യില്‍ കുട. മടക്കിക്കുത്തിയ മുണ്ട്. ചെരുപ്പിടാത്ത പാദങ്ങള്‍. അങ്ങനെയാണു ഞാന്‍ പുറത്തേക്കിറങ്ങിയത്.

ഇറങ്ങിയപ്പോഴേ പാദങ്ങള്‍ വിളിച്ചുകൂവി, 'ഞങ്ങളെ എന്തിനിങ്ങനെ ശിക്ഷിക്കുന്നു? പണ്ടൊക്കെ ഞങ്ങള്‍ താങ്കളെ ചുമന്നിട്ടുണ്ടെന്നതു ശരിതന്നെ. എന്നാല്‍ കഴിഞ്ഞ എത്രയോ ദശാബ്ദങ്ങളായി ഞങ്ങളെ മടിയന്‍‌മാരാക്കിക്കൊണ്ടിരിക്കുന്നു താങ്കള്‍? എത്രയോ വര്‍ഷങ്ങളായി കല്ല്, മണ്ണ്, തുടങ്ങിയവയുടെ സ്പര്‍ശനസുഖം ഞങ്ങള്‍ അനുഭവിച്ചിട്ട്! എന്നിട്ടിപ്പോള്‍ എന്തിനേ ഇങ്ങനെയൊരു ശിക്ഷ?'

പതുക്കെ നടന്നു നീങ്ങി. ധൈര്യം സംഭരിക്കാന്‍ ശ്രമിച്ചു. മഴ പെയ്തു ചിലയിടങ്ങളിലൊക്കെ ചെളിക്കുണ്ടുകളുണ്ടായിരുന്നു. അവയുടെ മുകളിലൂടെ നടക്കാന്‍ വേണ്ടി ചെറിയ കല്ലുകളും ഓടുകളും പൊട്ടിച്ചിട്ടിരുന്നു. അവയുടെ മുകളില്‍ ആദ്യ കാല്‍വയ്പില്‍ത്തന്നെ അയ്യോ എന്നു പറഞ്ഞുപോയി. ഇംഗ്ലീഷില്‍ ഇതിനു ഔച്ച് എന്നാണു പറയുന്നത്.  അയ്യോയെന്നു പറയരുതെന്നാണു കൊച്ചുന്നാളില്‍ അമ്മ പറഞ്ഞു തന്നിട്ടുള്ളത്. അത് ജ്യേഷ്ഠാ ഭഗവതിയുടെ പേരാണത്രെ. എല്ലാ നാശനഷ്ടങ്ങളുടേയും ദൗര്‍‌ഭാഗ്യങ്ങളുടേയും ദു:ഖങ്ങളുടേയും ഉടയവളാണു ജ്യേഷ്ഠാ ഭഗവതി.

ഒന്നര കിലോമീറ്റര്‍ നടക്കണമല്ലോയെന്നോര്‍ത്തപ്പോള്‍ അല്പം ഭയം തോന്നാതിരുന്നില്ല. എങ്കിലും അതു പുറത്തു കാണിച്ചില്ല. ആരെങ്കിലും കണ്ടാല്‍ നാണക്കേടല്ലേ! കുട്ടിക്കാലത്ത് ചെരുപ്പില്ലാതെ നടന്നതോര്‍മ്മിച്ച് ധൈര്യം സംഭരിക്കാന്‍ ശ്രമിച്ചു.

തോളിലൊരു കൈക്കോട്ടും ഒരു കൈയ്യില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു ബീഡിയും തലയിലൊരു കെട്ടുമായി ഒരാള്‍ നടന്നു വരുന്നു. അറിയാതെ തന്നെ അയാളുടെ പാദത്തില്‍ നോക്കിപ്പോയി. അയാളുടെ പാദങ്ങളില്‍ തേഞ്ഞതെങ്കിലും ചെരുപ്പുണ്ടായിരുന്നു.  പിന്നീട് വരുന്നവരുടേയും പോകുന്നവരുടേയും എല്ലാം പാദങ്ങള്‍ ശ്രദ്ധിച്ചു. ചെരുപ്പിടാത്ത ഒരാളെ പോലും കാണാന്‍ കഴിഞ്ഞില്ല. അങ്ങനെയുള്ള ഒരാളെയെങ്കിലും കാണണേയെന്ന് അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചു പ്രാര്‍ത്ഥിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. പ്ലാസ്റ്റിക്കിന്റേയും റബ്ബറിന്റേയും ചെരുപ്പുകള്‍ ധാരാളം കണ്ടു. തുകല്‍‌ച്ചെരിപ്പൊന്നും കണ്ടില്ല. ഒരു പക്ഷേ കടകളില്‍ത്തന്നെ വില്‍ക്കാന്‍ വച്ചിട്ടുണ്ടാവില്ല.

ബസ് സ്റ്റോപ്പ് ഒരു ചെറിയ 'മുക്കി'ലാണ്‌. അതിന് കടമുക്ക് അല്ലെങ്കില്‍ സ്റ്റോര്‍ മുക്ക് എന്നൊക്കെയാണ്‌ ആദ്യകാലത്തൊക്കെ പറഞ്ഞിരുന്നത്. ആ വാക്കിനു ആഢ്യത്തം പോരാഞ്ഞിട്ടായിരിക്കാം ഇപ്പോള്‍ അതിന്റെ പേര്‍ സ്റ്റോര്‍ ജങ്ക്ഷന്‍ എന്നാണ്‌. പലരും അങ്ങനെ പറയുന്നതു കേട്ടു. കടകളുടേയും ബസ്സുകളുടേയും ബോര്‍ഡിലും അങ്ങനെയാണെഴുതുന്നത്. മലയാളത്തില്‍ ജം. എന്നും ഇംഗ്ലീഷില്‍ ജെഎന്‍ എന്നും എഴുതുന്നു.

അതെന്തുമാകട്ടെ. നമുക്കാ പഴയ പേരു മതി.

കടമുക്കിലെത്തിയപ്പോള്‍ ഒമ്പതര മണി കഴിഞ്ഞു. കടകളൊന്നും തന്നെ തുറന്നിട്ടില്ല. ഞാനോര്‍ത്തു. ങ്ഹാ, ഓണത്തിന്റെ പിറ്റേന്നല്ലേ, താമസിച്ചാവും തുറക്കുക. ഓണത്തിനു കുടിച്ചു വറ്റിച്ച കുപ്പികളുടെ 'ഹാങ്ങോവര്‍' മാറണമല്ലോ. കുറച്ചു നേരം റോഡില്‍ക്കൂടി തേരാ പാരാ നടന്നു. ചെരുപ്പു വില്‍ക്കുന്ന ഒരു കട കണ്ടു. പക്ഷേ അതും തുറന്നിട്ടില്ല. തൊട്ടടുത്ത് ഒരു മുറുക്കാന്‍ കട തുറന്നിട്ടുണ്ട്.

'ഇയ്യാള്‍ക്ക് ഓണമൊന്നുമില്ലേ'യെന്നു ചിന്തിച്ചുകൊണ്ട് അയാളോടു ചോദിച്ചു, 'ഈ ചെരുപ്പുകട എപ്പോളാണു തുറക്കുന്നത്?'

'ഓ, അതെന്നും ഒമ്പതുമണിക്കു തുറക്കുന്നതാണല്ലോ. ഇന്നിനി തുറക്കുമെന്നു തോന്നുന്നില്ല.'

ആവു, അപ്പോള്‍ അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്. ഇനിയിപ്പോള്‍ ചെങ്ങന്നൂരെത്തുമ്പോള്‍ അവിടെ കടകള്‍ തുറന്നിട്ടുണ്ടാവുമോ ആവോ! ഇന്നു വേണ്ട, നാളെപ്പോകാം എന്നു വയ്ക്കാനും പറ്റില്ല. ആകെപ്പാടെ കാച്ചിക്കുറുക്കിക്കിട്ടിയതു മൂന്നു ദിവസമാണ്‌. അതില്‍ നിന്നു ഒരു ദിവസം പോയാല്‍ അതൊരു വലിയ നഷ്ടം തന്നെയാണ്‌. ഏതായാലും ബസ് സ്റ്റാന്‍ഡിലേക്കു നടന്നു.

വീട്ടില്‍ നിന്നിറങ്ങിയതിനു ശേഷം ഇതുവരെ എത്രയോ പാദങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു! വയസ്സന്‍‌മാരുടെ, ചെറുപ്പക്കാരുടെ, കുട്ടികളുടെ, സ്ത്രീകളുടെ, അങ്ങനെ എത്ര എത്ര പേരുടെ പാദങ്ങള്‍! ചെരുപ്പിടാത്ത ഒരെണ്ണം പോലും കാണാന്‍ കഴിഞ്ഞില്ല. എനിക്കു മാത്രം ചെരുപ്പില്ല. എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി. ആദ്യം മനസ്സില്‍ തോന്നിയ ധൈര്യം ഉരുകി ഒലിച്ചു പോകുന്നതുപോലെ. ഉള്ളില്‍ തോന്നിയ നാണക്കേട് പുറത്തു കാണിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് സ്റ്റാന്‍ഡില്‍ കയറി നിന്നു. മഴ തുടര്‍ന്നുകൊണ്ടേയിരുന്നു. കരയുന്ന പാദങ്ങള്‍ക്ക് വെള്ളം അല്പം ആശ്വാസം പകരുന്നതുപോലെ തോന്നി. ഇനി ചെങ്ങന്നൂര്‍ക്കു പോകുന്ന ബസ്സിനുള്ള കാത്തിരിപ്പ്.

സാധാരണ പോലെ ഈ ബസ് സ്റ്റാന്‍ഡിനും അര ഭിത്തിയാണു നാലു വശത്തും. വലിയ ഒരു ഹോള്‍ പണിതിട്ട് അതു രണ്ടായി തിരിച്ചിരിക്കുന്നു, നടുക്കൊരു അര ഭിത്തി കെട്ടി. സ്ത്രീകള്‍ക്കും പുരുഷന്‍‌മാര്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടം എന്നായിരിക്കാം ഇതു നിര്‍മ്മിച്ചവര്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക. അതെന്തായാലും രണ്ടിടത്തും സ്ത്രീകളും പുരുഷന്‍‌മാരും ഉണ്ടായിരുന്നു. ഇരിക്കാന്‍ സൗകര്യത്തിന്‌ വശങ്ങളില്‍ സിമിന്റ് കൊണ്ടു കെട്ടിയിരുന്നെങ്കിലും എല്ലാവരും നില്‍ക്കുകയായിരുന്നു. മഴയായിരുന്നതുകൊണ്ട് ഇരുന്നാല്‍ മുണ്ടും സാരിയും ചെളി പുരളുമല്ലോ. എല്ലാവരുടേയും പാദങ്ങളില്‍ എന്റെ കണ്ണുകള്‍ മാറി മാറി സഞ്ചരിച്ചു. ഇല്ല, ചെരുപ്പിടാത്ത ഒരു പാദം പോലുമില്ല. എന്നില്‍ നിന്ന് ഒരു ദീര്‍ഘശ്വാസം ഉയര്‍ന്നുവോ?
 
പെട്ടെന്നാണ്‌ അകലെയുള്ള കോണില്‍ രണ്ടു പാദങ്ങള്‍ എന്റെ കണ്ണില്‍ പെട്ടത്. നഗ്നപാദങ്ങള്‍! എന്റെ മനസ്സില്‍ പെരുമ്പറയടിച്ചു. അത്ഭുതവും ആശ്വാസവും കൊണ്ട് ഞാനെന്നെത്തന്നെ മറന്നെന്നു തോന്നി. കഴിഞ്ഞ ഒരു മണിക്കൂറായി നടത്തിക്കൊണ്ടിരുന്ന അന്വേഷണം, അല്ല, ചെയ്തുകൊണ്ടിരുന്ന തപസ്, പൂര്‍ത്തിയായതായി തോന്നി. ഒന്നു തുള്ളിച്ചാടണമെന്നാണോ മനസ്സ് അപ്പോള്‍ പറഞ്ഞത്? അതോ ആ നഗ്നപാദങ്ങളെ ഒന്നു സാഷ്ടാംഗം നമസ്കരിക്കണമെന്നോ?  

പിന്നീട് ഞാനാ പാദങ്ങളുടെ ഉടമയെ ശ്രദ്ധിച്ചു. ഒരു മുപ്പതു മുപ്പത്തഞ്ചു വയസ്സുണ്ടാകും. കറുത്ത നിറം. പാറിപ്പറന്ന മുടി. ബ്ലേഡു കണ്ടിട്ട് അനേകം മാസങ്ങളായ താടിയും മീശയും. നിറയെ പൂക്കളുള്ള ഇരുണ്ട നിറത്തിലുള്ള ഷര്‍ട്ട്. അതിന്റെ കയ്യുകള്‍ രണ്ടും മുകളിലേക്കു തെറുത്തു കേറ്റിയിരിക്കുന്നു. ഷര്‍ട്ടിനു ചേരുന്ന, ഇരുണ്ട നിറമുള്ള, വലിയ പൂക്കളുള്ള ലുങ്കി. ഇങ്ങനെയായിരുന്നു അയാളുടെ പ്രകൃതം.

അയാളുടെ ശ്രദ്ധ, പക്ഷേ, ഇതിലൊന്നുമായിരുന്നില്ല, കൈയിലുള്ള മുറിബീഡിയിലായിരുന്നു. അയാളത് ആഞ്ഞാഞ്ഞു വലിച്ചപ്പോള്‍ ആ മുഖത്തെ സന്തോഷവും സംതൃപ്തിയും ഒന്നു കാണേണ്ടതു തന്നെയായിരുന്നു. ചുറ്റുപാടുമുള്ള ഒന്നിനേയും അയാള്‍ ശ്രദ്ധിക്കുന്നില്ല. മഴ, ആള്‍ക്കൂട്ടം, മുമ്പില്‍ നില്‍ക്കുന്ന സുന്ദരികളായ സ്ത്രീകള്‍ അങ്ങനെ യാതൊന്നും അയാള്‍ക്കു ശ്രദ്ധാവിഷയങ്ങളല്ലായിരുന്നു. അയാളുടെ നോട്ടം എരിഞ്ഞു തീര്‍ന്നു കൊണ്ടിരുന്ന ആ ബീഡിത്തുമ്പത്തായിരുന്നു. ഒരു നിമിഷം പോലും അയാളുടെ ശ്രദ്ധ അവിടെ നിന്നു മാറിയില്ല. ഒടുവില്‍ ബീഡിയില്‍ നിറച്ചിരുന്ന ചുക്കയുടെ അവസാന കണികയും എരിഞ്ഞു തീര്‍ന്നു. വിരലുകള്‍ പൊള്ളിത്തുടങ്ങിയപ്പോള്‍ അയാള്‍ അതു താഴെയിട്ടു. പുകഞ്ഞു പുകഞ്ഞ് ആ തീയണയുന്നതുവരെ അയാള്‍ ബീഡിയില്‍ നിന്നു കണ്ണുകള്‍ പിന്‍‌വലിച്ചില്ല.  

പിന്നീടാണ്‌ അയാള്‍ക്കു സ്ഥലകാല ബോധമുണ്ടായത്. മുമ്പില്‍ നില്‍ക്കുന്ന സുന്ദരിമാരായ കോളേജ് കുമാരിമാരെ അയാള്‍ അപ്പോളാണ്‌ കണ്ടത്. ഓണത്തിനിടക്കെവിടെ കോളേജ് എന്നു ചോദിക്കണ്ട. ട്യൂഷനു പോകുവായിരിക്കും. എന്തായാലും അവര്‍ കോളേജ് കുമാരിമാര്‍ തന്നെ, അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇത്രയും സുന്ദരിമാരായ പെണ്‍കുട്ടികള്‍ മറ്റാരുമാകാന്‍ തരമില്ല. അയാള്‍ പതുക്കെ എഴുനേറ്റു. ഒന്നുരണ്ടടി വച്ചു. സ്ത്രീകളുടെ മുമ്പില്‍ പോയി നിന്നു.എല്ലാവരേയും മാറി മാറി നോക്കി. പിന്നീടൊന്നു പുഞ്ചിരിച്ചു. അവരാരും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാള്‍ വീണ്ടും ഒന്നു കൂടി പുഞ്ചിരിച്ചു. പിന്നീട് ഒന്നു വെളുക്കെ ചിരിച്ചു. ആ സ്ത്രീകളില്‍ ആരെങ്കിലും ഒരാള്‍ തന്റെ സൗഹൃദം അംഗീകരിക്കുമെന്നയാള്‍ വ്യാമോഹിച്ചെങ്കില്‍ അയാള്‍ക്കു തെറ്റി. ആരും അയാളെ ശ്രദ്ധിച്ചില്ല. ചിലരൊക്കെ മുഖം തിരിച്ച് മറ്റിടങ്ങളിലേക്കു നോക്കി. രണ്ടു മൂന്നു മിനിട്ട് അയാള്‍ അവിടെ നിന്നു. പിന്നീട് ഒരു പഴയ സിനിമാപ്പാട്ട് ഉറക്കെ പാടിത്തുടങ്ങി. 

മാനസമൈനേ വരൂ ... മധുരം നുള്ളിത്തരൂ ...

അപ്പോഴും അയാളെ ആരും ശ്രദ്ധിച്ചില്ല. അയാള്‍ ഉറക്കെ പാടിക്കൊണ്ട് പുറത്തേക്കിറങ്ങി. കോരിച്ചൊരിയുന്ന മഴയത്തേക്ക്. എന്നിട്ടയാള്‍ പതുക്കെ പതുക്കെ നടന്നു നീങ്ങി, ആരേയും ശ്രദ്ധിക്കാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ. അപ്പോഴും അയാള്‍ പാടിക്കൊണ്ടിരുന്നു, 'മാനസ മൈനേ ...'

അയാള്‍ കണ്ണില്‍ നിന്നു മറയുന്നതുവരെ എന്റെ കണ്ണുകള്‍ അയാളെ പിന്‍‌തുടര്‍ന്നു. അയാള്‍ ദൂരെ ചക്രവാളത്തില്‍ മറഞ്ഞപ്പോള്‍ എന്തോ ഒരു അസ്വസ്ഥത. ഒരു ശൂന്യത. എന്തൊക്കെയോ നഷ്ടപ്പെട്ട പ്രതീതി.  

അയാളെപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ അയാളായി മാറുകയാണെന്നു തോന്നി. ഞാന്‍ അവിടെ ബസ് കാത്തു നിന്നിരുന്ന സ്ത്രീകളെ നോക്കി. അവര്‍ ഏഴു പേരുണ്ട്. അതില്‍ മൂന്നു പേര്‍ ചെറുപ്പക്കാര്‍, സുന്ദരിമാര്‍. ഉയര്‍ന്ന ഉപ്പൂറ്റിയുള്ള ചെരുപ്പു ധരിച്ചവര്‍. അവരുടെ മുമ്പില്‍ പോയി നിന്ന് ഒന്നു ചിരിച്ചാലോ? ഒരു പാട്ടു പാടിയാലോ? ആ ചെരിപ്പുകള്‍ എന്റെ ചെകിട്ടത്തു പതിയുമോ? അറിയില്ല. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് അത്ര ധൈര്യമുണ്ടോ? ഒന്നു പരീക്ഷിക്കണമോ വേണ്ടയോയെന്നു ചിന്തിച്ചുകൊണ്ടിരിക്കെ 'ചെങ്ങന്നൂര്‍, ചെങ്ങന്നൂര്‍' എന്നു വിളിച്ചു പറഞ്ഞുകൊണ്ട് അലറിപ്പാഞ്ഞ് ഒരു ബസ് സ്റ്റാന്‍ഡില്‍ വന്നു നിന്നു . 

ഞാനതില്‍ ഓടിക്കയറി.



2014, ജനുവരി 11, ശനിയാഴ്‌ച

എന്റെ ഉറക്കം കെടുത്തിയ സുന്ദരിക്കുട്ടി

1973-ലാണ് ധന്വന്തരി വൈദ്യശാലയുടെ ഡെല്‍ഹി ശാഖയുടെ മാനേജരായി ഞാന്‍ ഡെല്‍ഹിയിലെത്തിയത്. കരോള്‍ബാഗിലുള്ള പദം സിങ് റോഡില്‍ സ്ഥിതി ചെയ്തിരുന്ന ഒരു വലിയ ബംഗ്ലാവിന്റെ വിശാലമായ ഗരാജിലായിരുന്നു അന്നു വൈദ്യശാല പ്രവര്‍ത്തിച്ചിരുന്നത്. ഞാന്‍ താമസിച്ചിരുന്നതാകട്ടെ ഏട്ടന്‍‌മാരുടെ കൂടെ ഗ്രേറ്റര്‍ കൈലാഷിലും. 5-ബി നമ്പര്‍ ബസ് പിടിച്ച് ഒരു പത്തു-പത്തര ആകുമ്പോഴേക്കും വൈദ്യശാലയിലെത്തും, അതായിരുന്നു പതിവ്. 

വൈദ്യശാലയില്‍ കാര്യമായ പണിയൊന്നുമുണ്ടായിരുന്നില്ല. ആരെങ്കിലും മരുന്നിനു വന്നാല്‍ എടുത്തു കൊടുക്കുക, പണം കണക്കു പറഞ്ഞു വാങ്ങുക, അത്ര തന്നെ.

സ്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ധാരാളം വായിക്കാറുണ്ടായിരുന്നെങ്കിലും ഇവിടെ വന്നപ്പോള്‍ പുസ്തകങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇംഗ്ലീഷ് പരിജ്ഞാനം ആണെങ്കില്‍ തീരെ മോശവുമായിരുന്നു. പുസ്തകം വായിച്ച് ആസ്വദിക്കാന്‍ മാത്രമുള്ള അറിവൊന്നുമുണ്ടായിരുന്നില്ല. പിന്നെ ആകപ്പാടെ ചെയ്യാനുണ്ടായിരുന്നത് മുമ്പിലുള്ള റോഡില്‍ക്കൂടി പോകുന്നവരെ, പ്രത്യേകിച്ച് കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ, നോക്കിക്കൊണ്ടിരിക്കുക, അത്ര തന്നെ. 

അക്കാര്യത്തിലും എനിക്കത്ര പരിചയമൊന്നുമില്ലായിരുന്നു. സ്വതേ പെണ്‍കുട്ടികളുടെ മുഖത്തു നോക്കാന്‍ വളരെ മടിയുള്ള കൂട്ടത്തിലാണു ഞാനെന്നാണു സ്വയം വിശ്വസിച്ചിരുന്നത്. മുഖത്തു മാത്രമല്ല, ഒരിടത്തും നോക്കാറില്ല. അതില്‍ നിന്നു കുറച്ചു വ്യത്യാസം വന്നത് ഈ സമയത്താണ്. വേറെ പണിയൊന്നുമില്ലാത്തതു കൊണ്ട് ഞാനൊരു എം.എല്‍.ഏ. ആയെന്നു പറയാം. (എം.എല്‍.ഏ. എന്നാല്‍ ഇംഗ്ലീഷില്‍ മൗത് ലുകിങ്ങ് ഏജന്റ്,  പച്ചമലയാളത്തില്‍ വായില്‍നോക്കി - ഈ പ്രയോഗം എന്റേതല്ല കേട്ടോ, കടമെടുത്തതാണ്.) 

ഇപ്രകാരം റോഡില്‍ക്കൂടി പോകുന്ന എല്ലാത്തിനേയും എല്ലാവരേയും നോക്കി നോക്കി ഇരിക്കുന്ന സമയത്താണ് പെട്ടെന്ന് ഒരു ദിവസം വൈകുന്നേരം നമ്മുടെ കഥാനായികയുടെ രംഗപ്രവേശം. വൈദ്യശാല നടത്തിയിരുന്ന ഗരാജ് ഏതു വീട്ടിലെയാണോ, ആ വീട്ടിലെ തന്നെയായിരുന്നു ആ കുട്ടി. വൈദ്യശാലയിലെത്തിയതിനുശേഷം ഏകദേശം ഒരാഴ്ചയോളം കഴിഞ്ഞാണ് ഞാനാ കുട്ടിയെ കാണുന്നത്, അല്ലെങ്കില്‍ ശ്രദ്ധിച്ചത്. 

ആദ്യം കണ്ടപ്പോള്‍ അന്തം വിട്ടു പോയി. ഈശ്വരാ, എവിടെപ്പോയിരുന്നു ഈ സൗന്ദര്യത്തിടമ്പ് ഇതുവരെ? ആദ്യദര്‍ശനത്തില്‍ത്തന്നെ വീണുപോകുന്ന, ആരേയും (പ്രത്യേകിച്ച് ഒരു പണിയുമില്ലാത്ത എം.എല്‍.ഏ.മാരെ) പിടിച്ചുലക്കാന്‍ പോന്ന സൗന്ദര്യത്തിന്റെ ഉടമയായിരുന്നു അവള്‍. കാല്‍പ്പാദം വരെ നീളുന്ന പാവാടയും ഇറക്കമുള്ള ബ്ലൗസുമായിരുന്നു അവളുടെ വേഷം. ഇടത്തു കൈയില്‍ മാറോടടുക്കിപ്പിടിച്ച കുറച്ചു പുസ്തകങ്ങള്‍. അലസമായി ആടിക്കൊണ്ടിരുന്ന വലതു കൈ. കെട്ടുകയോ പിന്നുകയോ ചെയ്യാതെ വലത്തെ തോളില്‍ക്കൂടി മുന്നിലേക്ക് അലസമായി ഇട്ടിരുന്ന നീണ്ട, ഇടതൂര്‍ന്ന മുടി. വലതു കൈ കൊണ്ട് മുടിയെ ഇടക്കിടക്ക് അവള്‍ താലോലിച്ചിരുന്നു.

ഈ രംഭയുടെ വരവു കണ്ട് ഞാനൊന്നു തരിച്ചു നിന്നുപോയെന്നു പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തി ഇല്ല തന്നെ. 

എന്നാല്‍ ഇങ്ങനെയൊരു സുന്ദരനായ ചെറുപ്പക്കാരന്‍ തന്നെ നോക്കി വായും പൊളിച്ച് കണ്ണും തുറിച്ച് നില്‍ക്കുന്നുണ്ടെന്നുള്ള ഒരു ഭാവവുമില്ലാതെ, ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെയാണവള്‍ അകത്തേക്കു കയറിപ്പോയത്! അമ്പടി കേമി! 

പിറ്റേന്നു മുതല്‍ റോഡില്‍ക്കൂടി പോകുന്നവരുടെ കൂട്ടത്തില്‍ ഈ പെണ്‍കുട്ടിയേയും പ്രതീക്ഷിക്കാന്‍ തുടങ്ങി. അവളുടെ പേരറിയില്ലാത്തതുകൊണ്ടും, എന്തെങ്കിലും പേരു വിളിക്കണമല്ലോ എന്നുള്ളതുകൊണ്ടും നമുക്കവളെ സുന്ദരിക്കുട്ടി എന്നു വിളിക്കാം, അല്ലേ?

സുന്ദരിയെ കണ്ടതിനുശേഷം ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായെന്നു തോന്നി. പിന്നീട് അവളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമായിരുന്നു എന്നും. എന്റെ ശ്രമങ്ങളെല്ലാം, പക്ഷെ, ജലരേഖകളായി. ഇങ്ങനെ ഒരുത്തനോ ഒരു വൈദ്യശാലയോ സ്വന്തം വീടിന്റെ ഗരാജു പോലുമോ അവിടെയുണ്ടെന്ന് അവള്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലെന്നു തോന്നി.

എന്നെ അവള്‍ ഇത്ര നിരാശനാക്കാന്‍ എന്താണു കാരണമെന്നുള്ള അന്വേഷണമായിരുന്നു പിന്നീട്. ആ അന്വേഷണത്തിന്റെ ഭാഗമായി ഒരു ദിവസം ഞാന്‍ എന്നെത്തന്നെ ഒന്നു വിലയിരുത്തി. അപ്പോഴാണ് എനിക്ക് എന്നോടു തന്നെ പുഛം തോന്നിയത്. ഒരു പാന്റ്സു പൊലും ഇല്ലാത്ത, മുണ്ടു മാത്രം നിരന്തരം ഉടുക്കുന്ന ഒരു വെറും തെക്കേ ഇന്ത്യക്കാരന്‍ കണ്ട്രി! 

ങ്ഹും, വെറുതെയല്ല സുന്ദരിക്കുട്ടി എന്നെ ഒന്നു നോക്കുകപോലും ചെയ്യാത്തത്. അല്ല, ഇനിയിപ്പോള്‍ അവളൊന്നു സംസാരിച്ചിരുന്നെങ്കിലോ? ആകെ ഗുലുമാല്‍ പിടിച്ചേനെ. ഹിന്ദിയിലാണെങ്കില്‍ ആകപ്പാടെ 'പതാ നഹി' ('അറിയില്ല') എന്ന രണ്ടു വാക്കുകള്‍ മാത്രമേ അറിയാമായിരുന്നുള്ളു അന്നെനിക്ക്. 

വടക്കെ ഇന്ത്യയില്‍ വരുന്ന ഏതൊരു മലയാളിയും ആദ്യം പഠിക്കുന്ന വാക്കുകളാണിവ, 'പതാ നഹി', അല്ലെങ്കില്‍ 'ഹിന്ദി മാലും നഹി' (ഹിന്ദി അറിയില്ല).

അവളെന്നോട് (ഹിന്ദിയില്‍) "പേരെന്താ", അല്ലെങ്കില്‍ "ഇവിടെയെന്തു ചെയ്യുന്നു?", അതുമല്ലെങ്കില്‍ "എവിടെ താമസിക്കുന്നു?" എന്നു തുടങ്ങി "എന്നെ ഇഷ്ടമായോ?" എന്നു വരെ ചോദിച്ചിരുന്നെങ്കിലും ഞാന്‍ "പതാ നഹി" എന്നു പറഞ്ഞേനെ! അതോടെ എല്ലം പൊട്ടക്കുളമായേനെ! (കുളത്തിനേക്കാല്‍ മോശമല്ലെ പൊട്ടക്കുളം?)ഏതായാലും ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ സംസാരിക്കുക പോയിട്ട് എന്നെ ഒന്നു നോക്കുകപോലും ചെയ്തില്ല, അവള്‍. 

അങ്ങനെയിരിക്കെ, ശ്രീബുദ്ധനു ബോധോദയമുണ്ടായതുപോലെ, എനിക്കുമുണ്ടായി അങ്ങനെ എന്തോ ഒന്ന്. ഒരു വ്യത്യാസം മാത്രം.  ശ്രീബുദ്ധനു ബോധോദയമുണ്ടായത് ബോധി വൃക്ഷത്തിന്റെ ചുവട്ടില്‍ ധ്യാനിച്ചിരിക്കുമ്പോഴാണെങ്കില്‍ എനിക്ക് വൈദ്യശാലയിലിരുന്ന് പുറത്തേക്കു നോക്കി വരുന്നവരുടേയും പോകുന്നവരുടേയും വായില്‍ നോക്കി ഇരുന്നപ്പോഴാണെന്നു മാത്രം. 

എന്താണു ബോധത്തില്‍ ഉദിച്ചതെന്നല്ലേ? 

പാന്റ്സ് വാങ്ങണം. 

ഒരു മുണ്ടുമുടുത്തു വെറും മൂന്നാം ക്ലാസ്സ് മദ്രാസിയായിരിക്കുന്ന എന്നെ എന്റെ സുന്ദരിക്കുട്ടി നോക്കിയെങ്കിലല്ലെ അത്ഭുതപ്പെടേണ്ടത്? കഷ്ടം, ഇതെന്തേ നേരത്തെ തോന്നാത്തത്? 

ങ്ഹാ, എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ. അങ്ങനെ സമാധാനിച്ചു.

പാന്റ്സ് വാങ്ങണമെന്നു തീരുമാനിച്ചു കഴിഞ്ഞപ്പോള്‍ പിന്നെ ഇരിക്കപ്പൊറുതിയില്ലാതെയായി. പാന്റ്സ് വാങ്ങാതെ ഉറക്കം വരാത്ത നിലയായി. എന്നാല്‍ തന്നത്താന്‍ പോയി വാങ്ങാനുള്ള ധൈര്യമൊട്ടില്ലായിരുന്നു താനും. അങ്ങനെ ശ്വാസം മുട്ടിയിരിക്കുമ്പോഴാണ് കൃഷ്ണന്റെ വരവ്. ഗ്രേറ്റര്‍ കൈലാഷില്‍ സെ. ജോര്‍ജ്ജ് സ്കൂളിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. വല്ലപ്പോഴുമൊക്കെ വൈദ്യശാലയില്‍ വരാറുണ്ട്. ധാരാളം സംസാരിക്കുന്ന പ്രകൃതം.

കൃഷ്ണന്‍  വന്നപ്പോള്‍ വിഷയം അവതരിപ്പിച്ചു. സുന്ദരിക്കുട്ടിയുടെ കാര്യമല്ല, പാന്റ്സ് വാങ്ങുന്ന കാര്യം. സഹായിക്കാന്‍ അദ്ദേഹം ഉടന്‍ തയാറായി. തൊട്ടടുത്താണ് ആര്യസമാജ് റോഡ്. ഇന്നത്തെ ആര്യസമാജ് റോഡായിരുന്നില്ല അന്നത്തെ ആര്യസമാജ് റോഡ്. തുണിക്കടകള്‍ ധാരാളമുണ്ടായിരുന്നെങ്കിലും റോഡിന്റെ രണ്ടു വശത്തും വഴിയോരക്കച്ചവടക്കാര്‍ തമ്പടിച്ചിരുന്നു. (സൂര്യ മ്യൂസിക്കിന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ഇഷ്ടം പോലെ" കച്ചവടക്കാര്‍!)

അക്കാലത്തും വൈകുന്നേരങ്ങളില്‍ നല്ല തിരക്കു പതിവുണ്ടായിരുന്നു. ഒരു വഴിയോരക്കച്ചവടക്കാരനില്‍ നിന്ന് രണ്ടു പാന്റ്സ് വാങ്ങിച്ചു - ഒന്നിനു പത്തു രൂപ വച്ചു കൊടുത്തു. ഒന്നു ബ്രൗണ്‍, ഒന്ന് ഇളം നീല. 

അവ വാങ്ങിച്ചു തിരിച്ചു വൈദ്യശാലയിലെത്തിയപ്പോള്‍ ഒരു രാജ്യം വെട്ടിപ്പിടിച്ച രാജാവിന്റെ സംതൃപ്തിയും അഭിമാനവും തോന്നി. അപ്പോള്‍ തന്നെ അതില്‍ ഒന്ന് ഇട്ടു നോക്കണമെന്നു തോന്നിയെങ്കിലും "ധൃതി പിടിക്കല്ലെ"യെന്നു മനസ്സിനെ ശാസിച്ചു. വൈദ്യശാല അടക്കാന്‍ സമയമായിരുന്നു എന്നതിനേക്കാളേറെ "ഇന്നിനി സുന്ദരിക്കുട്ടി വെളിയിലേക്കു വരാന്‍ സാദ്ധ്യതയില്ലെ"ന്ന അറിവായിരുന്നു മനസ്സിനെ ശാസിക്കാന്‍ കാരണം.  

അന്നു രാത്രി ഞാനുറങ്ങിയില്ല. പാന്റ്സുമിട്ട് സുന്ദരക്കുട്ടപ്പനായി ഞാന്‍ ചെല്ലുന്നതും സുന്ദരി അതു കണ്ട് എന്നെ നോക്കി ചിരിക്കുന്നതും "ഇപ്പോള്‍ മിടുക്കനായിട്ടുണ്ട്ട്ടോ"യെന്നു പറഞ്ഞ് അഭിനന്ദിക്കുന്നതും മറ്റും സ്വപ്നം കണ്ടു കിടന്നു. 

പിറ്റേന്നു വളരെ നേരത്തെ തന്നെ തയ്യാറായി ഇറങ്ങി. പുതിയ പാന്റ്സിട്ടപ്പോള്‍, തന്നെ ഇങ്ങനെ കാണുമ്പോള്‍ സുന്ദരിയുടെ മുഖഭാവം എന്തായിരിക്കുമെന്നാലോചിച്ചപ്പോള്‍, ഞാന്‍ ലോകത്തിന്റെ നിറുകം തലയില്‍ ചവിട്ടി നില്‍ക്കുന്നതുപോലെ തോന്നി. 

രാവിലെ അവളെ കാണാന്‍ പറ്റിയില്ല. വൈകുന്നേരം അവള്‍ വരാറുള്ള നേരമായപ്പോഴേക്കും ഹൃദയം പടപടാന്നടിക്കാന്‍ തുടങ്ങി. ഈശ്വരാ, അവളൊന്നിങ്ങു വേഗം വന്നെങ്കില്‍! 

എന്നെക്കാണുമ്പോള്‍ എന്തായിരിക്കും അവളുടെ പ്രതികരണം? മുഖത്തു നോക്കി പുഞ്ചിരിക്കുമോ? അതോ നാണം കൊണ്ടു മുഖം കുനിക്കുമോ? മുഖം കുനിച്ച് കാല്‍നഖം കൊണ്ടു കോണ്‍ക്രീറ്റിട്ട നിലത്ത് വട്ടം വരക്കുമോ? അതോ ഹിന്ദിയിലോ അല്ലെങ്കില്‍ ഇംഗ്ലീഷിലോ "നന്നായിട്ടുണ്ടെ"ന്നു പറയുമോ? അവളെന്തെങ്കിലും പറഞ്ഞാല്‍ അതെന്താണെന്നു ഞാനെങ്ങനെയാണു മനസ്സിലാക്കുക? അവളുടെ ശബ്ദം കേള്‍ക്കാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നതിനുള്ള ഭാഗ്യമുണ്ടാകുമോ? അങ്ങനെ ഒരായിരം ചോദ്യങ്ങള്‍ മനസ്സിലേക്കു തള്ളിക്കേറി വന്നു. 

ഒരു ചെറിയ കണ്ണാടിയുണ്ടായിരുന്നതില്‍ വീണ്ടും വീണ്ടും നോക്കി പാന്റ്സിട്ട എനിക്ക് സൗന്ദര്യം പതിന്മടങ്ങു വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തി. 

ഈശ്വരാ, സമയം നീങ്ങുന്നതേയില്ലല്ലോ. 

അന്നുച്ച കഴിഞ്ഞ് ഞാന്‍ കസേരയില്‍ ഇരുന്നതേയില്ല. ഇരിക്കുമ്പോഴാണവള്‍ വരുന്നതെങ്കില്‍ അവളെങ്ങനെ എന്റെ പാന്റ്സ് കാണും? പന്റ്സിട്ടതുമൂലം വര്‍ദ്ധിച്ച എന്റെ സൗന്ദര്യം അവളെങ്ങനെ മനസ്സിലാക്കും? അങ്ങോട്ടും ഇങ്ങോട്ടും നടന്നു തന്നെ വൈകുന്നേരമാക്കി. ഒരു നിമിഷം പോലും എന്റെ കണ്ണുകള്‍ ഗേറ്റില്‍ നിന്നു മാറിയില്ല. 

ഒടുവില്‍, നീണ്ട കാത്തിരിപ്പിന്റെ അവസാനം, നാലു മണി കഴിഞ്ഞപ്പോഴേക്കും അവള്‍ ദൂരെ നിന്നു വരുന്നതു കണ്ടു. പതിവുപോലെ മുഖം താഴ്ത്തി, വലത്തേ തോളിലൂടെ മുന്നിലേക്കിട്ട അഴിച്ചിട്ട മുടി വലതു കൈകൊണ്ട് ഇടക്കിടെ താലോലിച്ചു കൊണ്ടുള്ള അവളുടെ വരവു കണ്ടപ്പോള്‍ എന്റെ ഹൃദയമിടിപ്പിന്റെ ശക്തിയും വേഗതയും നൂറു മടങ്ങു വര്‍ദ്ധിച്ചു. മോഹാലസ്യപ്പെടുമോയെന്നു പോലും ഭയന്നു. 

ഒരു തരത്തിലും അവളെന്നെ കാണാതിരിക്കരുതെന്നു തീര്‍ച്ചപ്പെടുത്തിക്കൊണ്ട് ഞാന്‍ പുറത്തിറങ്ങി നിന്നു. ഒരു വശം തിരിഞ്ഞ് എന്തോ നോക്കുന്നതുപോലെ നിന്നു. അവള്‍ ഗേറ്റു കടന്നതും, ഒന്നുമറിയാത്തതുപോലെ പെട്ടെന്നു തിരിഞ്ഞ് അവളുടെ മുഖത്തേക്കു നോക്കി. 

അവളിപ്പോള്‍ എന്നെ നോക്കും, കാണും, ചിരിക്കും, സംസാരിക്കും, അഭിനന്ദിക്കും ... 

ഒന്നും സംഭവിച്ചില്ല. 

അവള്‍ പതിവുപോലെ എന്നെ തീര്‍ത്തും അവഗണിച്ച് അകത്തേക്കു കടന്നു പോയി. 

ഞാന്‍ തരിച്ചു നിന്നു പോയി. കുറെ നേരത്തേക്ക് എനിക്ക് അനങ്ങാന്‍ പോലും സാധിച്ചില്ല. സീതാദേവിയെ ഭൂമി സ്വീകരിച്ചതുപോലെ ഭൂമി പിളര്‍ന്ന് ഞാന്‍ താണു പോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. 

ഈശ്വരാ, എന്റെ മോഹങ്ങള്‍, എന്റെ പ്രതീക്ഷകള്‍, എന്റെ സ്വപ്നങ്ങള്‍, എല്ലാം ഒരു നിമിഷം കൊണ്ടു പൊട്ടിത്തകര്‍ന്നല്ലോ! ഇനിയും ജീവിക്കുന്നതില്‍ തന്നെ എന്തര്‍ഥം?

പിന്നീടു കുറെ ദിവസത്തേക്ക് എനിക്ക് ഒരുത്സാഹവുമില്ലായിരുന്നു. എന്റെ അവസാന ശ്രമവും പരാജയപ്പെട്ട നിലക്ക് ഇനി ഒന്നും ചെയ്യാനില്ലായിരുന്നു. ജീവിതം തന്നെ അര്‍ഥശൂന്യമായി തോന്നിയ ദിവസങ്ങള്‍. 

എന്തിനേറെപ്പറയുന്നു, ഞാന്‍ എട്ടു മാസത്തിനു ശേഷം വൈദ്യശാലയില്‍ നിന്നു പോരുന്നതു വരെ സുന്ദരിക്കുട്ടി എന്നെ ഒന്നു നോക്കുകപോലുമുണ്ടായില്ല! 

പക്ഷെ, അവളുടെ ഇടത്തു കൈയില്‍ മാറോടടുക്കിപ്പിടിച്ച പുസ്തകങ്ങളും കുനിഞ്ഞ മുഖവും വലത്തെ തോളിലൂടെ അലസമായി മുമ്പോട്ടിട്ട നീണ്ട് ഇടതൂര്‍ന്ന മുടിയും ആ മുടിയെ ഇടക്കിടെ തലോടിയിരുന്ന അവളുടെ വലതു കൈയും ഇപ്പോഴും മനസ്സില്‍ ഇടക്കിടെ കടന്നു വരാറുണ്ട്.