Visit my English blog at http://jayanthanpk.blogspot.in

2013, നവംബർ 16, ശനിയാഴ്‌ച

മഹാവിഷ്ണുവും മഹാബലിയും പിന്നെ ഞാനും

(ന്യൂഡെല്‍ഹിയില്‍നിന്നും ഗായത്രി പ്രസിദ്ധീകരിക്കുന്ന പ്രണവം ത്രൈമാസികയുടെ ൨൦൧൩ (2013) സെപ്തംബര്‍ ലക്കത്തില്‍ 'വിഷ്ണു-ബലി സം‌വാദം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്)

ഒരു കഥയാലോചിച്ചു നടക്കാനിറങ്ങിയപ്പോള്‍ ആദ്യം കണ്ടത് വര്‍മ്മാജിയെയാണ്. കുറെ വര്‍ഷങ്ങളായി ഞങ്ങള്‍ക്കു പരസ്പരം അറിയാം. എന്റെ മുഖത്തെ ഭാവം കണ്ടിട്ടാകാം, അദ്ദേഹം ചോദിച്ചു, "ങ്ഹും? എന്തു പറ്റി? എന്തെങ്കിലും പ്രശ്നമുണ്ടോ? മുഖമാകെ വല്ലാതിരിക്കുന്നല്ലോ?"

അദ്ദേഹത്തിന്റെ ഈ ചോദ്യം കേട്ടപ്പോള്‍, മനസ്സില്‍ കിടന്നു പിടച്ചിരുന്ന ചോദ്യം ഞാനറിയാതെ തന്നെ പുറത്തു ചാടി. "പുതിയ കുപ്പി വേണം, എവിടെ കിട്ടും?"

എന്റെ ചോദ്യം കേട്ട് അദ്ദേഹം ശരിക്കും ഒന്നു ഞെട്ടി. എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ടു ചോദിച്ചു, "പുതിയ കുപ്പിയോ?"

ഒന്നു നിര്‍ത്തിയിട്ട് അദ്ദേഹം തുടര്‍ന്നു, "എന്റെ കൈയ്യിലുണ്ട്. വരൂ, നമുക്ക് വീട്ടിലേക്കു പോകാം."

അദ്ദേഹം പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാകാതെ ഞാനദ്ദേഹത്തെ അനുഗമിച്ചു. മനസ്സില്‍ മുഴുവന്‍ അപ്പോഴും പുതിയ കുപ്പിയുടെ ചിന്തയായിരുന്നു.

വീട്ടിലെത്തിയ ഉടന്‍ അദ്ദേഹം സ്വീകരണമുറിയിലെ അലമാരി തുറന്നു. അതില്‍ കുറെയേറെ കുപ്പികളുണ്ടായിരുന്നു. എല്ലാത്തിലും പല പല നിറത്തിലുള്ള ദ്രാവകങ്ങള്‍. പക്ഷെ കാലി കുപ്പികള്‍ ഒന്നും കണ്ടില്ല.

അദ്ദേഹം ചോദിച്ചു, "ഏതാണെടുക്കേണ്ടത്? വിസ്കിയോ ബ്രാന്‍ഡിയോ? അതോ ജിന്‍ എടുക്കണമോ?"

ഇത്തവണ ഞാനാണമ്പരന്നത്. "അയ്യയ്യോ, എന്താണീ പറയുന്നത്? ഞാന്‍ കുടിക്കാറില്ലെന്നറിയില്ലേ? അങ്ങ് എന്തബദ്ധമാണീ പറയുന്നത്?"

അദ്ദേഹം ചോദിച്ചു, "പിന്നെ കുപ്പി വേണമെന്നു പറഞ്ഞത്?"

ഞാന്‍ പറഞ്ഞു, "ഓ, അതോ? എന്റെ കൈയ്യിലുള്ള പഴയ വീഞ്ഞ് ഒഴിച്ചു വക്കാന്‍ ഒരു പുതിയ കുപ്പി വേണം. അതാണു ഞാന്‍ പറഞ്ഞത്."

അദ്ദേഹത്തിനൊന്നും മനസ്സിലായില്ല. എന്റെ കൈയ്യില്‍ വീഞ്ഞുണ്ടെന്നു പറഞ്ഞത് അദ്ദേഹത്തെ പരിഭ്രമിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാവം കണ്ടപ്പോള്‍ എനിക്കു ചിരി പൊട്ടി. ഞാന്‍ പറഞ്ഞു, "വര്‍മ്മാജീ, ഞാന്‍ വിശദമായി പറയാം. എനിക്കു 'പ്രണവ'ത്തിനു വേണ്ടി ഒരു കഥ എഴുതണം. കഥ പഴയതാണ്. പക്ഷേ പുതിയ രീതിയില്‍ എഴുതണം. അതിനുള്ള ആശയമാണ് ഞാന്‍ അന്വേഷിക്കുന്നത്."

"ഓ, അതാണോ കാര്യം?" അദ്ദേഹത്തിനു കാര്യം പിടി കിട്ടിയെന്നു തോന്നി.

അല്പനേരം ആലോചിച്ചിട്ട് അദ്ദേഹം പറഞ്ഞു, "പുതിയ ആശയമാണു വേണ്ടത്, അല്ലേ? ങ്ഹും, വഴിയുണ്ട്."

അദ്ദേഹം അകത്തു പോയി ഒരു പുതിയ കുപ്പി കൊണ്ടുവന്നു. അതില്‍ പച്ചവെള്ളത്തിനു സമാനമായ, യാതൊരു നിറവുമില്ലാത്ത എന്തോ ഒരു ദ്രാവകമാണുണ്ടായിരുന്നത്.

വര്‍മ്മാജി പറഞ്ഞു, "ദാ, ഇതല്പം കഴിച്ചു നോക്കൂ, പുതിയ പുതിയ ആശങ്ങള്‍ ഉരുത്തിരിഞ്ഞു വരും."

പിന്നെ ഏതോ ഒരു പരസ്യത്തിലെ വാചകം ഓര്‍ത്തതുപോലെ തറപ്പിച്ചു പറഞ്ഞു, "ഞാന്‍ ഗാരണ്ടി."

ഞാന്‍ അല്പം ഭയപ്പാടോടെ ചോദിച്ചു, "അതെന്താണ്?"

"അതൊന്നുമറിയേണ്ട. എന്നെ വിശ്വാസമുണ്ടോ?" അദ്ദേഹം തന്റെ രഹസ്യം വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.

"താങ്കളെ എനിക്കു വിശ്വാസമാണ്." അവിശ്വസിക്കേണ്ട കാര്യമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

"എങ്കില്‍ മടിക്കേണ്ട, കുടിച്ചോളൂ." ആ കുപ്പിയില്‍ നിന്ന് ഒരു പെഗ്ഗ് ഗ്ലാസ്സിലേക്ക് ഒഴിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഞാന്‍ വീണ്ടും സംശയിച്ചിരുന്നപ്പോള്‍ അദ്ദേഹം തുടര്‍ന്നു, "എനിക്ക് ആശയങ്ങള്‍ക്കു ദാരിദ്ര്യമനുഭപ്പെടുമ്പോള്‍ ഞാനിതാണു കഴിക്കാറ്. മടിക്കാതെ കുടിച്ചുകൊള്ളൂ."

അദ്ദേഹത്തിന്റെ വിശ്വാസം കണ്ടപ്പോള്‍ പിന്നെ ഒന്നുമാലോചിച്ചില്ല. അദ്ദേഹം നീട്ടിയ ഗ്ലാസ്സ് വാങ്ങി ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു.

വര്‍മ്മാജി പറഞ്ഞു. "ങ്ഹാ, ഇനി ആ സോഫയില്‍ ഇരുന്നുകൊള്ളൂ."

എന്നെ ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം അടുത്തു തന്നെ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഉറക്കം വരുന്നതുപോലെ തോന്നി. ഇതെന്താണിങ്ങനെ? ആശയങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരുന്നതിനു പകരം ഉറക്കം വരികയോ?

തല അല്പം ചെരിച്ചു വര്‍മ്മാജിയെ ഒന്നു നോക്കി. അദ്ദേഹം ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരിക്ക് എനിക്കു മനസ്സിലാകാത്ത അര്‍ഥങ്ങള്‍ വല്ലതുമുണ്ടോയെന്നു ഞാന്‍ സംശയിച്ചു.

കണ്ണുകള്‍ തുറന്നു പിടിക്കാന്‍ കഴിയുന്നില്ല. ഈശ്വരാ, ഇതുറക്കം തന്നെയോ? അതോ എന്റെ ബോധം തന്നെ മറയുകയാണോ? ഭഗവാനേ, ഇതെന്തൊരു പരീക്ഷണം?

കണ്ണുകളിലെ ഇരുട്ടു വര്‍ദ്ധിച്ചു വന്നു. പെട്ടെന്നാരോ എന്നോടു മന്ത്രിക്കുന്നതുപോലെ തോന്നി, "താങ്കള്‍ മരിക്കുകയാണ്, തയ്യാറായിക്കൊള്ളൂ."

"കൃഷ്ണാ, നാരായണാ, ഗുരുവയൂരപ്പാ", അറിയാവുന്ന പേരുകളെല്ലാം വിളിച്ചു. "എന്താണിദ്ദേഹം എനിക്കു കുടിക്കാന്‍ തന്നത്?" എന്റെ ശബ്ദം വെളിയില്‍ വന്നില്ല. ചോദ്യത്തിനാരും ഉത്തരം തന്നതുമില്ല.

കണ്ണുകള്‍ മെല്ലെ മെല്ലെ അടയാന്‍ തുടങ്ങി. എനിക്കു മനസ്സിലായി, എന്റെ അവസാനം അടുത്തുവെന്ന്.

കണ്ണുകളില്‍ പൂര്‍ണ്ണമായും ഇരുട്ടു കയറി. ചിന്തിക്കാനുള്ള ശക്തിയും നഷ്ടപ്പെട്ടു. ചുറ്റും ഇരുട്ടു വ്യാപിച്ചതോടെ ഞാന്‍ ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വഴുതിയിറങ്ങി.

തീക്ഷ്ണമായ പ്രകാശം തുളച്ചു കയറുന്നെന്നു തോന്നിയപ്പോള്‍ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. തലക്കു വല്ലാത്ത ഘനം, കണ്ണുകള്‍ തുറക്കാന്‍ സാധിക്കുന്നില്ല. ഒടുവില്‍ ഒരു വിധത്തില്‍ കണ്ണുകള്‍ വലിച്ചു തുറന്നു. ചുറ്റുപാടും നോക്കി. ഒന്നും മനസ്സിലാകുന്നില്ല. ഒന്നും വ്യക്തമാകുന്നുമില്ല. ഞാനിതെവിടെയാണ്? ഒരു പരിചയവുമില്ലാത്ത സ്ഥലം. തലയൊന്നു കുടഞ്ഞു, കണ്ണുകള്‍  രണ്ടു മൂന്നു തവണ അടച്ചു തുറന്നു.

എന്താണെനിക്കു സംഭവിച്ചത്? ഞാനിതെവിടെയാണ്?

നടന്ന കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചു. ഓ, അല്പാല്പമായി എല്ലാം ഓര്‍മ്മ വരുന്നുണ്ട്. കഥ ... പഴയ വീഞ്ഞ് ... പുതിയ കുപ്പി ... വര്‍മ്മാജി ... വെള്ളം പോലത്തെ ദ്രാവകം. ഇപ്പോളെല്ലാം ഓര്‍മ്മ വരുന്നു. കാര്യം മനസ്സിലാവുകയും ചെയ്തു. ഞാന്‍ മരിച്ചിരിക്കുന്നു.

എങ്കില്‍ ഇവിടം സ്വര്‍ഗ്ഗമാണോ? സ്വര്‍ഗ്ഗത്തിലെത്താന്‍ മാത്രമുള്ള പുണ്യ പ്രവൃത്തികളൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഇതു സ്വര്‍ഗ്ഗമാകാന്‍ വഴിയില്ല. അപ്പോള്‍ പിന്നെ നരകമായിരിക്കണം.

സാവധാനം എഴുന്നേറ്റിരുന്നു. ചുറ്റുപാടും നോക്കി. ദൂരെയായി ഒരു കൊട്ടാരം കാണുന്നുണ്ട്. എന്തായാലും അങ്ങോട്ടു പോകുക തന്നെ. ഇപ്പോള്‍ തന്നെ മരിച്ചിരിക്കുന്നതുകൊണ്ട് അവിടെയുള്ളവരാരും തല്ലുമെന്നും കൊല്ലുമെന്നുമുള്ള ഭയം വേണ്ട!

ഇതേതാണു സ്ഥലമെന്നും ഒന്നറിയണമല്ലോ. സ്വര്‍ഗ്ഗമാണെങ്കിലും നരകമാണെങ്കിലും ഇനി ആയിരക്കണക്കിനു വര്‍ഷങ്ങള്‍ (അങ്ങിനെയാണു കേട്ടിരിക്കുന്നത്, ജീവിച്ചിരുന്ന കാലത്ത്) ഇവിടെത്തന്നെയാണല്ലോ കഴിയേണ്ടത്.

പ്രതീക്ഷിച്ചപോലെ തന്നെ അവിടെ കവാടത്തിനു മുന്നില്‍ തന്നെ വാളും കുന്തവുമേന്തി രണ്ടു കാവല്‍ക്കാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവര്‍ സിനിമയിലും സീരിയലുകളിലും കാണുന്നതുപോലെ കറുത്ത വസ്ത്രം ധരിച്ച്, കൊമ്പന്‍ മീശയും വച്ച്, തല മുഴുവന്‍ കാടു പോലെ വളര്‍ന്നു നില്‍ക്കുന്ന മുടിയുള്ള, ചുവന്നു തുടുത്ത കണ്ണുകളോടു കൂടിയ ക്രൂരന്മാരായിരുന്നില്ല, മറിച്ച്, വെള്ള വസ്ത്രം ധരിച്ച്, മുഖത്തൊരു ചെറു പുഞ്ചിരിയുമായാണ് അവര്‍ നിന്നിരുന്നത്. നരകത്തില്‍ ഇങ്ങനേയും കാവല്‍ക്കാരോ? ഞാന്‍ അത്ഭുതപ്പെട്ടു.

ജീവിതത്തില്‍ നിന്നു മരണത്തിലേക്കു വന്നിട്ട് ഏറെ നേരമാകാത്തതുകൊണ്ടായിരിക്കാം, വല്ലാത്ത ക്ഷീണം തോന്നി. വീണു പോയേക്കുമെന്നു തന്നെ സംശയിച്ചു. കാവല്‍ക്കാരില്‍ ഒരാള്‍ ഓടി വന്ന് എന്നെ പിടിച്ചു. പതുക്കെ പതുക്കെ നടത്തി. അയാള്‍ വന്നു പിടിച്ചപ്പോള്‍ തന്നെ ക്ഷീണം വളരെ കുറഞ്ഞെന്നു തോന്നി.

പിന്നീട് അയാള്‍ സൗമ്യമായി ചോദിച്ചു, "താങ്കള്‍ എവിടെ നിന്നു വരുന്നു? എന്താണു താങ്കളുടെ പേര്?"

"എന്റെ പേര് ജയന്തന്‍ ,  ഭൂമിയില്‍ നിന്നു വരുന്നു."

അയാള്‍ക്കു വിശ്വാസം വരാന്‍ വേണ്ടി വീണ്ടും പറഞ്ഞു, "ഞാന്‍ മരിച്ചു വന്നതാണ്."

കാവല്‍ക്കാര്‍ ഇരുവരും പരസ്പരം നോക്കി. എന്നിട്ടെന്നെ നോക്കി പറഞ്ഞു, "ഇന്നു ഭൂമിയില്‍ എന്താണു സംഭവിച്ചത്? പിന്നേയും പിന്നേയും ഓരോരുത്തര്‍? ഭൂമിയില്‍ നിന്നു മറ്റൊരാള്‍ ഇപ്പോള്‍ അകത്തേക്കു പോയതേയുള്ളു."

അയാള്‍ എന്നെ അകത്തേക്കു കൊണ്ടുപോയി ഒരു സോഫയില്‍ ഇരുത്തി. ഞാന്‍ ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. ആവൂ, ഇതു നരകമാകാന്‍ തരമില്ല. പ്രകാശമാനമായ, അനേകവിധം തോരണങ്ങളാല്‍ അലങ്കരിച്ച വിശാലമായ മുറി. എവിടെ നിന്നോ സുഗന്ധപൂരിതമായ ശുദ്ധവായു ഒഴുകി വരുന്നുണ്ട്. കര്‍ണ്ണാടക സംഗീതത്തിന്റെ നേരിയ അലകള്‍ കാതുകള്‍ക്കു സ്വര്‍ഗ്ഗാനുഭൂതി നല്‍കി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ക്ഷീണവും വിശപ്പും ദാഹവുമൊക്കെ പമ്പ കടന്നെന്നു തോന്നി. അല്ലെങ്കില്‍ത്തന്നെ, മരിച്ചവര്‍ക്കെവിടെ വിശപ്പും ദാഹവും? ആവൂ, ഞാനക്കാര്യം മറന്നേ പോയി. മരണശേഷമുള്ള ജീവിതവുമായി പൊരുത്തപ്പെടാന്‍ എന്തായാലും കുറച്ചു സമയമെടുക്കുമല്ലോ.

ഒരു കാവല്‍ക്കാരന്‍ പറഞ്ഞു, "ഞാനകത്തു പോയി പറഞ്ഞിട്ടു വരാം."

അയാള്‍ പോയി. എനിക്കത്ഭുതം അടക്കാന്‍ കഴിയുന്നില്ല. ഉല്‍ക്കണ്ഠ എന്നെ കാര്‍ന്നു തിന്നുന്ന പോലെ തോന്നി. ഒടുവില്‍ തീരെ ക്ഷമ കെട്ടപ്പോള്‍, രണ്ടും കല്‍പ്പിച്ച് മറ്റേ കാവല്‍ക്കാരനോടു ചോദിച്ചു, അല്പം ജാള്യതയോടെ, "ക്ഷമിക്കണം, അറിയില്ലാത്തതുകൊണ്ടും, അറിയാന്‍ മോഹമുള്ളതുകൊണ്ടുമാണു ചോദിക്കുന്നത്, ഇതേതാണു സ്ഥലം? ഇതാരുടെ കൊട്ടാരമാണ്?"

അയാള്‍ സഹതാപപൂര്‍‌വം എന്നെ സൂക്ഷിച്ചു നോക്കി, പിന്നെ പറഞ്ഞു, "ഇതു വൈകുണ്ഠമാണ്, മഹാവിഷ്ണുവിന്റെ കൊട്ടാരമാണിത്."

എന്നിട്ടല്പം കൂടി മയപ്പെടുത്തി ചോദിച്ചു, "ഇനി മഹാവിഷ്ണു ആരാണെന്നു പറഞ്ഞു തരേണ്ടല്ലോ, വേണോ?"

ഒരു സ്വപ്നത്തിലെന്നപോലെ ഞാന്‍ പറഞ്ഞു, "വേണ്ട."

സമുദ്രം ഇളകി മറിഞ്ഞു വന്നു, പര്‍വ്വതങ്ങള്‍ തമ്മില്‍ കൂട്ടത്തല്ലു കൂടി, എന്നൊക്കെ കേട്ടിട്ടേയുള്ളു, ഞാനാ ഒരു നിമിഷത്തില്‍ അതിനപ്പുറവും ഒരുമിച്ചനുഭവിച്ചു. ഞാനെന്ന നിസ്സാരനായ, നിഷേധിയായ, താന്തോന്നിയായ ഒരു സാധാരണ മനുഷ്യന്‍ വൈകുണ്ഠത്തില്‍! മഹാവിഷ്ണുവിന്റെ സവിധത്തില്‍! എങ്ങനെ അമ്പരപ്പെടണമെന്നുപോലും എനിക്കറിയില്ലായിരുന്നു. എനിക്കു സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും ഭ്രാന്തു പിടിക്കുമെന്നു തോന്നി. അപ്പോഴേക്കും അകത്തു പോയ കാവല്‍ക്കാരന്‍ തിരിച്ചു വന്നു.

അയാള്‍ പറഞ്ഞു, "ചെല്ലാന്‍ പറഞ്ഞു."

"ആരാണു ചെല്ലാന്‍ പറഞ്ഞത്?" മരിച്ചിട്ടും എന്റെ ഹൃദയം പട പടാ അടിക്കുന്നതു ഞാനറിഞ്ഞു.

അയാള്‍ പറഞ്ഞു, "മഹാവിഷ്ണു."

"വരൂ", എന്നു പറഞ്ഞ് അയാള്‍ മുമ്പേ നടന്നു.

ഞാന്‍ ഒരു സ്വപ്നാടനത്തിലെന്നപോലെ അയാളെ അനുഗമിച്ചു. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ചില ഇടനാഴികളും മുറികളും മറ്റും കടന്ന് വിശാലമായ ഒരു ഇരിപ്പുമുറിയില്‍ പ്രവേശിച്ചു.
കാവല്‍ക്കാരന്‍ തിരിഞ്ഞു നോക്കിയിട്ടു വീണ്ടും പറഞ്ഞു, "വരൂ, വരൂ."

ആ മുറിയുടെ ഒത്ത നടുവില്‍ വട്ടത്തില്‍ നാലു സോഫകള്‍ (വൈകുണ്ഠത്തില്‍ അതിന് അങ്ങനെയാണോ പറയുന്നതെന്നൊന്നും എനിക്കറിയില്ല) ഇട്ടിരുന്നു. അതിലൊന്നില്‍ മഹാവിഷ്ണു ഇരുന്നിരുന്നു. "കൃഷ്ണാ, നാരായണാ, ഭഗവാനേ," അറിയാതെ ഉള്ളില്‍ വിളിച്ചുപോയി. ഇങ്ങനെ തന്നെ ആകുമോ പണ്ടു കുചേലന്‍ ഭഗവാനെ കണ്ടത്? അറിയില്ല. പക്ഷേ അന്നു മഹാവിഷ്ണുവിന്റെ കൂടെ ലക്ഷ്മീഭഗവതിയും ഉണ്ടായിരുന്നു. ഇപ്പോള്‍ ഭഗവാന്‍ തനിച്ചാണ്. (ഓ, കുചേലന്‍ കണ്ടത് കൃഷ്ണനെയാണല്ലോ, ഇതു സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണല്ലോ.) അനന്തശായിയായിട്ടല്ല ഭഗവാന്‍ എനിക്കു ദര്‍ശനം തന്നത്.

അദ്ദേഹത്തിനെതിരേയുള്ള സോഫയില്‍ അതിസുന്ദരനും ഒറ്റ നോട്ടത്തില്‍ തന്നെ വീരശൂരപരാക്രമിയെന്ന് നിസ്സംശയം ആരും സമ്മതിക്കുന്നവനുമായ ഒരാള്‍ ഇരിപ്പുണ്ടായിരുന്നു. ഒരു ചക്രവര്‍ത്തിയാണെന്ന് അദ്ദേഹത്തെ കാണുന്ന മാത്രയില്‍ തന്നെ ആര്‍ക്കും മനസ്സിലാകും.

മഹാവിഷ്ണു എന്നെ നോക്കി ഒരു ചെറു ചിരിയോടെ പറഞ്ഞു, "ഇരിക്കൂ".

പിന്നീട് ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. അവിടെ ഇരുന്നിരുന്ന ചക്രവര്‍ത്തിയെന്നു തോന്നിക്കുന്നയാളെ നോക്കി പറഞ്ഞു, "ഇതു ജയന്തന്‍ , താങ്കളുടെ ഒരു ഭാവി പ്രജയാണ്."

പിന്നീട് എന്നെ നോക്കി പറഞ്ഞു, "ഇതു മഹാബലി".

ഇതെന്തൊരു മറിമായം! പണ്ടെങ്ങോ ഈ മഹാവിഷ്ണു തന്നെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ മഹാബലി ഇപ്പോള്‍ ഇവിടെ വൈകുണ്ഠത്തില്‍? എല്ലാം ഭഗവാന്റെ മായാവിലാസങ്ങള്‍, അല്ലാതെന്തു പറയാന്‍ ?

ഞാന്‍ ഭഗവാന്‍ വിഷ്ണുവിനെ സാഷ്ടാംഗം നമസ്കരിച്ചു. ബലിയേയും ബഹുമാനപൂര്‍‌വ്വം താണു വണങ്ങി. സോഫയുടെ ഒരറ്റത്ത് വിനീതനായി ഇരിപ്പുറപ്പിച്ചു. ഇതൊക്കെ ഒരു സ്വപ്നമാണോ അതോ ശരിക്കും നടക്കുന്നതാണോയെന്ന് എനിക്ക് അപ്പോഴും അറിയില്ലായിരുന്നു.

വിഷ്ണു എന്നെ നോക്കി പറഞ്ഞു, "ഞങ്ങള്‍ ഒരു കാര്യം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതൊന്നു തീര്‍ത്തോട്ടെ?"

"ഓ, അങ്ങനെയാകട്ടെ," ഞാന്‍ പറഞ്ഞു.

എന്റെ ദേഹം മുഴുവന്‍ തരിച്ചു കയറുന്നതുപോലെ തോന്നി. ദേഹം തളരുന്നോ? ഈശ്വരാ, ഈ ഷോക്കില്‍ നിന്ന് ഞാനെന്നെങ്കിലും മുക്തി നേടുമോ? ഭഗവാനേ, ഈ സ്വപ്നത്തില്‍ നിന്ന് ഞാനുണരാതിരുന്നെങ്കില്‍!

ഞാന്‍ വരുന്നതിനു മുമ്പു സംസാരിച്ചിരുന്നതിനു തുടര്‍ച്ചയായി മഹാവിഷ്ണു ബലിയോടു പറഞ്ഞു, "ങ്ഹാ, പറയൂ, താങ്കളുടെ നൂറാമത്തെ യാഗത്തെപ്പറ്റിയാണല്ലോ നാം സംസാരിച്ചുകൊണ്ടിരുന്നത്. പറയൂ, എന്താണിതിനു താങ്കള്‍ക്കു വിഷമം? ഒരു യാഗം കൂടി നടത്തിയാല്‍ താങ്കള്‍ക്ക് ഇന്ദ്രതുല്യമായ പദവി കിട്ടുമെന്നറിയില്ലേ? എന്റെ പരമഭക്തനായിരുന്ന പ്രഹ്ലാദന്റെ പൗത്രന്‌ ഇന്ദ്രപ്പട്ടം സമ്മാനിക്കുന്നതില്‍ എനിക്കുള്ള സന്തോഷം അളവറ്റതാണ്. അതുകൊണ്ട് താങ്കള്‍ എത്രയും വേഗം ആ യാഗം നടത്തണം."

മഹാബലി പറഞ്ഞു, "പ്രഭോ, ഇന്ദ്രപ്പട്ടം കിട്ടിയാല്‍ പിന്നെ ഞാന്‍ ഇന്ദ്രതുല്യനാകുമെന്നും എനിക്കു മരണമില്ലെന്നും എക്കാലവും ഭൂമിയുടെ ചക്രവര്‍ത്തിയായി വാഴാമെന്നും അറിയായ്കയല്ല. പക്ഷേ, എനിക്ക് എക്കാലവും ഭൂമിയുടെ ചക്രവര്‍ത്തിയായിരിക്കാന്‍ താല്പര്യമില്ല ഭഗവാനേ. മാത്രമല്ല, അതെനിക്കു ബുദ്ധിമുട്ടുമാണ്. എന്നോടു ക്ഷമിച്ചാലും."

"അതിനെന്താണു കാരണം, മഹാബലീ? കാരണം ഞാനറിയുന്നതില്‍ വിരോധമില്ലല്ലോ?"

"ഭഗവാനേ, ഈ പതിന്നാലു ലോകത്തിലും ഒരു പുല്‍ക്കൊടിയോ പുഴുവോ പോലും അങ്ങയുടെ അറിവില്ലാതെ ചലിക്കുന്നില്ല. അങ്ങക്കറിയാത്തതായി ഒരിടത്തും ഒന്നുമില്ല. എങ്കിലും എന്നില്‍ നിന്നു തന്നെ അക്കാര്യം കേള്‍ക്കണമെങ്കില്‍ ഞാന്‍ പറയാം."

ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ട് അദ്ദേഹം എന്നെ ഒന്നു നോക്കി. തന്റെ ഒരു ഭാവി പ്രജയുടെ മുമ്പില്‍ ഇത്തരത്തില്‍ ഒരു കോലം കെട്ടേണ്ടി വന്നതില്‍ അദ്ദേഹത്തിനുള്ള ജാള്യത മുഴുവന്‍ ആ നോട്ടത്തിലുണ്ടായിരുന്നു.

വീണ്ടും ഭഗവാന്റെ നേരെ തിരിഞ്ഞ് അദ്ദേഹം തുടര്‍ന്നു, "അങ്ങക്കറിയാമല്ലോ, ഭൂമിയിലെ ജനങ്ങളെല്ലാം ഇന്ന് എത്ര സന്തുഷ്ടരാണെന്ന്. അവര്‍ക്കു വേണ്ടി ഞാന്‍ ചെയ്യാത്ത കാര്യങ്ങളില്ല. ദുഖമെന്താണെന്നു ഞാനെന്റെ പ്രജകളെ അറിയിച്ചിട്ടില്ല. അതിനുള്ള അവസരം ഞാനവര്‍ക്കു കൊടുത്തിട്ടില്ല. ഇക്കാരണം കൊണ്ടു തന്നെ ജനങ്ങളെല്ലാം സുഖലോലുപന്മാരായിക്കഴിഞ്ഞു. അവരിപ്പോള്‍ അലസതയുടെ പര്യായമാണ്. ദേഹമങ്ങി യാതൊരു വിധ ജോലിയും ചെയ്യാന്‍ ആരും തയ്യാറല്ല. വെറുതെയിരുന്നു സുഖിക്കണം. അതാണിപ്പോള്‍ എന്റെ പ്രജകളുടെ ആവശ്യം. ഈ സ്വഭാവത്തില്‍ നിന്ന് അവരെ മാറ്റിയെടുക്കാന്‍ എനിക്കാവില്ല. ചുരുക്കത്തില്‍ ഖജനാവു കാലിയായിരിക്കുന്നു, വരുമാനമൊട്ടില്ല താനും.

"എന്റെ പ്രജകളുടെ സന്തോഷം തല്ലിക്കെടുത്താന്‍ എനിക്കാവില്ല. അവരെ അവരുടെ ഇഷ്ടമനുസരിച്ച് പോറ്റാന്‍ എനിക്കാവില്ലെന്നു മനസ്സിലായ നിലക്ക് സ്വയം പിന്‍‌മാറുന്നതല്ലേ നല്ലത്? സിംഹാസനത്തില്‍ അള്ളിപ്പിടിച്ചു കിടക്കാനും എക്കാലവും ചക്രവര്‍ത്തിയായിരിക്കാനും എനിക്കൊരു താല്പര്യവുമില്ല. അതെന്നെക്കൊണ്ടു സാധിക്കയുമില്ല. എന്നോടു ക്ഷമിക്കണം. ഭഗവാനേ, ഈ ധര്‍മ്മസങ്കടത്തില്‍ നിന്ന് അങ്ങെന്നെ രക്ഷിക്കണം. രക്ഷിച്ചേ മതിയാവൂ.

"ഏവിടെയെങ്കിലും പോയി ഒളിക്കാമെന്നു വച്ചാല്‍ അതും നടക്കില്ല. ഭൂമിയില്‍ എവിടെ ചെന്നൊളിച്ചാലും എന്നെ എന്റെ പ്രജകള്‍ തിരിച്ചറിയും. കാട്ടിലോ, നാട്ടിലോ, കടലിലോ, മരുഭൂമിയിലോ പര്‍‌വതശിഖരങ്ങളിലോ എന്നു വേണ്ട, എവിടെപ്പോയി ഒളിച്ചാലും ഒരു കാര്യവുമില്ല. അവിടെയെല്ലാം അവരെത്തും. എന്നെ കൊണ്ടുപോയി സിംഹാസനത്തില്‍ ഇരുത്തുകയും ചെയ്യും."

മഹാബലിയുടെ കണ്ഠം ഇടറാന്‍ തുടങ്ങി. ആ കണ്ണുകളില്‍ നിന്ന് ഒന്നു രണ്ടു നീര്‍ത്തുള്ളികള്‍ അടര്‍ന്നു വീണു. മഹാബലി അല്പനേരത്തേക്ക് ഒന്നും മിണ്ടാതെ നിശ്ശബ്ദനായിരുന്നു. അദ്ദേഹത്തിനു തന്റെ പ്രജകളോടുള്ള സ്നേഹവും വാല്‍സല്യവും മുഴുവന്‍ ആ കണ്ണുനീരില്‍ കാണാമായിരുന്നു.

മഹാവിഷ്ണു ഒന്നും പ്രതികരിച്ചില്ല. പക്ഷേ അദ്ദേഹം ചിന്താധീനനായി കാണപ്പെട്ടു. അല്പം കഴിഞ്ഞ് മഹാബലി വീണ്ടും ഭഗവാനോടപേക്ഷിച്ചു, "എനിക്കീ ഭരണം മതിയായി, പ്രഭോ. അതുകൊണ്ട് താങ്കള്‍ ഇതിനെന്തെങ്കിലും പരിഹാരം കാണണം, കണ്ടേ മതിയാവൂ."

മഹാവിഷ്ണു അല്പനേരത്തിനു ശേഷം ബലിയോടു ചോദിച്ചു, "താങ്കള്‍ ഭരണത്തില്‍ നിന്നു മാറി നിന്നാല്‍ എന്തു പ്രയോജനമുണ്ടാകുമെന്നാണു താങ്കള്‍ പറയുന്നത്? മറ്റൊരാള്‍ വന്നാലും ഇതു തന്നെയാവില്ലേ ഗതി?"

"അങ്ങനെ പറഞ്ഞെന്നെ ഒഴിവാക്കാന്‍ ശ്രമിക്കല്ലേ, പ്രഭോ. മറ്റൊരാള്‍ ചക്രവര്‍ത്തിയായാല്‍ ഞാന്‍ ചെയ്തതുപോലെയുള്ള മണ്ടത്തരങ്ങള്‍ കാണിക്കാന്‍ സാദ്ധ്യതയില്ല. സുഖലോലുപന്‍‌മാരും അലസന്‍‌മാരുമായിരിക്കാന്‍ മറ്റൊരു ചക്രവര്‍ത്തിയും അവരെ അനുവദിക്കല്ലേയെന്നൊരു പ്രാര്‍ഥന കൂടിയുണ്ട്."

ഭഗവാന്‍ വിഷ്ണു അല്പനേരം ആലോചിച്ചിരുന്നു. തന്റെ തീരുമാനത്തില്‍ നിന്നു ബലിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടു കാര്യമില്ലെന്നു തോന്നിയിട്ടായിരിക്കാം, അദ്ദേഹം ഇങ്ങനെ പറഞ്ഞു, "ങ്ഹൂം, ശരി. പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മറ്റുള്ളവരും പരിഹാരം കാണാന്‍ ഈയുള്ളവനും. അങ്ങനെയാണല്ലോ പണ്ടു മുതലേയുള്ള പതിവ്. ഇതിനും ഞാന്‍ തന്നെ പരിഹാരം കാണാം. അല്ലാതെ നിവൃത്തിയില്ലല്ലോ. താങ്കള്‍ ഒരു കാര്യം ചെയ്യൂ. ഭൂമിയില്‍ തിരിച്ചു ചെന്നിട്ട് താങ്കളുടെ നൂറാമത്തെ യാഗത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കൊള്ളൂ."

മഹാബലി വിഷമത്തിലായി. അദ്ദേഹം പറഞ്ഞു, "ഭഗവാനേ, അങ്ങെന്താണീ പറയുന്നത്? ആ യാഗം ചെയ്യാനുള്ള വൈമനസ്യത്തിന്റെ കാര്യമല്ലേ ഞാന്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്?"

വിഷ്ണു പറഞ്ഞു, "ഹ, തോക്കില്‍ക്കയറി വെടി വയ്ക്കാതെ, മഹാരാജാവേ. പറയുന്നതു കേള്‍ക്കൂ."

മഹാബലി ഒന്നന്ധാളിച്ചു. "തോക്കില്‍ക്കയറി? അതു മനസ്സിലായില്ലല്ലോ."

വിഷ്ണു ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് എന്നോടു ചോദിച്ചു, "എന്താ, താങ്കള്‍ക്കു മനസ്സിലായോ തോക്കില്‍ക്കയറി വെടി വയ്ക്കുന്ന കാര്യം?"

ഞാന്‍ വിനീതനായി പറഞ്ഞു, "ഉവ്വ്, പ്രഭോ, അടിയനു മനസ്സിലായി."

എന്റെ മറുപടി മഹാബലിയെ വല്ലാതെ ചൊടിപ്പിച്ചെന്നു തോന്നി. ഭൂമി മുഴുവന്‍ അടക്കി ഭരിക്കുന്ന തനിക്കറിയാത്തത് അവിടെ നിന്നും മരിച്ചു വന്നിരിക്കുന്ന ഈ നിസ്സാര മനുഷ്യനറിയാമെന്നോ? അങ്ങനെ വിട്ടുകൊടുക്കുവാന്‍ ബലി തയ്യാറായിരുന്നില്ല.

അദ്ദേഹം തന്റെ കണ്ണുകളടച്ചു. എന്നിട്ട് ദിവ്യദൃഷ്ടി തുറന്നു ഭൂമിയുടെ ഭാവിയിലേക്കൊന്നു കണ്ണോടിച്ചു. കളിത്തോക്കു മുതല്‍ ബോഫോര്‍സും പീരങ്കിയും വരെയുള്ള തോക്കുകള്‍ അദ്ദേഹത്തിനു ദൃഷ്ടിഗോചരമായി എന്നു മുഖത്തെ ഭാവങ്ങള്‍ വ്യക്തമാക്കി. ആഹ്ലാദവും ദു:ഖവും അത്ഭുതവും എല്ലാം ആ മുഖത്തു മാറി മാറി വന്നുകൊണ്ടിരുന്നു. നവരസങ്ങളേക്കാള്‍ എത്രയോ കൂടുതല്‍ ഭാവങ്ങളാണ് ആ മുഖത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തെളിഞ്ഞത്!

ഒടുവില്‍ കണ്ണു തുറന്ന് അദ്ദേഹം വിജയഭാവത്തില്‍ പറഞ്ഞു, "ഇപ്പോള്‍ എനിക്കും മനസ്സിലായി തോക്കില്‍ കയറി വെടി വയ്ക്കുന്നത് എന്താണെന്ന്. ഇനി പറഞ്ഞോളൂ."

ഭഗവാന്‍ തുടര്‍ന്നു, "ആദ്യം പറഞ്ഞതുപോലെ, താങ്കള്‍ താങ്കളുടെ നൂറാമത്തെ യാഗത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യണം. യാഗം നടക്കുമ്പോള്‍ ഞാന്‍ വാമനവേഷത്തില്‍ യാഗശാലയിലെത്തും. തപസ്സു ചെയ്യാന്‍ മൂന്നടി ഭൂമി വേണമെന്നാവശ്യപ്പെടും. താങ്കളതു സമ്മതിക്കണം. താങ്കളുടെ ഗുരു ശുക്രാചാര്യര്‍ ഈ ദാനം നടത്തുന്നതില്‍ നിന്നു താങ്കളെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിക്കും. താങ്കള്‍ ഒട്ടും വിട്ടുകൊടുക്കരുത്. പിന്നീട് രണ്ടടി കൊണ്ട് സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും ഞാന്‍ അളക്കും. മൂന്നാമത്തെ അടി എവിടെ വയ്ക്കണമെന്നു ഞാന്‍ ചോദിക്കും. അപ്പോള്‍ താങ്കളുടെ തലയില്‍ത്തന്നെ പാദം വച്ച് മൂന്നാമത്തെ അടി അളന്നെടുത്തുകൊള്ളുവാന്‍ പറയണം. ഞാന്‍ താങ്കളെ അങ്ങനെ പാതാളത്തിലേക്കയക്കാം. അവിടെ താങ്കള്‍ക്ക് എന്നെന്നും സുഖമായി വസിക്കാം. എന്റെ പാദസ്പര്‍ശമേല്‍ക്കുകമൂലം താങ്കള്‍ അമരനായി ഭവിക്കുകയും ചെയ്യും. പാതാളത്തിന്റെ അധിപനായി എക്കാലവും വാഴാം. എന്താ, അതു പോരേ?"

മഹാബലിക്കു സന്തോഷം അടക്കാനായില്ല. "ഞാന്‍ ധന്യനായി, പ്രഭോ. അങ്ങെന്നേയും എന്റെ പ്രിയപ്പെട്ട പ്രജകളേയും രക്ഷിച്ചു."

അപ്പറഞ്ഞത് എനിക്കു മനസ്സിലായില്ല. ഞാനൊന്നു മുരടനക്കി. ഇരുവരും എന്റെ നേരെ തിരിഞ്ഞു. "എന്താണു താങ്കള്‍ക്കു പറയാനുള്ളത്?" മഹാവിഷ്ണുവാണു ചോദിച്ചത്.

"ക്ഷമിക്കണം, ഞാനിടക്കു കയറി പറയുന്നതു മാപ്പാക്കണം. അല്ല, മഹാബലി ചക്രവര്‍ത്തി പാതാളത്തിലേക്കു പോയാല്‍ അദ്ദേഹത്തിന്റെ പ്രജകള്‍ക്കു രക്ഷ കിട്ടുമെന്നു പറഞ്ഞത് മനസ്സിലായില്ല. അതൊന്നു വിശദീകരിച്ചാല്‍ ഈയുള്ളവന്‍ ധന്യനാകുമായിരുന്നു."

മഹാവിഷ്ണു ബലിയെ നോക്കി, ബലി എന്നേയും. എന്നിട്ടദ്ദേഹം പറഞ്ഞു, "ഞാന്‍ ഭൂമിയില്‍ നിന്നു പോയാല്‍ ജനങ്ങളുടെ സ്വഭാവത്തിനു വളരെ മാറ്റം വരും. സുഖലോലുപതയും അലസതയും അവരെ വിട്ടു പോകും. സ്വന്തം കാര്യങ്ങള്‍ സ്വയം നോക്കി നടത്താറാകും. അങ്ങനെ അവര്‍ രക്ഷപ്പെടും. ഞാന്‍ അവരെ ഭരിക്കുന്നിടത്തോളം കാലം അവര്‍ അതു ചെയ്യുകയില്ല."

ഞാനൊന്നും മിണ്ടിയില്ല. പാവം മഹാബലി! അദ്ദേഹത്തിന്റേത് ഒരിക്കലും യാഥാര്‍ദ്ധ്യമാകാത്ത ഒരു ദിവാസ്വപ്നമാണെന്നു പറഞ്ഞ് അദ്ദേഹത്തെ വിഷമിപ്പിക്കാന്‍ എനിക്കു തോന്നിയില്ല. അദ്ദേഹത്തിനു സ്വന്തം പ്രജകളോടുള്ള വാത്സല്യവും അവരിലുള്ള വിശ്വാസവും അങ്ങനെ തന്നെ ഇരിക്കട്ടെ. അതിനു കോട്ടമേല്‍പ്പിക്കുവാന്‍ എനിക്കു മനസ്സു വന്നില്ല.

അല്ലെങ്കില്‍ ഞാന്‍ പറഞ്ഞേനെ, "ഭാവിയില്‍ ഭൂമിയില്‍ ആരും സ്വയം അദ്ധ്വാനിക്കില്ല. മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ ഫലം ആസ്വദിക്കാനാണ് എല്ലാവര്‍ക്കും താല്പര്യം. പാവപ്പെട്ടവരേയും നിസ്സഹായരേയും ദുര്‍ബ്ബലരേയും മുതലെടുക്കുവാനും അവരെ ചവിട്ടിത്താഴ്ത്താനുമാണ് എല്ലാവര്‍ക്കും ഉത്സാഹം. മനുഷ്യന്‍ പരസ്പരം മല്‍സരിച്ചു മല്ലടിച്ച് നാമാവശേഷമാകുന്ന കാലം വിദൂരമല്ല."

എനിക്കൊരു കാര്യം കൂടി മഹാബലിയോടു ചോദിക്കണമെന്നുണ്ടായിരുന്നു. ഭാവിയിലേക്കു ദൃഷ്ടികള്‍ പായിച്ച് തോക്കുകള്‍ ദര്‍ശിച്ച അദ്ദേഹം എന്തേ അതേ തോക്കുകളുടെ മുമ്പില്‍ പിടഞ്ഞു വീഴുന്ന മനുഷ്യരേയും പീരങ്കികള്‍ക്കു മുമ്പില്‍ തകര്‍ന്നടിയുന്ന കെട്ടിടങ്ങളേയും കാണാത്തത്? പ്രകൃതിയെ സ്വന്തം മാതാവായി കാണാതെ അതിനെ ചുട്ടുകരിക്കുകയും ക്രൂരമായി ബലാല്‍സംഗം ചെയ്യുകയും ചവിട്ടി മെതിക്കുകയും ചെയ്യുന്ന മനുഷ്യരെ എന്തേ അദ്ദേഹം കാണാത്തത്?

നമുക്കാര്‍ക്കും ദിവ്യദൃഷ്ടി ഇല്ലാത്തതുകൊണ്ടായിരിക്കാം അതിന്റെ പ്രവര്‍ത്തനം അറിയില്ലല്ലോ. ഒരു പക്ഷേ എന്തു കാണാന്‍ വേണ്ടി നോക്കുന്നുവോ അതു മാത്രമേ കണുകയുള്ളായിരിക്കും. അല്ലെങ്കില്‍ കണ്ടിട്ടും കാണാത്തതായി അദ്ദേഹം നടിച്ചതായിരിക്കും. എന്തോ, എനിക്കറിയില്ല.

മഹാബലി സസന്തോഷം യാത്ര പറഞ്ഞു പോയതിനു ശേഷം മഹാവിഷ്ണു എന്നെ കിടപ്പറയിലേക്കു നയിച്ചു. "ഇവിടെ കിടന്നോളൂ, നാളെ കാണാം." അദ്ദേഹം പോയി.

**********

"അച്ഛാ, അച്ഛാ," ആരോ കുലുക്കി വിളിച്ചു. വളരെ വിഷമിച്ചു കണ്ണു തുറന്നപ്പോള്‍ മുമ്പില്‍ കണ്ണന്‍ .

"ഇതെന്തൊരുറക്കമാണച്ഛാ? ഗായത്രിയുടെ ഓണപ്പരിപാടിക്കു പോകണ്ടേ? ഇപ്പോള്‍ത്തന്നെ വൈകി. ഒന്നു വേഗം തയ്യാറാകൂ." 

2013, നവംബർ 2, ശനിയാഴ്‌ച

ഓണം അന്നും ഇന്നും

നാല്പതു വര്‍ഷത്തിനു ശേഷമാണ്‌ ഈ വര്‍ഷം ഓണത്തിനു നാട്ടില്‍ പോകാന്‍ അവസരം ലഭിച്ചത്. അമ്മാവന്റെ മകന്റെ വിവാഹമായിരുന്നു. പൂരാടത്തിന്‌ അയനിയൂണ്‌, ഉത്രാടത്തിന്റെ അന്ന് വിവാഹം. പക്ഷേ വിവാഹാനന്തരം ഓണവും ആഘോഷിച്ചു തിരിച്ചു പോന്നപ്പോള്‍ മനസ്സില്‍ സംതൃപ്തിയേക്കാള്‍ കൂടുതല്‍ നിരാശാബോധമായിരുന്നെന്നു പറയാതെ വയ്യ. ഓണത്തിനു നാട്ടില്‍ പോകേണ്ടിയിരുന്നില്ലെന്നു പോലും തോന്നിപ്പോയി. ഓണമെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഉണ്ടാകാറുള്ള സന്തോഷം, ഉല്‍സാഹം, ആവേശം - അതൊക്കെ എവിടെപ്പോയി? ആവോ, അറിയില്ല.

പാറ്റ, ഉറുമ്പ്, എലികള്‍ തുടങ്ങിയവയുടെ സ്നേഹപൂര്‍‌വമുള്ള ആതിഥ്യവും സ്വീകരിച്ചു കേരള എക്സ്പ്രെസ്സില്‍ ഡല്‍ഹിക്കു തിരിച്ചു പോരുമ്പോള്‍ അര നൂറ്റാണ്ടു മുമ്പു കൊണ്ടാടാറുള്ള ഓണത്തിന്റെ ഓ ര്‍‌മ്മകള്‍ മനസ്സില്‍ അലയടിച്ചു.

അന്ന് അച്ഛനും അമ്മയുമുണ്ടായിരുന്നു ഞങ്ങളുടെ കൂടെ ഓണമാഘോഷിക്കാന്‍. ഇന്ന് അവര്‍‌ രണ്ടു പേരും ഇല്ല. എന്തൊരുല്‍സാഹമായിരുന്നു അന്നൊക്കെ ഓണക്കാലമടുക്കുമ്പോള്‍! എത്രയോ ദിവസം മുമ്പേ മനസ്സു തുള്ളിച്ചാടാന്‍ തുടങ്ങും! ആഴ്ചകളും ദിവസങ്ങളുമല്ല, മണിക്കൂറുകള്‍ പോലും എണ്ണി കണക്കാക്കി കാത്തിരിക്കാറുണ്ട്, അത്തം വന്നണയാന്‍ . 

അത്തം വന്നു പിറന്നാല്‍ പിന്നെ ഇരിക്കപ്പൊറുതിയില്ല. ആവേശം മൂലം എന്തു ചെയ്യണമെന്നു തന്നെ അറിയാത്ത ഒരവസ്ഥ! അത്തത്തിനു തലേ ദിവസം രാവിലെ മുതലെ അമ്മയുടെ പിറകെ നടക്കും, പൂക്കളം ഒരുക്കേണ്ടിടത്തു ചാണകം മെഴുകാന്‍ . മുന്വശത്തെ മുറ്റത്തു ചെത്തി മിനുക്കി നിരപ്പാക്കിയ മെഴുകിയ സ്ഥലത്താണ് പൂവിടുക. അമ്മയാണ്‌ വൃത്തിയായി മെഴുകിത്തരിക. ഇപ്പോല്‍ മെഴുകാന്‍ ചാണകമെവിടെ? ചാണകമിടാന്‍ പശുക്കളും കാളകളും എവിടെ? പശുക്കളെ മേയ്ക്കാന്‍ പുല്‍മേടുകളെവിടെ? അവയെ മേയ്ക്കാനും പോറ്റാനും സമയമെവിടെ?

അത്തം നാളില്‍ രാവിലെ കുളിച്ചു തയ്യാറായി അമ്മ പുതുതായി മെഴുകിയുണ്ടാക്കിയ ചെറിയ വൃത്തത്തിന്റെ ഒത്ത നടുവില്‍ ഒരു തുളതിയില വയ്ക്കും. പിന്നീട് അതു മൂടി ഒരു കൈക്കുടന്ന തുമ്പപ്പൂ കൂന കൂട്ടി വയ്ക്കും. അന്ന് അത്ര മാത്രം. പിറ്റേന്നാകട്ടെ തലേ ദിവസം ചെയ്തതൊക്കെ ആവര്‍ത്തിക്കും. തലേന്നിട്ട പൂക്കള്‍ വാരിക്കളഞ്ഞ് വീണ്ടും മെഴുകി പൂക്കളമൊരുക്കും. തുമ്പപ്പൂവിന്റെ ചുറ്റും വൃത്തത്തില്‍ ഒരു വരി കൂടി പൂവിടും.

പൂരാടം വരെ ഓരോ ദിവസവും ഇത് ആവര്‍‌ത്തിക്കും ഓരോ ദിവസവും പൂക്കളം ഓരോ വരി കൂടുതല്‍ വലുതായിക്കൊണ്ടിരിക്കും. അതനുസരിച്ച് പൂക്കളുടെ തരവും നിറവും ആകൃതിയും അളവും കൂടിക്കൊണ്ടിരിക്കും. പൂക്കള്‍ ധാരാളമുണ്ടെങ്കില്‍ ചിലപ്പോള്‍ ഒന്നിനു പകരം രണ്ടോ മൂന്നോ വരികള്‍ കൂട്ടിയിട്ടെന്നു വരും. എത്ര വലിയ പൂക്കളമാണെങ്കിലും പിറ്റേന്ന് അതിനേക്കാള്‍ വലിയ പൂക്കളമായിരിക്കണമെന്നാണ് എഴുതപ്പെടാത്ത നിയമം. ഒടുവില്‍ ഉത്രാടത്തിന്‍ നാള്‍ സകല കഴിവുകളും സംഭരിച്ച് ഏറ്റവും വലിയ പൂക്കളം തയ്യാറാക്കും. രണ്ടു മീറ്ററോ തിലധികമോ ഡയമീറ്ററുള്ള പൂക്കളങ്ങള്‍ അന്നു ധാരാളമായി കാണുവാന്‍ സാധിക്കുമായിരുന്നു.

ഊണു കഴിഞ്ഞാല്‍ പുറപ്പെടുകയായി പൂക്കൂടയുമെടുത്ത്, പിറ്റേ ദിവസത്തേയ്ക്കു പൂക്കളിറുക്കുവാന്‍ . കവുങ്ങിന്റെ പാള പാകത്തിനു മുറിച്ച് വളച്ച് അതിന്റെ വശങ്ങള്‍ രണ്ടും തുന്നിച്ചേര്‍ത്ത് ഒരു വള്ളിയും കെട്ടിയാല്‍ പൂക്കൂടയായി. അച്ഛനാണു പൂക്കൂടയുണ്ടാക്കിത്തരിക. പിന്നീട് ഏട്ടനും പഠിച്ചു, പൂക്കൂടയുണ്ടാക്കാന്‍. ഏട്ടന്‍ അങ്ങനെയാണ്, എല്ലാക്കാര്യങ്ങളും വേഗം പഠിക്കും. എന്നിട്ട് അത് ഉല്‍സാഹത്തൊടെ പ്രാവര്‍ത്തികമാക്കുകയും ചെയ്യും. ഏട്ടന്‍ എന്നെപ്പോലെ മടിയനല്ല, അന്നും ഇന്നും. 

അന്നത്തെ രീതിയിലുള്ള 'സാധാരണ' പൂക്കളങ്ങള്‍ ഇന്നു കാണാന്‍ തന്നെ പറ്റുമോയെന്നറിയില്ല. ഇപ്പോളെല്ലാം 'ഡിസൈനര്‍‌' പൂക്കളങ്ങളാണ്. സന്ദേശം കൊടുക്കുന്നവയും രാഷ്ട്രീയ പ്രേരിതമായവയും മറ്റും. വീടുകളേക്കാള്‍ കൂടുതല്‍ ക്ലബ്ബുകളിലും പത്രമാഫീസുകളിലും ടിവി ചാനലുകളുടെ ഓഫീസുകളിലും മറ്റുമാണ് ഇന്നു പൂക്കളങ്ങള്‍ കാണാന്‍ കഴിയുക. അവയാണെങ്കിലോ, എല്ലാം മല്‍സരങ്ങളാണു താനും. വിപണീകരണത്തിന്റെ മറ്റൊരു വശം.

കോട്ടയം ജില്ലയിലെ വെളിയന്നൂര്‍ എന്ന ചെറിയ ഗ്രാമത്തിലായിരുന്നു എന്റെ ചെറിയ ഇല്ലം (ബ്രാഹ്മണരുടെ വീടിന് ഇല്ലം, മഠം എന്നൊക്കെയാണു പറയുക)  അന്നുണ്ടായിരുന്ന ആ ഇല്ലം ഇപ്പോഴുമുണ്ട്. പക്ഷേ ഇന്ന് അതിന്റെ ഉടമസ്ഥര്‍ ഞങ്ങളല്ല. കുളത്തിന്റെ കരയില്‍ നിന്നു നോക്കിയാല്‍ ഇപ്പോഴും ആ ഇല്ലം കാണാം. നാട്ടില്‍ ചെല്ലുമ്പോളൊക്കെ ആ കുളത്തില്‍ കുളിക്കുന്നതു പതിവാണ്. എത്രയോ തവണ കുളത്തിന്‍ കരയില്‍ നിന്ന് അന്നത്തെ ആ ഇല്ലം നോക്കി നെടുവീര്‍‌പ്പിട്ടിരിക്കുന്നു! 

അന്നു ഇല്ലത്തിനു ചുറ്റുപാടും ധാരാളം ചെടികളും മരങ്ങളുമുള്ള കൊച്ചു കൊച്ചു കുറ്റിക്കാടുകള്‍ ഉണ്ടായിരുന്നു. അവിടെയാണു ഞങ്ങള്‍ പൂക്കള്‍ പറിക്കാന്‍ പോകുക - ഏട്ടനും ഒപ്പോളും (ചേച്ചി) അനുജത്തിയും ഞാനും. ദൂരെയെവിടെയെങ്കിലും പോകുകയാണെങ്കില്‍ അനുജത്തിയെ കൊണ്ടു പോകാറില്ല. അന്നവള്‍ കൊച്ചു കുട്ടിയായിരുന്നു. (ഇന്നവള്‍ രണ്ട് ഓമന കുരുന്നുകളുടെ മുത്തശ്ശിയാണ്.) 

എത്ര തരം പൂക്കളാണ് അന്നു ശേഖരിച്ചിരിന്നത്! ചെമ്പരത്തിപ്പൂവ്, ചെത്തിപ്പൂവ്, കൊങ്ങിണിപ്പൂവ്, തുളസിപ്പൂവ്, മല്ലിപ്പൂവ്, മന്ദാരപ്പൂവ്, ശംഖുപുഷ്പം, വീണ്ടപ്പൂവ്, പിന്നേയും എത്ര എത്ര തരം പൂക്കള്‍! കൊച്ചു കൊച്ചു മരങ്ങളില്‍ പടര്‍ന്നു പന്തലിച്ചു കിടന്നിരുന്ന വള്ളിപ്പടര്‍പ്പുകളില്‍ വലിഞ്ഞു കേറി പൂക്കള്‍ പറിക്കാന്‍ എത്ര ആവേശമായിരുന്നു! അന്നന്നു പറിക്കേണ്ട പൂക്കളാണധികവും. രാവിലെ നാലു മണിക്കെണീറ്റിട്ടാണ് അവ ശേഖരിക്കുക. വെളിച്ചത്തിനു വേണ്ടി ചൂട്ടു കത്തിച്ചു പിടിക്കും. അന്നു ഞങ്ങള്‍ക്കു ടോര്‍ച്ച് ആഡംബരമായിരുന്നു. ഞങ്ങളുടെ കൊച്ചു ഗ്രാമത്തില്‍ വൈദ്യുതി വരാന്‍ പിന്നേയും എത്രയോ വര്‍ഷങ്ങള്‍ ഞങ്ങള്‍ കാത്തിരുന്നു!

അന്നു പൂക്കള്‍ പറിച്ചിരുന്ന ചെടികളോ മരങ്ങളോ ഇന്നില്ല. ചെടികളെല്ലാം വെട്ടിത്തെളിച്ചു - കൃഷി ചെയ്യാന്‍ , വീടുകള്‍ വയ്ക്കാന്‍ , അല്ലെങ്കില്‍ റോഡുകള്‍ പണിയാന്‍ . അന്നത്തെ ശാന്തസുന്ദരമായ ഗ്രാമത്തിന്റെ ഒരു വെറും നിഴലായി മാറിയിരിക്കുന്നു ഇന്നത്തെ ഗ്രാമം. ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു.

അന്ന് ഏറ്റവും അടുത്തുള്ള ഗതാഗതയോഗ്യമായ നിരത്തിലേക്ക് ഇല്ലത്തു നിന്ന് അര കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. ഇന്നാകട്ടെ മിക്കവാറും എല്ലാ വീടുകളിലും ഒരു കാറെങ്കിലുമുണ്ട്. അത് വീടിന്റെ അങ്കണത്തില്‍ തന്നെ പാര്‍ക്കു ചെയ്യുകയും ചെയ്യുന്നു. ഗ്രാമം പുരോഗമിച്ചെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ, അന്നത്തെ ശാന്തത, ശാലീനത, കുലീനത, ഇവയെല്ലാം നഷ്ടമായെന്നു പറയാതെ തരമില്ല. ങ്ഹാ, സമയം മുന്നോട്ടല്ലാതെ പിന്നോട്ടു സഞ്ചരിക്കുകയില്ലല്ലോ. ഒന്നു നഷ്ടപ്പെടാതെ മറ്റൊന്നു നേടാനും ആവില്ലല്ലോ. അന്നു ഞങ്ങള്‍ കുട്ടികളിലുണ്ടായിരുന്ന ആവേശവും ഉല്‍സാഹവും ഇന്നത്തെ കുട്ടികളില്‍ ഇല്ല തന്നെ. ഇന്നു നഗരങ്ങളെ വിഴുങ്ങിക്കഴിഞ്ഞ കൃത്രിമത്വം, പൊള്ളയായ പ്രകടനം തുടങ്ങിയവ കൊച്ചു കൊച്ചു ഗ്രാമങ്ങളേയും ഗ്രസിച്ചു തുടങ്ങിയിരിക്കുന്നു. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍ !

അന്നു പതിനഞ്ചോ ഇരുപതോ തരം പൂക്കള്‍ ഭംഗിയായി വിരിച്ചിരുന്ന സ്ഥാനത്ത് ഈ വര്‍ഷം കാണാന്‍ കഴിഞ്ഞത് രണ്ടോ മൂന്നോ തരം പൂക്കള്‍ മാത്രം! അതും തമിഴ്നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്തതാണത്രേ! ഓണപ്പൂക്കളമൊരുക്കാന്‍ പൂക്കള്‍ പണം കൊടുത്തു വാങ്ങേണ്ടി വരുന്ന കാലം സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല അന്നൊക്കെ. ഇന്ന് അങ്ങനെയല്ലാതെയും ചിന്തിക്കാന്‍ കഴിയുന്നില്ല. 

കാലം പോയ പോക്കേ!

അന്ന് ഓണം തികച്ചും കുടുംബപരമായ ആഘോഷമായിരുന്നു. എല്ലാ വീടുകളിലും ആഘോഷിച്ചിരുന്നതുകൊണ്ട് കേരളത്തില്‍ ആകമാനം നിറഞ്ഞിരുന്നെന്നു മാത്രം. ഓണസ്സദ്യ ഓണാഘോഷത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നു. ഇന്നും അത് അങ്ങനെ തന്നെ. ഓരോ ആഘോഷങ്ങളോടു ബന്ധപ്പെട്ട് സദ്യകള്‍ പതിവുണ്ടെങ്കിലും ഓണസ്സദ്യയുടെ പ്രാധാന്യം ഒന്നു വേറെ തന്നെയാണ് . പക്ഷെ അതിനുമുണ്ട് ഒരു വ്യത്യാസം. അന്നു സ്വന്തം കുടുംബങ്ങളിലായിരുന്നു സദ്യയെങ്കില്‍ ഇന്നതിന്റെ സ്ഥാനം ഹോട്ടലുകളിലേക്കും ക്ലബ്ബുകളിലേക്കും മാറി. ഓണസ്സദ്യ പകര്‍ച്ചയായി വീടുകളിലെത്തിക്കുന്നതും അപൂര്‍‌വമല്ലാതായിരിക്കുന്നു. 

ഓണം തികച്ചും ഒരു കുടുംബ ആഘോഷം എന്നതില്‍ നിന്നു വ്യതിചലിച്ച് (പുരോഗമിച്ച് എന്നു പറയാന്‍ , എന്തോ മനസ്സു വരുന്നില്ല) ഒരു സാമൂഹ്യാഘോഷവും വിപണനോപാധിയുമായി മാറിയിരിക്കുന്നു. മലയാള മണ്ണില്‍ നിന്ന് ആയിരക്കണക്കിനു മൈലുകള്‍ക്കകലെ, പൊങ്ങച്ചവും അഭിനയവും കൊടി കുത്തി വാഴുന്ന; ആത്മാര്‍ഥത, സ്നേഹം, സഹകരണം, ദയ, തുടങ്ങിയ മൃദുലവികാരങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാത്ത, അല്ലെങ്കില്‍ അതിനൊന്നും സമയം കണ്ടെത്താന്‍ കഴിയാത്ത; നഗരങ്ങളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ ഓണത്തിന് ഒത്തു കൂടുന്നതും ആ ഒത്തുകൂടല്‍ ആഘോഷമാക്കി മാറ്റുന്നതും മനസ്സിലാക്കാം. എന്നാല്‍ കേരളത്തില്‍ കൊച്ചു കൊച്ചു ഗ്രാമങ്ങളില്‍ പോലും ക്ലബ്ബുകളും അവ നടത്തുന്ന ഓണാഘോഷ പ്രഹസങ്ങളും കണ്ടപ്പോള്‍ ദു:ഖം തോന്നിയെന്നു പറയാതിരിക്കാന്‍ വയ്യ. ഇത്തരത്തിലുള്ള ആഘോഷങ്ങളില്‍ പല തരത്തിലുള്ള മല്‍സരങ്ങളും മറ്റും നടത്താറുണ്ട്. ഇവക്കെല്ലാം വ്യക്തികളില്‍ നിന്നും സ്ഥാപങ്ങളില്‍ നിന്നും പിരിവും നടത്താറുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഓണവും മറ്റെല്ലാത്തിനേയും പോലെ ഒരു വിപണനോപാധിയായി മാറിക്കഴിഞ്ഞു. എവിടെ നിന്നോ ഒരു തേങ്ങല്‍ ഉയര്‍‌ന്നോ? 

അച്ഛനേയും അമ്മയേയും പോലും വിപണനോപാധിയാക്കുകയും അവര്‍ക്കു വേണ്ടി വര്‍ഷത്തില്‍ ഓരോ ദിവസം മാറ്റി വയ്ക്കുകയും ചെയ്യുന്ന നാം ഇങ്ങനെയൊക്കെ ആയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!  

2013, നവംബർ 1, വെള്ളിയാഴ്‌ച

പാഠം ഒന്ന്, ഒരു ബ്ലോഗ്

ഇന്നു കേരളപ്പിറവി.

മലയാളത്തില്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ ഇന്നു നല്ല ദിവസമാണെന്നു തോന്നി.

ബ്ലോഗിന്റെ ഉപതലക്കെട്ടില്‍ പറഞ്ഞിരിക്കുന്നതു പോലെ ഇതില്‍ എന്റെ വികൃതികള്‍ മാത്രമേ വായിക്കാന്‍ കഴിയൂ. 

ഞാനൊരു മടിയനനാണ്. അതുകൊണ്ട് വല്ലപ്പോഴുമൊക്കെയേ എഴുതൂ.